തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, അന്നത്തെ ധനമന്ത്രി തോമസ് ഐ്‌സക്ക് അടക്കമുള്ളവർക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇഡിയുടെ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ ഇവർ ഫെമ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബി സിഇഒ: കെ.എം. എബ്രഹാമിനും നോട്ടീസ് നൽകിയിട്ടുണ്ട്.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ. 2019-ൽ, 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസക്കിന് 2 തവണ നോട്ടിസ് നൽകിയിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.


