Home » കെടാമംഗലം സദാനന്ദൻ; ഓർമ്മ ദിനം
കെടാമംഗലം സദാനന്ദൻ; ഓർമ്മ ദിനം

കെടാമംഗലം സദാനന്ദൻ; ഓർമ്മ ദിനം

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

by Editor
Send your news and Advertisements

“മലയാറ്റൂർ മലയും കേറി
ജനകോടികൾ എത്തുന്നു
അവിടത്തെ തിരുവടി കാണാൻ
പൊന്നിൻ കുരിശു മുത്തപ്പോ
പൊന്മലകേറ്റം
പൊന്നിൻ കുരിശുമുത്തപ്പോ
പൊന്മലകേറ്റം
കേട്ടറിഞ്ഞു വിശ്വസിക്കാൻ
സാദ്ധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു
സത്യവാദിയായി നീ
സത്യവാദിയായി നീ
പൊന്നിൻ കുരിശുമുത്തപ്പോ
പൊന്മലകേറ്റം.
മാറാത്ത വ്യാധികൾ മാറ്റി
തീരാത്ത ദു:ഖമകറ്റി……”

1975 ജൂലൈ 19- ന് പുറത്തുവന്ന “തോമാശ്ശീഹ” എന്ന ചിത്രത്തിലെ ഗാനമാണിത്. അതാത് ദിവസത്തെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ ജൂലൈ 19 -ൽ പുറത്തു വന്ന ഈ ഗാനം ഇന്നിവിടെ ഓർമ്മിപ്പിക്കുന്നത് എന്തിനെന്ന് പലരും ചിന്തിച്ചേക്കാം. ശരിയാണ് എന്നാൽ ഇത് ഇന്നിവിടെ കുറിയ്ക്കാൻ ഒരു കാരണമുണ്ട്.

ഈ ഗാനമെഴുതിയ കെടാമംഗലം സദാനന്ദൻ്റെ ഓർമ്മ ദിനമാണിന്ന്. കെടാമംഗലം ഓർമ്മയായിട്ട് ഇന്ന് 18 വർഷം തികയുന്നു. തോമാശ്ലീഹാ എന്ന ചിത്രത്തിൻ്റെ സംഭാഷണം രചിച്ചതും കെടാമംഗലമാണ്. ഈ ഒരു ഗാനം മാത്രമല്ല കെടാമംഗലത്തിൻ്റെ ക്രെഡിറ്റിലുള്ളത്. നിരവധി ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചതു കൂടാതെ തിരക്കഥ, സംഭാഷണം, അഭിനയം എന്നീ മേഖലകളിലും കെടാമംഗലം തൻ്റെ സാന്നിദ്ധ്യമറിയിച്ചു.

കഥാപ്രസംഗ രംഗത്ത് ശ്രദ്ധേയനായ കെടാമംഗലം ഒരു കാഥികൻ മാത്രമായിരുന്നില്ല എന്ന് ഓർമ്മിപ്പിക്കാനാണ് ആമുഖമായി ഈ ഗാനം ചേർത്തത്.

ഗാനരചയിതാവ് എന്ന നിലയിലല്ല, കാഥികൻ എന്ന നിലയിലാണ് കേരളത്തിലെ സാംസ്കാരിക രംഗം കെടാമംഗലം സദാനന്ദനെ അടയാളപ്പെടുത്തുന്നത് എന്ന് അറിയാതെയുമല്ല, അങ്ങനെയാണ് ഏവരും മനസ്സിലാക്കിയിരിക്കുന്നതും അതു പോരല്ലോ? 12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം 40 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.

1952 മേയ് 9-ന് പുത്തുവന്ന, പ്രേംനസീറിൻ്റെ റിലീസായ ആദ്യ ചിത്രമായ മരുമകൾ എന്ന ചിത്രത്തിൽ കെടാമംഗലവുമുണ്ട്. ‘രണ്ടു പേരുടേയും ആദ്യ ചിത്രം’ ഇതിന് തിരക്കഥ രചിച്ചതും കെടാമംഗലമാണ്.

തസ്കരവീരൻ ആയിരുന്നു രണ്ടാമത്തെ ചിത്രം. നായികയുടെ അച്ഛന്റെ വേഷമായിരുന്നു ആ ചിത്രത്തിലേത്. 1961 ഓഗസ്റ്റ് 24 ന് പുറത്തുവന്ന അരപ്പവൻ എന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ സംഭാഷണം എന്നിവയോടൊപ്പം അതിൽ അഭിനയിക്കുകയും അതിലെ പത്ത് ഗാനങ്ങളൾ എഴുതുകയും ചെയ്തു.

വാടിക്കരിയുന്ന പൂവേ എന്നു തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുകയും ചെയ്തു, കൂടാതെ തസ്കരവീരൻ, ഉമ്മിണിത്തങ്ക, ദേവി കന്യാകുമാരി, ശ്രീ ഗുരുവായൂരപ്പൻ, ചോറ്റാനിക്കര അമ്മ, വിയർപ്പിൻ്റെ വില, പുതിയ ആകാശം പുതിയ ഭൂമി, നീലക്കണ്ണുകൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 12 -ൽപ്പരം ചലച്ചിത്രങ്ങളൾക്ക് തിരക്കഥയും രചിച്ചു. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട “കൈരാശി” എന്ന സിനിമയുടെ കഥയും കെടാമംഗലത്തിൻ്റേതാണ്.

ഇനി കാഥികനിലേക്ക്- നന്നേ ചെറുപ്പത്തിലേ കഥാപ്രസംഗം അവതരിപ്പിച്ചു തുടങ്ങി. ഏകദേശം ആറരപ്പതിറ്റാണ്ടോളം കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്, ചങ്ങമ്പുഴയുടെ രമണൻ, വാഴക്കുല, കൂടാതെ കർണൻ, കരുണ, പഴശ്ശിരാജ, റാണി തുടങ്ങി നാല്പതോളം കഥകൾ നിരവധിവേദികളിൽ അവതരിപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി, കഥാപ്രസംഗ രംഗത്ത് ആറര പതിറ്റാണ്ടു കാലം നിറഞ്ഞുനിന്നു.

ചങ്ങമ്പുഴയുടെ രമണൻ മാത്രം 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരു കഥ ഇത്രയും വേദികളിൽ അവതരിപ്പിച്ച മറ്റൊരു കാഥികൻ വേറെഇല്ലെന്നു വേണം പറയാൻ. ചങ്ങമ്പുഴയുടെ രമണൻ, വാഴക്കുല, കർണൻ, ഇവയൊക്കെയാണ് കെടാമംഗലം എന്ന കാഥികനെ ഓർക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്കോടിയെത്തുന്നത്. കൂടാതെ നിരവധി കഥകൾ വേറെയും.

സാംബശിവൻ കഴിഞ്ഞാൽ ഏറ്റവുമധികം വേദികളിൽ കഥ പറഞ്ഞിട്ടുള്ള കാഥികൻ കെടാമംഗലം സദാനന്ദനാണ്. കഥാപ്രസംഗ രംഗത്ത് വി. സാംബശിവനോടൊപ്പം നിറസാന്നിദ്ധ്യമായിരുന്നു കെടാമംഗലം സദാനന്ദൻ. സാംബശിവൻ വിശ്വസാഹിത്യകൃതികൾ, കഥാപ്രസംഗമാക്കി ജനങ്ങളിലെത്തിച്ചപ്പോൾ മലയാളത്തനിമയുള്ള കഥകളാണ് കെടാമംഗലം അവതരിപ്പിച്ചത്. ചങ്ങമ്പുഴയുടെ രമണനും തിരുനെല്ലൂരിൻ്റെ റാണിയും മറ്റും

“തോണിയിലൊന്നിൽ മദാലസയാം ജല-
ദേവതപോലെ പോം റാണി,
എങ്ങു നിന്നെങ്ങു നിന്നെങ്ങനെ കിട്ടിയി-
പ്പെണ്ണിനിമ്മാതിരിച്ചന്തം!
ദൂരെ നിന്നന്തിതൻ പൊന്നൊളി തട്ടിയ
കാർമുകിൽത്തുണ്ടിന്റെ ചന്തം….”

സ്വന്തമായിത്തിരി മണ്ണു വാങ്ങിച്ചതിൽ
കൊച്ചൊരു കൂരയും കെട്ടി
മാനമായ് നിന്നെ ഞാൻ കൊണ്ടുപോവില്ലയോ
താലിയും മാലയും ചാർത്തി ….” (റാണി)
ഇതൊക്കെ അവതരിപ്പിച്ചാൽ ഏത് അർദ്ധരാത്രിയിലും, ഉറക്കമൊഴിഞ്ഞ് ആരാണ് കേട്ടിരിക്കാത്തത്.

2007 മേയ് 10 -ന് ജന്മനാട്ടിലെ പറവൂരിലെ ടൗൺ ഹാൾ വേദിയിലാണ് ഏറ്റവുമൊടുവിൽ കഥ അവതരിപ്പിച്ചത്.
ഈ പ്രതിഭാധനൻ അടുത്ത വർഷം (2008) ഏപ്രിൽ 13 ന് ഓർമ്മയായി.

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

You may also like

error: Content is protected !!