ബെംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കലിലും പൊളിച്ചുനീക്കലിലും പ്രതികരിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദിന്റെ രൂക്ഷ വിമർശനം. കേരള മുഖ്യമന്ത്രിക്ക് അത്ര സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾക്ക് സാമ്പത്തിക സഹായവും വീടുകളും നൽകട്ടെയെന്നും എന്തെങ്കിലും സഹായം ജനങ്ങൾക്ക് ചെയ്യട്ടെയെന്നും കർണാടകയിലെ ഹൗസിങ് മന്ത്രി കൂടിയായ സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
കേരള മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിനായി വിഷയം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത് അനുസരിച്ചാണ് താൻ കോഗിലു ലേഔട്ട് സന്ദർശിച്ചതെന്നും നാളെ ഒരു യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും സമീർ അഹമ്മദ് വ്യക്തമാക്കി. കേരളത്തിൽനിന്നുള്ള എംപിമാരും എംഎൽഎമാരും സംഭവ സ്ഥലം സന്ദർശിച്ചതിനെ സമീർ അഹമ്മദ് പരിഹസിച്ചു. അവർ വന്നു, കണ്ടു, പോയി. അവർ യഥാർത്ഥത്തിൽ ആരെയെങ്കിലും സഹായിച്ചോ?. കേരളത്തിൽ നടക്കാനിരിക്കുന്ന അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അവർ ഇവിടം സന്ദർശിച്ചത്. ആളുകൾ നിയമവിരുദ്ധമായാണ് ഇവിടെ താമസിച്ചിരുന്നത്. മന്ത്രി കൃഷ്ണ ബൈരെഗൗഡയും തദ്ദേശ അതോറിറ്റികളും പലതവണ ഇവിടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിൽ നിന്ന് ആരും ഇവിടെ താമസിക്കുന്നില്ലെന്നും സമീർ അഹമ്മദ് പറഞ്ഞു.
ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും എന്തു പറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പിണറായി വിജയൻ വസ്തുതകൾ അറിയാതെയാണ് പ്രതികരിച്ചതെന്ന് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിഡി കെ ശിവകുമാറും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഗിമ്മിക്ക് എന്നാണ് പിണറായി വിജയന്‍റെ പ്രതികരണത്തെ ശിവകുമാർ വിശേഷിപ്പിച്ചത്.
കർണാടകയിൽ സംഭവിച്ച ബുൾഡോസർ കുടിയൊഴിപ്പിക്കൽ നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ. കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ ഭൂമിയാണെന്നത് ശരിയാണെങ്കിലും ജനങ്ങളെ കൂടി കണക്കിലെടുത്തുള്ള നടപടിയായിരുന്നു വേണ്ടിയിരുന്നതെന്ന് സാദിക്കലി തങ്ങൾ അഭിപ്രായപ്പെട്ടു. അതേസമയം യു പിയിലെ ബുൾഡോസർ രാജ് മോഡൽ അല്ല കർണാടകയിൽ നടക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടത്. കോൺഗ്രസ് എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്നവർ ചീപ്പ് പരിപാടിയാണ് ചെയ്യുന്നത്. കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കാണലാണ് പിണറായി വിജയൻ ചെയ്യേണ്ടിയിരുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. വീട് നഷ്ടമായവരിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളുമുണ്ട്. അവർക്ക് പുനരധിവാസം നൽകുമെന്ന് കർണാടക സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു.
ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിച്ചു. ഇന്ന് വൈകീട്ടാണ് യോഗം ചേരുക. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. യെലഹങ്ക വസീംലേഔട്ടിലെ ഫക്കീര്‍ കോളനിയും സമീപ പ്രദേശങ്ങളും കഴിഞ്ഞ പതിനെട്ടിനു പുലര്‍ച്ചെയാണ് ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി ഒഴിപ്പിച്ചത്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ 300 വീടുകളിള്‍ ബുള്‍ഡോസര്‍ കയറ്റി ഇറക്കി. മാലിന്യസംസ്കരണത്തിനായി നീക്കിവച്ച ക്വാറി കയ്യേറിയതാണന്നായിരുന്നു വാദം.



