ആകാശവിതാനത്തിൽ കൊരുത്തിട്ട നക്ഷത്ര ക്രിസ്‌മസ് രാവുകളിൽ കേരളത്തിൽ നിന്ന് കുറെ ദിവസങ്ങളായി പുറത്തേക്ക് വമിക്കുന്നത് അതി ശക്തമായ നാശം വിതച്ചുകൊണ്ടുള്ള സ്ത്രീപീഡന സുനാമിത്തിരകളാണ്. പ്രകൃതിയോട് മനുഷ്യർ ചെയ്യുന്ന ക്രൂരതകൾപോലെ അധികാര പദവികളിലുള്ളവർ സ്ത്രീകളെ ഭയാനകമായി പീഡിപ്പിക്കുന്നത് അധികമൊന്നും പുറംലോകമറിയാറില്ല. സ്ത്രീകളുടെ ആധിയും വ്യാധിയും പെരുകുമ്പോൾ നൂറിൽ ചിലതാണ് പുറംലോകമറിയുന്നത്. അതിൻ്റെ പ്രധാന ലക്ഷ്യം ലാഭം കൊയ്തെടുക്കലാണ്. അത് പൊതുപ്രവർത്തകർക്കെതിരെ വരുമ്പോൾ ഇവരെ തീറ്റകൊടുത്തു വളർത്തിയവർ തന്നെ വെളിച്ചപ്പാടുകളായി കലിയിളകി ഇരയും വേട്ടക്കാരുമായി ജനങ്ങളുടെ മുന്നിൽ പരസ്‌പരം പോരടിക്കുന്നു. ഇത് സ്ത്രീകൾക്കുള്ള മുന്നറിയിപ്പാണ്. ഇതെല്ലാം കണ്ട് രസിക്കുന്ന കുറെ മരമണ്ടന്മാർ. ഇവർ എന്തിനാണ് വ്യക്തികളെ പന്ത് തട്ടി കളിക്കുന്നത്? നിയമവ്യവസ്ഥിതിയുള്ള ഒരു രാജ്യത്ത് കുറ്റവാളികളെ നിയമത്തിന് വിട്ടുകൊടുക്കുകയല്ലേ വേണ്ടത്? അവർക്ക് എന്തിനാണ് സംരക്ഷണ കവചമൊരുക്കുന്നത്?
ജനങ്ങൾ അവരുടെ ദൈനംദിന നികുതി ഭാരങ്ങൾ ചുമലിലേറി ജീവിക്കുമ്പോഴാണ് തേച്ചുമിനുക്കിയ വസ്ത്രങ്ങളും പൗഡറും പൂശി വരുന്ന പച്ചപ്പുല്ലു കണ്ട പശുവിനെപ്പോലുള്ള ആദർശശുദ്ധിയില്ലാത്ത നേതാക്കന്മാരുടെ പുറം മേനി അകം പൊള്ളയെന്ന് തിരിച്ചറിയുന്നത്. ഇതെ സ്വഭാവമുള്ള അതിജീവിതമാരാണ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു മുള്ളുകൊള്ളുന്നത്. ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഈ മുഖംമൂടിയണിഞ്ഞവരിൽ പലരും പൂച്ച കണ്ണടച്ച് പാൽ കുടിക്കുന്നതുപോലെ രാപ്പനിയുള്ളവരാണ്. ആ ചരുത ചാരുതയാർന്ന മണിവീണ കമ്പികളിൽ പ്രണയവീണകൾ മീട്ടിയതിനെ കുറ്റപ്പെടുത്താനില്ല. അതിനിടയിലാണ് വീണക്കമ്പികൾ പൊട്ടിയ രാപ്പനിപിടിച്ചവർ തളർന്ന് വീണത് കണ്ട് ചവിട്ടികൊല്ലാനുള്ള മനസ്സുമായി ചിലരെത്തിയത്. നീതിബോധമുള്ള ഒരു ജനപ്രതിനിധി നിയമത്തെ പൈശാചികമായി പിച്ചിച്ചീന്തില്ലായിരുന്നു. ഇങ്ങനെ അധികാര മദംകൊണ്ടുഴുലുന്നവർ അവരുടെ ഇച്ഛകൾക്കനുസരിച്ചു പോയാൽ സത്യവും നീതിയും കുഴിച്ചുമൂടേണ്ടി വരും. കേരളത്തെ ഭാവിയുടെ ഊഷ്‌മള തീരങ്ങളിലേക്ക് നയിക്കേണ്ടവരുടെ കർത്തവ്യബോധമെന്താണ്?
പൈങ്കിളി കഥകൾപോലെ മനുഷ്യരുടെ ബോറടി മാറ്റാൻ, കണ്ട് രസിക്കാൻ പീഡന തീവ്രത കൂടിയ കാഴ്ചകളാണ് സാക്ഷരകേരളത്തിൽ നിന്ന് ലോക മലയാളികൾക്ക് ലഭിക്കുന്നത്. ഒരാൾ അളന്ന തീവ്ര കാമത്തിന്റെ അളവ്കോൽ പ്രായമാണോ എന്നറിയില്ല. സംസ്‌കാര സമ്പന്നരെന്ന് പൊങ്ങച്ചം പറയുന്ന മലയാളികളുടെ വികൃത മുഖം ഇന്ത്യൻ മാധ്യമങ്ങളും കൊണ്ടാടുന്നു. സ്ത്രീകൾ പുരുഷന്മാരേക്കാൾ സഹനശക്തിയുള്ളവരാണ്. അവരുടെ നന്മയാണ് ഓരോ കുഞ്ഞുങ്ങളുടെ വളർച്ചയിലുള്ളത്. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ നടക്കുന്ന സ്ത്രീകളുടെ മണിയറ കഥകൾ നല്ല കുടുംബിനികൾക്കും അച്ചടക്ക അനുസരണയോടെ ജീവിക്കുന്ന പെൺകുട്ടികൾക്ക് അപമാനമാണ്. അത് അധികാരത്തിലുള്ളവരെയും അസ്വസ്ഥരാക്കുന്നു.
സ്ത്രീകൾക്ക് സുരക്ഷയും സംരക്ഷണവും കൊടുക്കേണ്ടവർ സ്ത്രീപീഡകരായാൽ നിഷ്‌കളങ്കരായ പെൺ കുഞ്ഞുങ്ങളടക്കം എന്ത് ചെയ്യും? ഇത് സർക്കാർ തൊഴിലിടങ്ങളിൽ മാത്രമല്ല എല്ലാം രംഗത്തും നീറിപ്പുകയുന്ന, വീർപ്പുമുട്ടൽ അനുഭവിക്കുന്ന ധാരാളം സ്ത്രീകളുടെ നീറ്റലാണ്. ഭയവും ഭീതിയും ഭാവിയും അവരെ നിശ്ശബ്ദരാക്കുന്നു. നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളവർ മൗനികളാകുന്നു. അവർ മൗനം വെടിയണം. സ്ത്രീകൾ ആരുടെയും അടിമയല്ല. കുറ്റവാളികൾക്ക് കുടപിടിക്കുന്ന മേലുദ്യോഗസ്ഥരുണ്ടായാൽ, ഭരണാധികാരികളുണ്ടായാൽ, കുറ്റവാളികളെ ശിക്ഷിക്കാതിരുന്നാൽ ഇത് തുടരുകതന്നെ ചെയ്യും. മദമിളകിയ കാമഭ്രാന്തന്മാരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ നിയമങ്ങളും വോട്ടുപെട്ടിയും മാത്രമേ മാർഗ്ഗമുള്ളു.
എന്തുകൊണ്ടാണ് ഹേമ കമ്മിറ്റിയിലുള്ള സ്ത്രീപീഡകരെ, നിയമസഭയിലുള്ള ബലാത്സംഗ വീരന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാത്തത്? ഈറ്റുനോവറിയാത്ത അമ്മയ്ക്ക് കുഞ്ഞിൻ്റെ നൊമ്പരമറിയാത്തതുപോലെ ഗർഭഛിദ്രം പുണ്യമായി കാണുന്ന സ്ത്രീകൾ, സാമൂഹ്യ തിന്മകൾ വഷളുപോലെ വളരുമ്പോൾ ആനയുടെ പിന്നാലെ കുട്ടികൾ നടക്കുന്നതുപോലെ ഗർഭഛിദ്രം തേടി ക്യാമറയുമായി നടക്കുന്ന കുറെ മാധ്യമങ്ങൾ, ഉപകാരത്തിന് പകരം ഉപദ്രവികളാകുന്ന ആനപ്പുറത്തിരിക്കുന്ന അഹംങ്കാരികളായ അധികാരികൾ, അധികാരത്തിൻ്റെ തണലിൽ പലതും സ്വന്തമാക്കാൻ വാലാട്ടികളായി നടക്കുന്ന കലാ സാംസ്കാരിക നായകരെല്ലാം ചേർന്ന് മാനവികതയുടെ ആശ്വാസകിരണങ്ങൾ നൽകി കേരളത്തെ സമ്പന്നമാക്കുന്നു.
കടലിന്റെ അടിത്തട്ടിലുള്ള ജലസ്‌തുപങ്ങളെ ഇളക്കി മറിച്ചു് മുകളിലേക്കുയർന്ന് തിരമാലകളെയുണ്ടാക്കി സുനാമിയായി മണ്ണിലെ ജീവജാലങ്ങളെ നശ്ശിപ്പിക്കുന്നതുപോലെയാണ് നമ്മുടെ മാധ്യമങ്ങൾ ഓരോ ദിവസവും അലറി വിളിച്ചുകൊണ്ട് പ്രമുഖരുടെ ഗർഭപുരാണ കഥകൾ കരഞ്ഞു തീർക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിൽ, വേട്ടയാടുന്നതുപോലെയാണ് സ്ത്രീപീഡന കഥകൾ ചാനൽ ചർച്ചകൾ, സോഷ്യൽ മീഡി യയടക്കം എല്ലാം മാധ്യമങ്ങളും നായാടികളായി ആഘോഷമാക്കുന്നത്. ഒരു ഇരയെ കിട്ടിയാൽ ഈ കൂട്ടർ കതിർക്കാറ്റുപോലെ ചവുട്ടിമെതിക്കും. നിരന്തരമായി ഇരയെ നായ്ക്കളെപോലെ കടിച്ചുകീറുമ്പോൾ ആ ഇരയുടെ വേദന എന്തുകൊണ്ടാണ് മാധ്യമങ്ങൾ തിരിച്ചറിയാത്തത് ഇവരിൽ എത്രപേർ വിശുദ്ധരായിട്ടുള്ളവരുണ്ട് ?
ഞാനും ഒരു ഇരയാണ്. 2017- ൽ ഒരു ബ്ലോഗറുടെ ഏതാനം ഇൻ്റർനെറ്റ് പേജുകൾ എടുത്തുവെന്ന പേരിൽ അയാൾ ചോദിച്ചത് ഒരു കോടി രൂപ. പണം കൊടുക്കാതെ വന്നപ്പോൾ പല കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു വ്യക്തിഹത്യകൾ നടത്തി. കേരളത്തിലെ ഒരു രാഷ്ട്രീയ പത്രം എഴുതിവിട്ടത് എന്റെ അൻപത്തി രണ്ട് പുസ്‌തകത്തിൽ മുപ്പത്തി രണ്ട് പുസ്‌തകങ്ങൾ മറ്റുള്ളവരുടെ കോപ്പി ചെയ്‌തത്. അന്നെനിക്ക് നാല്പ്‌പത്തി രണ്ട് പുസ്‌തകങ്ങൾപോലുമില്ല. പത്രങ്ങളിൽ ജോലിചെയ്‌തിട്ടുള്ള എന്റെ ശ്വാസം നിലച്ച നിമിഷങ്ങൾ. കോടതിയിൽപോയാലും ഒരെണ്ണംപോലും തെളിവായി കൊണ്ടുവരാൻ സാധിക്കില്ലെന്നറിയാം. ഇങ്ങനെ പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന മാധ്യമ വിചാരണ സംസ്‌കാരം എന്നാണ് അവസാനിക്കുക? ഇതിലൂടെ മനസ്സിലാകുന്നത് പല മാധ്യമങ്ങൾക്കും പകൽ ബുദ്ധിയില്ല രാത്രിയിൽ ബോധവുമില്ലെന്നാണ്. തിരുത്തൽ ശക്തികളാകേണ്ട മാധ്യമങ്ങൾ, നീതിബോധത്തോടെ വിഷയങ്ങളെ കാണേണ്ട രാഷ്ട്രീയ പാർട്ടികൾ മനുഷ്യരോടുള്ള കടപ്പാട്, സഹാനുഭൂതി പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴവെട്ടുന്നതാണോ?
ഇന്ന് കെട്ടിഘോഷിക്കുന്ന ഇക്കിളി കിടപ്പറ കഥകൾ ധാരാളമായി സാഹിത്യ കൃതികളിലൂടെ, സിനിമയിലൂടെ മനുഷ്യർ കണ്ട് ബോറടിച്ചിരിക്കുമ്പോഴാണ് സ്ത്രീ പുരുഷന്മാരുടെ കിടപ്പറ, ഗർഭഛിദ്രം തുടങ്ങിയവ പെരുമഴപോലെ പെയ്‌തിറങ്ങുന്നത്. ഇതൊക്കെ വാർത്തകളായി കത്തിച്ചുവിടുന്നവരും ചെളിക്കുണ്ടിൽ വീണുകിടക്കുന്നത് ബോധപൂർവ്വം മറക്കുന്നു. ഇന്ന് പൊതു പ്രവർത്തനം നടത്തുന്നവരുടെ മനസ്സിന്റെ ആവനാഴിയിൽ ഒരു ഉറുമ്പിനെപോലെ കാമഭ്രാന്ത്, സ്വാർത്ഥ താല്‌പര്യങ്ങൾ, വർഗ്ഗീയത തുടിച്ചുകൊണ്ടിരി ക്കുന്നതിന്റെ സാക്ഷ്യപത്രങ്ങളാണ് വെളിപ്പെടുന്നത്. മതഭ്രാന്തുപോലെ കാമഭ്രാന്ത് എതിരാളികൾ അപഹരി ച്ചെടുത്തു് മാധ്യമങ്ങൾക്ക് പരിശീലനത്തിന് കൊടുക്കുന്നു. അവരുടെ കളരിയിൽ കടലോരത്തു് ആഞ്ഞടിക്കുന്ന സുനാമിപോലെ ഗർഭഛിദ്രം അപൂർവ്വങ്ങളിൽ അപൂർവ്വവസ്‌തുവായി നിറം ചാർത്തി മനുഷ്യരുടെ ക്രൂരതകൾ സർവ്വത്ര മലിനമാക്കി പ്രേക്ഷകരുടെ എണ്ണം കൂട്ടി ലാഭം കൊയ്യുന്നു. ഇതിൽ പലതും അപഹരിക്കപ്പെട്ടതെന്നും സത്യമല്ലെന്നും ആരും തിരിച്ചറിയുന്നില്ല.
സമൂഹത്തിൽ എത്രയോ സ്ത്രീകൾ പുരുഷന്മാരാൽ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകളാൽ പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്നു. അതൊന്നും ഇവർക്ക് വാർത്തയോ ചർച്ചയോ അല്ല. ബൂർഷ്വാ സമൂഹത്തിന്റെ പ്രത്യയ ശാസ്ത്രമാണ് ഇപ്പോൾ കാണുന്നത്. പ്രശ്‌നങ്ങൾ പരിഹരിക്കയല്ല ലക്ഷ്യം എങ്ങനെ ആളിക്കത്തിച്ചു് സമ്പാദ്യം കൂട്ടാമെന്നാണ്. ഇങ്ങനെ പ്രതികാരവാഞ്ചയുമായി മനുഷ്യരെ ചൂഷണം ചെയ്യുന്ന മാധ്യമ സംസ്കാരം എന്നെങ്കിലും അവസാനിക്കുമോ?
പെണ്ണൊരുങ്ങിയാൽ ഏവനും അകപ്പെടുമെന്ന് ശ്രി. ഉമ്മൻ ചാണ്ടിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അദ്ദേഹം അവസാന നാളിൽ ചോദിച്ചത് ‘എന്തിനാണ് ഈ സ്ത്രീ എൻ്റെ പേര് പറഞ്ഞത്? ആ നീതിമാന്റെ രക്തത്തിന് അവരിന്ന് വില നൽകുന്നുണ്ട്. പെണ്ണൊരുമ്പെട്ടാൽ അവരെ ചുമക്കാൻ ആളുണ്ടങ്കിൽ എന്തും സംഭവിക്കാം. അവസാന നാളിൽ സി.ബി.ഐ പോലും കുറ്റവിമുക്തനാക്കിയ കളങ്കമില്ലാത്ത നേരിന്റെ പാതയിൽ സഞ്ചരിച്ച പൊതുപ്രവർത്തകൻ്റെ ചോദ്യം ഇന്നും കാതുകളിൽ മുഴങ്ങുന്നു. പാവങ്ങളുടെ പ്രിയങ്കരനായ ഒരു നിരപരാധിയെ ക്രൂശിച്ചവർ, സൈബർ ചാവേറുകൾ മാംസം വറ്റിയ ആ ശ്മശാന മണ്ണിലെ കാലാതീത വീർപ്പുമുട്ടൽ പലരെയും അലസോരപ്പെടുത്തുന്നുണ്ട്. ഇതുപോലുള്ള വേട്ടയാടൽ അന്ധകാരത്തെ ദുരീകരിക്കാനല്ല സ്വാർത്ഥ താല്‌പര്യങ്ങൾ സംരക്ഷിക്കാനുള്ളതെന്ന് വിവേകമുള്ളവർ ഇന്ന് തിരിച്ചറിയുന്നു.
അധികാരത്തിലിരുന്നുകൊണ്ട് ഒളിഞ്ഞും മറഞ്ഞും സ്ത്രീകളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥനായാലും ഏത് മത രാഷ്ട്രീയത്തിലുള്ളവരായാലും ഈ കൂട്ടരേ സമൂഹത്തിൽ നിന്നും പടിയടച്ചു് പിണ്ഡം വെക്കുകയാണ് വേണ്ടത്. അതിനുള്ള ആർജ്ജവമാണ് രാഷ്ട്രീയ പാർട്ടികൾ കാണിക്കേണ്ടത് അല്ലാതെ കുറ്റവാളികൾക്ക് കുടപിടിക്കരുത്. ഈ സ്വഭാവ വൈകൃതമുള്ളവരെ, രാഷ്ട്രീയ വഞ്ചകരെ എന്തിനാണ് ഓരോ പാർട്ടികൾ ചുമക്കുന്നത്? ഈ മുഖംമൂടികളിൽ നിന്ന് ലഭിക്കുക നന്മയല്ല തിന്മകളായിരിക്കും. ഈ തിന്മകൾ ഒരു കൂട്ടരേ ഉയരങ്ങളിൽ എത്തിക്കാറുമുണ്ട്. ഇവർക്കെതിരെ കർശനമായ നിയമനിർമ്മാണമാണാവശ്യം. അതിനുള്ള ഇച്ഛാശക്തിയും സാമൂഹ്യബോധവും വിവേകവും ഭരിക്കുന്നവർ കാട്ടണം.
നിരപരാധികളെ സ്ത്രീപീഡകരെന്ന് മുദ്ര കുത്തി മാധ്യമ വിചാരണ നടത്തുന്നതും, പരസ്‌പരധാരണയോടെ കിടപ്പറ പങ്കിട്ടതിന് ശേഷം വ്യക്തിഹത്യ നടത്തുന്നതും മനുഷ്യാവകാശ ലംഘനങ്ങളല്ലേ? മനുഷ്യർക്ക് താങ്ങും തണലുമായി നിൽക്കേണ്ടവരുടെയടുക്കൽ എന്തെങ്കിലും ആവശ്യങ്ങളുമായി ചെല്ലുമ്പോൾ കൈക്കൂലി വാങ്ങുക, സ്ത്രീകളെങ്കിൽ അവരെ പീഡിപ്പിക്കുക, പലവിധ ചൂഷണങ്ങൾക്ക് വിധേയമാക്കുക. ഒരു പറ്റം അധികാര സേവകരുടെ കുലത്തൊഴിലും ഇഷ്ടവിനോദങ്ങളുമായി മാറിയിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ സദാചാര മൂല്യ ബോധ പുരോഗതി എവിടെയെത്തി നിൽക്കുന്നുവെന്ന ഒരു പുനഃപരിശോധന നല്ലതാണ്.
എന്റെ ഗുരുക്കന്മാരായ തകഴി, കാക്കനാടൻ, തോപ്പിൽ ഭാസി, പണ്ഡിത കവി കെ.പണിക്കർ, തിരുനല്ലൂർ കരുണാകരൻ, ഡോ. കെ.എം. ജോർജ്, പി. വത്സല അങ്ങനെ പലരിൽ നിന്ന് പഠിച്ചത് സാമൂഹ്യ തിന്മകൾക്കെതിരെ ആരുടെയും മുഖം നോക്കരുതെന്നാണ്. ഇന്നത്തെ രാഷ്ട്രീയ മേലാളന്മാർക്ക് അതിന് സാധിക്കുന്നുണ്ടോ? സമൂഹത്തോട് കടപ്പാടുണ്ടെങ്കിൽ യുവതലമുറയെ നാശത്തിലേക്ക് തള്ളിവിടാതെ നേരായ മാർഗ്ഗത്തിൽ വഴിനടത്തുക. യുവതലമുറയ്ക്ക് മുതിർന്ന രാഷ്ട്രീയ ഗുരുക്കന്മാരിൽ നിന്ന് എന്താണ് പഠിക്കാനുള്ളത്.?
കാരൂർ സോമൻ, (ചാരുംമൂടൻ)


