ടെഹ്‌റാൻ: ഗൾഫ് മേഖലയിൽ അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കുന്നതിനിടെ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി 37 വർഷത്തിനിടെ ആദ്യമായി വാർഷിക വ്യോമസേനാ യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഫെബ്രുവരി 8-ന് വ്യോമസേനാ കമാൻഡർമാരുമായി നടത്താറുള്ള വാർഷിക യോഗത്തിൽ പതിറ്റാണ്ടുകളായുള്ള പതിവ് തെറ്റിച്ചുകൊണ്ട് ഖമനേയി പങ്കെടുത്തില്ല. ഇത്തവണ ഖമനേയിക്ക് പകരം സായുധ സേനാ മേധാവി അബ്ദുൾറഹീം മൂസവിയാണ് വ്യോമസേനാ കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തിയത്. യുഎസ് ആക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം വിട്ടുനിന്നതെന്ന് പൊതുവെ കരുതപ്പെടുന്നു.
ഇറാനും അമേരിക്കയും പല കാര്യങ്ങളിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് മേഖലയെ വീണ്ടും അശാന്തമാക്കുകയാണ്. തങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കാമെന്ന് ഇറാന്‍ പറയുന്നുണ്ടെങ്കിലും ഇറാന്‍റെ മിസൈൽ ശേഖരത്തെക്കുറിച്ച് ചർച്ച വേണമെന്ന നിലപാടിൽ അമേരിക്കയും ചർച്ചയില്ലെന്ന നിലപാടിൽ ഇറാനും ഉറച്ചുനിൽക്കുകയാണ്. സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് പുറത്തേക്ക് മാറ്റണമെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി പരിമിതപ്പെടുത്തണമെന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം ആര്‍ക്കും അടിയറവ് വയ്ക്കില്ലെന്നാണ് ഇറാന്‍ മുമ്പ് വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച ഒമാന്‍ പ്രതിനിധികളുടെ മധ്യസ്ഥതയിലാണ് ഇറാന്‍- അമേരിക്കന്‍ പ്രതിനിധികളുടെ ചര്‍ച്ചകള്‍ നടന്നത്.
ടെഹ്‌റാൻ ആണവ സമ്പുഷ്ടീകരണം ഉപേക്ഷിക്കുകയോ അമേരിക്കയുടെ സൈനിക സമ്മർദ്ദത്തിന് വഴങ്ങുകയോ ചെയ്യില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗച്ചി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക വിന്യാസം തങ്ങളെ “ഭയപ്പെടുത്തുന്നില്ല” എന്ന് പറഞ്ഞ അദ്ദേഹം ഏത് ആക്രമണത്തിനും “വിരൽ ട്രിഗറിൽ വെച്ച്” ഉടനടി ശക്തമായി മറുപടി നൽകാൻ ഇറാൻ സജ്ജമാണെന്ന് പറഞ്ഞു. അമേരിക്ക ആക്രമണം നടത്തിയാൽ ഗൾഫിലെ യുഎസ് താവളങ്ങളെ ഇറാൻ ലക്ഷ്യമിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം അമേരിക്ക ഇറാനുമേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നത് തുടരുകയാണ്. ഇറാൻ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കെ, അറബിക്കടലിൽ യുദ്ധ സജ്ജമായി നിൽക്കുന്ന യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ജോർദാനിലെ മുവാഫാക്ക് സാൾട്ടി എയർബേസിൽ പന്ത്രണ്ടോളം എഫ്-15 യുദ്ധവിമാനങ്ങളും എംക്യു-9 റീപ്പർ ഡ്രോണുകളും എ-10സി തണ്ടർബോൾട്ട് വിമാനങ്ങളും എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാന്റെ സമുദ്രാതിർത്തിയിൽ നിന്ന് വിട്ടുനിൽക്കാൻ അമേരിക്കൻ കപ്പലുകൾക്ക് യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിൽ അമേരിക്ക വൻതോതിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ ബുധനാഴ്ച വൈകീട്ട് വൈറ്റ് ഹൗസിൽ ട്രംപുമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ചർച്ച നടത്തുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇസ്രായേൽ വ്യോമസേനാ മേധാവിയും നെതന്യാഹുവിനെ അനുഗമിക്കും. ഇറാനുമായുള്ള അടുത്ത ചർച്ചക്ക് മുമ്പ് ട്രംപുമായുള്ള കൂടിക്കാഴ്‌ചക്ക് നെതന്യാഹു അനുമതി തേടുകയായിരുന്നു. ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി പരിമിതപ്പെടുത്തുക, ഹൂതികൾ ഉൾപ്പെടെ മിലീഷ്യകൾക്ക് നൽകുന്ന സഹായം നിർത്തുക എന്നീ മൂന്ന് ഉപാധികൾക്ക് ഇറാൻ വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി വേണം എന്ന അഭിപ്രായത്തിലാണ് ഇസ്രായേൽ


