തെരെഞ്ഞെടുപ്പ് കാലം വരുമ്പോൾ വെളുക്കെച്ചിരിക്കാത്ത മത്സരാർത്ഥികളും ചിരിക്കുന്ന കാലമാണ്. ഈ വെളുത്ത ചിരിയും മധുര വാഗ്‌ദാനങ്ങളുമടങ്ങിയ തെരെഞ്ഞെടുപ്പ് രക്ഷാപദ്ധതികൾ കേരളത്തിലെ 23,576 വാർഡുകളിലേക്കാണ് ഡിസംബർ മാസം നടക്കുന്നത്. ഈ തെരെഞ്ഞെടുപ്പ് മഹോത്സവം മറ്റെങ്ങും കാണാത്തതുപോലെ സമ്മാനം കൊടുത്തു് വോട്ടുവാങ്ങുക, കള്ളപ്പണം, ധൂർത്തു്, അട്ടഹാസം, പോർവിളികളുടെ കാലമാണ്. ഓരോ തെരഞ്ഞെടുപ്പും മനുഷ്യനെ പ്രകാശനമാക്കുന്നതാണ്. അവിടെ പരസ്‌പര സ്നേഹം, സമാധാനമാണ് കാണുക. ഇന്നത്തെ തെരെഞ്ഞെടുപ്പുകൾ നാടിൻ്റെ വികസനത്തെക്കാൾ വേലി തന്നെ വിളവ് തിന്നുന്ന അയ്യപ്പ സ്വർണ്ണ കൊള്ളക്കാരെയും രാഷ്ട്രതാപം മാറ്റി മത താപ വർഗ്ഗീയത ആളിക്കത്തിക്കുന്നവരെയുമാണ്. ഈ കൂട്ടർ അധികാരത്തിൽ വന്നാൽ മതേതരശക്തികളേക്കാൾ മതസാമുദായിക സമ്മർദ്ദ ശക്തികളായി, മാടമ്പികളായി സമൂഹത്തിൽ കരിനിഴൽ വീഴ്ത്തി മതസ്‌പർദ്ധക്കും, അരാജക ത്വത്തിനും, അഴിമതിക്കും വഴിയൊരുക്കുന്നു. ഇതാണോ ഒരു മതത്തിൻ്റെ ആത്മീയ ഉൾകാഴ്ച്ച അല്ലെങ്കിൽ പുരോഗതി? ഈ പ്രകസനക്കാരുടെ മൈതാന പ്രസംഗത്തിൽ മതേതരവാദികൾ മാത്രമല്ല നിഴലിനും നിറം ചാർത്തുന്നവരാണ്. നമ്മുടെ കലാ സാംസ്‌കാരിക രംഗത്തു് നടക്കുന്ന മൂല്യച്യുതിപോലെ ദേശീയ പൈതൃകത്തിലും വിള്ളൽ വീണുകൊണ്ടിരിക്കുന്നു. വർഗ്ഗീയത പ്രചരിപ്പിച്ചു വോട്ടു വാങ്ങുന്നവർക്ക് പൗരാവകാശങ്ങളെ സംരക്ഷിക്കാനോ രാഷ്ട്രനിർമ്മാണം നടത്താനോ സാധിക്കില്ല. ആരാച്ചാരുടെ നോട്ടം വോട്ടുപെട്ടി നിറക്കുന്നവർ കാണാറുണ്ടോ?
ഒരു മതത്തെ നോക്കി വോട്ടുചെയ്യുന്ന വ്യക്തിയുടെ മനസ്സ് മറ്റ് മതക്കാർ മുടിഞ്ഞാലും മുന്നേറണം എന്ന ചിന്തയാണ്. ഈ കപട മതേതരവാദികളെ ജയിപ്പിച്ചുവിടുന്നവർ ചിന്തിക്കേണ്ടത് ഏത് വിശ്വാസ ശാസ്ത്രമായാലും മനുഷ്യരെ ദുരിതത്തിലേക്ക് തള്ളി വിടുന്ന ഇവർക്ക് സമൂഹത്തിൽ ശാന്തിയോ സമാധാ നമോ നൽകാനാകില്ല. രാജഭരണമെങ്കിൽ ഭയവുമായി തല കുനിച്ചു് അടിമകളെപ്പോലെ ജീവിച്ചുമരിക്കാം. മതവ്യാപാരം നടത്തി തമ്മിലടിപ്പിച്ചു് ചോരകുടിക്കുന്ന രക്തദാഹികളെ തെരഞ്ഞെടുപ്പുകളിൽ എത്രയാളുകൾ തിരിച്ചറിയുന്നു. ഇങ്ങനെ നനഞ്ഞിടം കുഴിക്കുന്ന വ്യക്തിമാഹാത്മ്യമില്ലാത്ത മനുഷ്യത്വത്തിന് മീതെ സഞ്ചരിക്കുന്ന വർഗ്ഗീയവാദികളെ കേരളജനത പാലൂട്ടി വളർത്തുന്നത് ഭാവി തലമുറയ്ക്ക് ആപത്താണ്. കച്ചവടക്കണ്ണുള്ള മതങ്ങളെ വളർത്തിയാൽ ഡൽഹിയിൽ നടന്നതുപോലെ നിരപരാധികളെ കൊന്നൊടുക്കുന്ന ക്രൂരമായ രാക്ഷസീയത്വരകൾ കാണേണ്ടിവരും. നാളെ നമ്മുടെ മുക്കിലും വീട്ടിലുമെത്തുമെന്നുള്ളത് മറക്കരുത്.
മതങ്ങളുടെ ഇടുങ്ങിയ ചിന്താധാരയിൽ ജയിച്ചുവരുന്നവരുടെ ലക്ഷ്യം സാമൂഹ്യ സാംസ്‌കാരിക പുരോഗതിയല്ല അതിലുപരി കാറ്റുള്ളപ്പോൾ തൂറ്റണം എന്നതാണ്. ഈ കൂട്ടരാണ് മരണംവരെ അധികാരത്തിൽ അള്ളിപ്പിടിച്ചുകിടക്കുന്നത്. ഭൂരിപക്ഷ, ന്യൂനപക്ഷ മതവാദികൾ, പൗരോഹിത്യത്തിന് മുന്നിൽ കുടയില്ലാനാട്ടിൽ കുറുക്കൻ രാജാക്കന്മാരായി വാഴുന്നു. മതവിശ്വാസം മനുഷ്യരുടെ ഇശ്വരത്വത്തെ വെളിപ്പെടുത്തുന്നതാണ്. അവിടെ കാണുക സ്നേഹത്തിൻ്റെ നീരുറവകളാണ്. അവിടെക്ക് സമുദായപുരോഗതിയെന്നപേരിൽ മതസ്‌പർദ്ധ വളർത്തി നേതാക്കളാകുന്ന ഈ ഗൂഡതന്ത്രജ്ഞരെ എന്തുകൊണ്ടാണ് യഥാർഥ ഈശ്വരഭക്തർ മനസ്സിലാക്കാത്തത്? ജനങ്ങളുടെ പൊതുതാല്‌പര്യമറിയുന്ന രാഷ്ട്രീയ പാർട്ടികൾ ഈ കൂട്ടരേ പാലൂട്ടി വളർത്തുന്നത് മതപ്രീണനമല്ലാതെ എന്താണ്? ഏത് സമുദായത്തിൽ ജനിച്ചാലും ആ വ്യക്തിയുടെ വ്യക്തിത്വ സത്വം മനസ്സിലാക്കിയല്ലേ വോട്ട് ചെയ്യേണ്ടത്? വോട്ട് ചെയ്യുന്നവർ ഈ ചൂഷകരുടെ കളിപ്പാവകളാകുന്നത് ബുദ്ധിഭ്രമം സംഭവിച്ചതുകൊണ്ടാണോ?
ഒരു തെരഞ്ഞെടുപ്പുകളിൽ ഒരാളുടെ വിലപ്പെട്ട വോട്ട് കൊടുക്കുന്നത് മതേതര പാർട്ടിക്കാണോ അതോ വർഗ്ഗീയ പാർട്ടികൾക്കാണോ എന്നത് പ്രധാനമാണ്. ഇന്ന് പലയിടത്തും ഭാരതീയ പൗരന്റെ മതേതരത്വം, ഐക്യമത്യം നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നത് വർഗ്ഗീയതയുള്ളവരുടെ കൈകളിലാണ്. അധികാരം നിലനിർത്താൻ ഏത് ചെകുത്താനുമായി കൂട്ടുകൂടുന്ന ഈ കൂട്ടരേ പൊതുജനം മനസ്സിലാക്കിയില്ലെങ്കിൽ മനോഹരമായ മലയാള നാടിനെ മുൻപുണ്ടായിരുന്ന അതിക്രൂരമായ ജാതിവ്യവസ്ഥിതിയിൽ തളച്ചിടുക തന്നെ ചെയ്യും. ഫലമോ മുള്ളുകൊണ്ടെടുക്കേണ്ടത് കോടാലികൊണ്ട് എടുക്കേണ്ടി വരുന്നു. തെരഞ്ഞെടുപ്പുകളിൽ കാണുന്ന രോഗാതുരമായ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തേണ്ടത് യുവതലമുറയാണ് ഇല്ലെങ്കിൽ അരഭ്രാന്തുള്ളവനെക്കാൾ മുഴുഭ്രാന്തുള്ളവനായി മാറും. അധികാരം മനുഷ്യരെ അപരിചിതത്വത്തിലേക്ക് വഴിനടത്തി പരസ്പ്‌പരം ഉൾകൊള്ളാൻ സാധിക്കാതെ വിനാശകരമാംവണ്ണം വളർന്നിരിക്കുന്നു. തെരഞ്ഞെടുപ്പുകളിൽ സാർവ്വത്രിക ഗൂഡാലോചകൾ നടത്തി അധികാരത്തിൽ വരുന്ന മതപാർട്ടികളെ നാടുകടത്താൻ വോട്ടർമാർ മുന്നോട്ട് വരണം. മതേതരത്വത്തിൻ്റെ പരമാധികാരം വോട്ടുചെയ്യുന്നവരിലാണ്. ആരാണ് നമ്മുടെ ജനപ്രതിനിധികൾ?
ഈ അപകടകരമായ വെല്ലുവിളിയിൽ മാധ്യമങ്ങൾപോലും നിസ്സംഗത പുലർത്തുന്നു. അവരുടെ ശ്രദ്ധയും വാർത്തയും ഒരു കൗൺസിലർ കൂറുമാറി മറ്റൊരു പാർട്ടിയിൽ ചേരുന്നതിലും പരസ്യതുകയിലുമാണ്. എണ്ണിയാലൊടുങ്ങാത്ത ദുഃഖ ദുരിതങ്ങൾക്ക് അടിമപ്പെട്ടു് വീർപ്പ് മുട്ടി കഴിയുന്നവരുടെ കണ്ണീരൊപ്പാൻ ഈ മതവാദികൾക്ക് സമയമില്ല. അവരുടെ ശ്രദ്ധ മുഴുവൻ സ്വന്തം സമുദായത്തിന് മുന്നിൽ അളവറ്റ മതിപ്പ് എങ്ങനെ ജനിപ്പിച്ചു് അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാമെന്നുള്ളതാണ്. ഇങ്ങനെ അരക്കാശിന് വിലയില്ലാത്തവർ മതത്തിൻ്റെ മറവിൽ അധികാരത്തിൽ വന്നാൽ വിദ്യാഭ്യാസ സാംസ്‌കാരിക രംഗം എങ്ങനെ പുരോഗതിയിലേക്ക് നയിക്കാമെന്നതിനേക്കാൾ പ്രധാനം പഠിക്കുന്ന കുട്ടികളെ വിദേശത്തേക്ക് കയറ്റുമതി നടത്തി സ്വന്തം ബന്ധം നോക്കി പിൻവാതിൽ നിയമനം നടത്താം, വോട്ടുപെട്ടി നിറക്കാം, പുരസ്‌കാരം, പദവി പട്ടികയിൽ ആരാണ് ഏറ്റവും കൂടുതൽ മുഖസ്തുതി, സ്‌തുതിഗീതം നടത്തിയത് തുടങ്ങി വികടവിജ്ഞാനത്തിൻ്റെ രസാനുഭൂതികൾ നിറഞ്ഞ ചരിത്ര വിവേകമാണ് നടപ്പാക്കുന്നത്. പിറന്ന വീണ മണ്ണിൽ നിന്ന് മലയാളിയെ നാട് കടത്തുന്നത് ആരുടെ പുരോഗതിയാണ്? നമ്മുടെ തെരെഞ്ഞെടുപ്പ് ഏത് ജീവോർജ്ജത്തിലേക്കാണ്, മാനസിക വളർച്ചയിലേക്കാണ് അഭ്യസ്‌തവിദ്യരെ, ഈശ്വരഭക്തരെ, വിവേക മില്ലാത്തവരെ കൊണ്ടെത്തിച്ചിരിക്കുന്നത്?
നമ്മുടെ ഭരണ സംവിധാനത്തിൽ വർഗ്ഗീയവാദികളെ, സ്വാർത്ഥ താല്‌പര്യക്കാരെ, അഴിമതിക്കാരെ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നത്? വീണേടം വിഷ്‌ണുലോകമെന്ന് കരുതുന്ന ഈ കൂട്ടർ മരണംവരെ സുഖലോലുപരായി അധികാരത്തിലിരിക്കുന്ന ദുരവസ്‌ഥയാണ്. ഒരു ജനതയുടെ തനതു സർഗ്ഗ സംസ്‌കാരത്തിന് നിസ്‌തുലമായ സേവനം നല്കാൻ കരുത്തുള്ള യുവതീയുവാക്കളെ ഉയർത്തി കൊണ്ട് വരാറില്ല. ഇങ്ങനെ മതവർഗ്ഗീയത വളർത്തുന്ന, അധികാരത്തിൽ കടിഞ്ഞുതൂങ്ങി കിടക്കുന്നവരുടെ അടിവേരറക്കേണ്ടത് വോട്ടുപെട്ടി നിറക്കാൻ പോകുന്നവരുടെ കടമയാണ്. അനന്തമായി തുടരുന്ന ഈ പ്രക്രിയയിൽ ക്രിയാത്മകമായി മതത്തേക്കാൾ മനുഷ്യനൊപ്പം സഞ്ചരിക്കുന്ന കള്ളവും ചതിയുമില്ലാത്ത ജനസേവകരെ ഒപ്പം നിർത്തുകയും വേണം. ഏത് തൊഴിൽ ചെയ്യുന്ന തൂപ്പുകാരനായാലും മന്ത്രിയായാലും കൂറും കടമയും കാട്ടേണ്ടത് രാജ്യത്തോടാണ്. മത രാഷ്ട്രീയം നോക്കി, നേട്ടങ്ങൾ കൊയ്യാൻ വേണ്ടി, അധികാരികൾക്ക് മുഖസ്‌തുതി പറയുന്ന, കേൾക്കുന്ന ഭിന്നിപ്പിച്ചു് ഭരിക്കുന്ന ഭരണാധികാരികളെയല്ല കേരളത്തിനാവശ്യം. മത പഠനങ്ങൾ സ്‌കൂൾ കുട്ടികളെ പഠിപ്പിക്കാതെ മതേതര ഇന്ത്യയെയാണ് പഠിപ്പിക്കേണ്ടത്. കാലഹരണപ്പെട്ട മതങ്ങളെ വളമിട്ട് വളർത്തി സമൂഹത്തിൽ ശത്രുത വളർത്താതെ അത്തി പൂത്തതുപോലെ നിറമാർന്ന മതേതര പ്രണയ പുഷ്പ്പങ്ങളാണ് കേരളത്തിൽ വിടരേണ്ടത്.
കാരൂർ സോമൻ, (ചാരുംമൂടൻ)



