Monday, July 21, 2025
Mantis Partners Sydney
Home » ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ, എന്നിട്ടും അവർ മതേതര പാര്‍ട്ടി; വര്‍ഗീയ പരാമര്‍ശങ്ങൾ തുടർന്ന് വെള്ളാപ്പള്ളി നടേശന്‍.
വെള്ളാപ്പള്ളി നടേശന്‍

ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ, എന്നിട്ടും അവർ മതേതര പാര്‍ട്ടി; വര്‍ഗീയ പരാമര്‍ശങ്ങൾ തുടർന്ന് വെള്ളാപ്പള്ളി നടേശന്‍.

by Editor

കൊച്ചി: വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലീം ലീഗില്‍ എല്ലാവരും മുസ്ലീങ്ങൾ ആയിട്ടും അത് മതേതര പാര്‍ട്ടിയെന്നാണ് പറയുന്നതെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നല്‍കിയ ആദരിക്കല്‍ ചടങ്ങിനിടെയായിരുന്നു പരാമര്‍ശം. കാന്തപുരത്തേയും മുസ്‌ലിം ജനസംഖ്യയേയും തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു കൊണ്ടായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.

‘ഞാനൊരു സമുദായത്തിനും എതിരല്ല, സാമൂഹ്യനീതിക്ക് വേണ്ടി ഞാൻ പറയും. അത് ഇന്നും പറയും നാളെയും പറയും. എൻ്റെ കോലം കത്തിച്ചാലും കാന്തപുരം എന്ത് കുന്തമെടുത്തെറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. ഇരുപത്തിനാല് മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്നെ ജാതിക്കോമരമെന്ന് പറയുന്നത്, വർഗീയത പരത്തുന്നതിന് എനിക്കെതിരെ കേസടുത്തോളൂ’-വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയന് ശേഷം ഈഴവനായ ഒരാള്‍ കേരള മുഖ്യമന്ത്രിയാകാന്‍ സാധ്യതകാണുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസം കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വര്‍ഷം വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

ഇടതുപക്ഷ സർക്കാർ പോലും മുസ്‌ലിം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായെന്നും മുസ്‌ലിം ലീഗിനെ ലക്ഷ്യംവെച്ച് വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല. മുസ്‌ലിം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരള കോൺഗ്രസ് പറഞ്ഞാലും ഇവർ മിണ്ടില്ല. അവർക്കെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക സർവ്വേ എടുക്കുമ്പോൾ സാമ്പത്തിക സർവ്വേ കൂടി വേണം. അടുത്ത തെരഞ്ഞെടുപ്പുകളിൽ ഏത് പാർട്ടിയിൽ ഉള്ളവർ ആയാലും പരമാവധി ഈഴവരെ അധികാരത്തിൽ എത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സാമുദായിക നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് വെള്ളാപ്പള്ളി പറയുന്നത്. വെള്ളാപ്പള്ളി പ്രചരിപ്പിക്കുന്നത് പിണറായിയുടെ നരേറ്റീവാണെന്നും വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രത പാലിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്റെ പേര് പരാമര്‍ശിക്കാതെ സിപിഐഎം പ്രസ്താവന ഇറക്കി. മതവൈര്യം ഉണ്ടാക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പക്കരുതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. ആണ് വിമര്‍ശനം. മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എന്‍ഡിപി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഏതൊരു ജനവിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ ആര്‍ക്കും അവതരിപ്പിക്കാം എന്നാല്‍ അത് മതവൈര്യമുള്‍പ്പെടെ ഉണ്ടാക്കുന്ന തരത്തിലാവരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ആത്മ സംയമനത്തോടെയാണ് ലീഗ് ഈ പരാമർശത്തെ സമീപിക്കുന്നത് എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വിഷയം ഗൗരവത്തിൽ എടുത്തിട്ടില്ല. ജനങ്ങൾ ഏറ്റെടുക്കില്ല. സൗഹൃദത്തിൻ്റെ മനസാണ് കേരളത്തിൻ്റേത്. മത സാമുദായിക രാഷ്ട്രീയ നേതാക്കൾ കാത്തു സൂക്ഷിക്കേണ്ടത് ഈ മനസാണ് അത് ഇല്ലാതാക്കുന്നത് ശുഭലക്ഷണമല്ലെന്നും തങ്ങൾ വ്യക്തമാക്കി. പ്രതികരണശേഷി നഷ്ടപ്പെട്ട സർക്കാരാണ് കേരളത്തിൽ ഇപ്പോൾ ഉള്ളത്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് ചെയ്യണം. സർക്കാർ വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല. അതുകൊണ്ടാണ് പലരും പലതും വിളിച്ചു പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. സ്കൂൾ സമയമാറ്റത്തിൽ സമസ്തയ്ക്ക് ഒപ്പം തന്നെയാണ് ഞങ്ങളും ള്ളത്. ലീഗിനെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ മറുപടി പറയേണ്ടത് സർക്കാരെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പച്ചക്ക് വർഗീയത പറയാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണത്. സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കും. നികുതി ഇല്ലാത്തതുകൊണ്ട് ആർക്കും എന്തും പറയാം എന്ന അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!