ധാക്ക: ബംഗ്ലാദേശിൽ കലാപം കൊടുമ്പിരി കൊണ്ടിരിക്കേ മുന്‍ പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകന്‍ താരിഖ് റഹ്‌മാന്‍ പതിനേഴ് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് ധാക്കയിൽ എത്തി. 7 വർഷമായി ലണ്ടനിൽ സ്ഥിര താമസമായിരുന്ന ബിഎൻപി നേതാവുകൂടിയായ താരിഖ് റഹ്മാൻ കുടുംബത്തോടൊപ്പമാണ് മടങ്ങിയെത്തിയത്. താരിഖ് റഹ്മാൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.
ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ താരിഖ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കുന്നതിന് മുമ്പ് തന്നെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് പുർബാച്ചൽ എക്‌സ്‌പ്രസ് വേയിലെ സ്വീകരണ സ്ഥലത്തേക്കാണ് പോയത്. ആയിരക്കണക്കിനാളുകളാണ് താരിഖ് റഹ്മാനെ സ്വാഗതം ചെയ്യാനെത്തിയത്. ഭാര്യയ്ക്കും മകൾക്കുമൊപ്പം വളർത്തു പൂച്ച സീബുവിനെയും കൂട്ടിയാണ് താരിഖെത്തിയത്. സ്വീകരണ സ്ഥലത്ത് സംഘടിപ്പിച്ച പൊതു പരിപാടിയിൽ 50 ലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് വിവരം.
ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മടക്കമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ ഇദേഹം മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. അദ്ദേഹം ബംഗ്ലാദേശിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യം ബിഎന്‍പിയ്ക്ക് അനുകൂലമായിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് താരിഖിന്റെ തിരിച്ചുവരവ്.
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് 18 മാസം തടവ് ശിക്ഷ അനുഭവിച്ചയാളാണ് താരിഖ് റഹ്‌മാന്‍. 2008-ല്‍ ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹം കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് കുടിയേറുകയായിരുന്നു. ഖാലിദ സിയയെ ഭരണകൂടം ജയിലിലടച്ചപ്പോള്‍ ലണ്ടനിലിരുന്ന് താരിഖ് ബിഎന്‍പിയെ നയിച്ചിരുന്നു. ഖാലിദ സിയയുടെ ആരോഗ്യാവസ്ഥ ഗുരുതരമായതോടെ അദ്ദേഹം തിരിച്ചുവരുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ബംഗ്ലാദേശിലേക്കുളള മടങ്ങിവരവ് നീളുകയായിരുന്നു.
അതിനിടെ ഇൻക്വിലാബ് മഞ്ച് പാർട്ടി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായി. ഹിമോൺ റഹ്മാൻ ശിക്ദാർ ആണ് അറസ്റ്റിൽ ആയത്. പ്രതികളെ ഇയാൾ സഹായിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇയാളിൽ നിന്ന് പിസ്റ്റലുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ബംഗ്ലാദേശിലുണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗബസാര്‍ മേഖലയിലാണ് സ്‌ഫോടനം. ഫ്‌ളൈഓവറിന് മുകളില്‍ നിന്ന് അജ്ഞാതര്‍ എറിഞ്ഞ പെട്രോള്‍ ബോംബ് പൊട്ടിയാണ് യുവാവ് കൊല്ലപ്പെട്ടത്. ഇതോടെ ധാക്കയില്‍ വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരിക്കുയാണ്.
ഉസ്‌മാൻ ഹാദിയ്ക്ക് പിന്നാലെ മറ്റൊരു നേതാവിനും വെടിയേറ്റു; ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു



