Mantis Partners Sydney
Sunday, March 15, 2026
Mantis Partners Sydney
Home » സഖാവ് ജി സുധാകരൻ കലാകാരനാണ് അടിമയല്ല…
സഖാവ് ജി സുധാകരൻ കലാകാരനാണ് അടിമയല്ല...

സഖാവ് ജി സുധാകരൻ കലാകാരനാണ് അടിമയല്ല…

by Editor
Send your news and Advertisements

കാടുകയറുന്ന ഭാവനപോലെ വന്യ വനത്തിലെ ആധുനിക സാമൂഹ്യ രാഷ്ട്രീയ പൊള്ളത്തര ഹൃദയ സംവേദനത്തിൽ ഏർപ്പെട്ടിരിക്കയാണ് മുൻ മന്ത്രി ജി.സുധാകരൻ. കൃത്രിമകാവ്യഭാഷയും എ.ഐ ഉപകര ണത്തിലൂടെ കഥ, കവിത, നോവലുകൾവരെ ഉല്‌പാദിപ്പിച്ചു് എഴുത്തുകാർ പെറ്റുപെരുകുന്ന കാലത്തു് കവിതയിലെ സത്യവും സൗന്ദര്യവും തിരിച്ചറിയുന്ന സഖാവ് ആർക്കും അടിമയാകാൻ തയ്യാറല്ല. കഴിഞ്ഞു പോയ വരണ്ട കാലങ്ങളെ കണ്ട് കൂടു തുറന്നുവിടുന്ന കഴുകന്മാരെപോലെ അദ്ദേഹത്തെ ആക്രമിക്കുന്നവർ അറിയേണ്ടത് സ്വന്തം ആത്മാവിനെ വിറ്റ് തിന്നാൻ എല്ലാം കാലത്തും അടിമകൾക്ക് സാധ്യമല്ല. അടിമകളും ഒരിക്കൽ സ്വാതന്ത്ര്യം പ്രാപിക്കും. ഗാന്ധിയന്മാരുടെ പതനവും സോഷ്യൽ മീഡിയ അധിക്ഷേപങ്ങളും ജീവിതത്തിൽ പുതുമയുള്ളതുമല്ല. എന്തിനും ജാതിമത രാഷ്ട്രീയ നിറങ്ങൾ കൊടുക്കുന്നവർ ഒരു ജനതയുടെ സാംസ്‌കാരിക മൂല്യങ്ങളെ ചവുട്ടിത്തേക്കരുത്, സ്വന്തം ധാർമ്മികബോധത്തെ വികലമായ രാഷ്ട്രീയക്കാർക്ക് വിരുന്നൂട്ട് നടത്തരുത്.

ബുദ്ധിജീവികളും ജ്ഞാനികളുമായ ചിന്തകർ പടുത്തുയർത്തിയ അതിമഹനീയമായ ആദർശ ദർശനശാസ്ത്രം പുതിയ ഭൗതികവാദവീക്ഷണം വൈരുദ്ധ്യാത്മക ചിന്തകളിൽ വളഞ്ഞുപുളഞ്ഞു പോകുമ്പോൾ ചോദ്യങ്ങൾ ഉയർന്നുവരും. ഇതിലെ ആശയദാരിദ്ര്യം പലരെ കൊണ്ടെത്തിച്ചിരിക്കുന്നത് മുമ്പുണ്ടായിരുന്ന സവർണ്ണ അവർണ്ണ ജാതി അകലത്തിലാണ്. അവർണ്ണൻ അത് ലംഘിച്ചാൽ തീണ്ടലാണ്. മുക്കാലിൽ കെട്ടിയടിക്കും. ഇന്ന് ആ ശിക്ഷയില്ലെങ്കിലും ശിക്ഷ നടപ്പാക്കുന്നത് രാഷ്ട്രീയ നിറം നോക്കിയാണ്. മുൻപുണ്ടായിരുന്ന തിരുവനന്തപുരം മേയർ സ്വന്തം പാർട്ടിയിലുള്ളവരെ സർക്കാർ ജോലിയിൽ തിരുകി കയറ്റാൻ സർക്കുലർ പുറപ്പെടുവിച്ചു. ഇത് കലാ സാഹിത്യ രംഗത്തും എല്ലാം മേഖലകളിലും കാണുന്ന വർഗ്ഗ സർവ്വാധിപത്യമാണ്. ഇതിനാണോ ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നത്? അധികാരത്തിൽ വരുന്ന ഓരോ രാഷ്ട്രീയ പാർട്ടികൾ അവരുടെ അണികളെ ഇങ്ങനെ ഓരോ രംഗത്തും കുത്തിനിറച്ചാൽ അത് എന്ത് ജനാധിപത്യമാണ് ? നാടുവാഴി ഭരണവും രാഷ്ട്രീയ സദാചാര ഗുണ്ടാവിളയാട്ടവും ഒരു നാടിൻ്റെ ഭാവിയെ തകർക്കുമെന്നോർക്കുക. സമത്വം, സാഹോദര്യം, തുല്യനീതി വാക്കിൽ മതിയോ പ്രവർത്തിയിൽ കാണേണ്ടതല്ലേ? അർഹതപ്പെട്ടവരെ എന്തുകൊണ്ട് അകറ്റി നിർത്തുന്നു? ഇതുപോലുള്ള അഴിമതി അനീതിയെ അപലപിച്ചാൽ ആ വ്യക്തി എങ്ങനെ സാമൂഹ്യ വിരുദ്ധനാകും?

ഏത് പാർട്ടിയായാലും കേരള ജനതയ്ക്ക് വേണ്ടത് ജി.സുധാകരനെപോലെ അഴിമതി വിരുദ്ധരായ ജനസേവകരെയാണ്. അല്ലാതെ കുടിലിൽ നിന്ന് കൊട്ടാരം പണിയുന്ന അഴിമതി, അനീതി നടത്തുന്ന ജനസേവകരെയല്ല. മുൻകാലങ്ങളിൽ കണ്ടിരുന്ന സവർണ്ണ അവർണ്ണരെപോലെ രാഷ്ട്രീയക്കാർ ജാതിമതങ്ങളെ പല തട്ടുകളിലാക്കി മനുഷ്യരെ തമ്മിലടിപ്പിച്ചും വിഘടിപ്പിച്ചും എഴുത്തുകാരെ വാലാട്ടികളാക്കിയും രാജകീയ പ്രൗഢിയിൽ ജീവിക്കുന്നവർ സമൂഹത്തിന് സംഭാവനയായി നൽകുന്നത് ഭയാനകമായ അസ്വാതന്ത്ര്യവും അസമത്വവുമാണ്. യുദ്ധങ്ങൾ എങ്ങനെ നിരപരാധികളെ കൊല്ലുന്നുവോ അതുപോലെ രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിൽ ക്രൂരതകൾ നടത്തുന്നു. കൊലയാളികൾക്കുപോലും ഒത്താശ ചെയ്യുന്നു. നിയമങ്ങൾ അട്ടിമറിക്കുന്നു. പാവങ്ങളുടെ ശബ്ദം നിശ്ശബ്ദതയിൽ മുങ്ങി മരിക്കുന്നു. കേരള നിയമസഭ തെരെഞ്ഞെടുപ്പിൽ 1957 നീലേശ്വരത്തു് നിന്ന് ജയിച്ചുവന്ന ഇ.എം.എസ് തുടങ്ങി വി.എസ് അച്യുതാനന്ദനിൽ എത്തി നിൽക്കുമ്പോൾ അധികാരത്തിൽ വന്നവരുടെ സ്വത്തു് വിവരങ്ങൾ വെളിപ്പെടുത്തണം. ജനസേവകരുടെ മഹത്തായ രാഷ്ട്രീയ സംസ്‌കാരം ജനസേവനമാണ്.

മനുഷ്യരുടെ സാംസ്‌കാരിക മണ്ഡലത്തിന് മാറ്റം വരണമെന്നുണ്ടെങ്കിൽ സത്യസന്ധരായ എം.എ ബേബി, ബിനോയ് വിശ്വം, ജി.സുധാകരനെപ്പോലേ ഇതര പാർട്ടികളിലുള്ളവർ അധികാരത്തിൽ വരണം. ഇല്ലെങ്കിൽ ഇന്ന് നടക്കുന്ന സാംസ്‌കാരിക ഹാസ്യ രാഷ്ട്രീയ നാടകം തുടരുക തന്നെ ചെയ്യും. യുവതിയുവാക്കൾ നാട് വിടും. വരും തലമുറയ്ക്ക് അവസരം കൊടുക്കാതെ മരണംവരെ അധികാരത്തിൽ അള്ളിപ്പിടിച്ചിരി ക്കുന്നവരെപറ്റി വോട്ടുകൾ കൊടുക്കുന്നവർക്ക് ഒരു ബോധ്യവുമില്ലേ? ഇതിൻ്റെ പിന്നിൽ കളിക്കുന്നത് കള്ളവോട്ടുകളോ? അതോ പബ്ലിക് സർവ്വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി യോഗ്യതയില്ലാത്തവരെ പിന്നാമ്പുറ നിയമനങ്ങൾ നടത്തി തിരുകി കയറ്റുന്നതിൻ്റെ ഉപകാരസ്‌മരണയോ? ചിലരാകട്ടെ വർഗ്ഗീയതയും മതം പ്രചരിപ്പിച്ചും കാൽ വിദ്യയും മുക്കാൽ തട്ടിപ്പുംകൊണ്ട് കാലം കഴിക്കുന്നു. ഇപ്പോഴുള്ള ട്രാൻസ്പോർട്ട് മന്ത്രിയെപോലെ അയ്യായിരം കാമിനിമാരുള്ള കാമഭ്രാന്തന്മാരെയാണോ തെരഞ്ഞെടുക്കേണ്ടത് അതോ സ്വഭാവശുദ്ധിയുള്ള അഴിമതിയുടെ കറപുരളാത്ത ജി.സുധാകരനെപ്പോലെയുള്ളവരേയോ?

ഇന്ന് കാണുന്ന രാഷ്ട്രിയ പാർട്ടികൾ, നേതാക്കൾ അവർക്ക് ചുറ്റും മതിലുകളുണ്ടാക്കി അതിൽ കുറെ അടിമകളെ തീറ്റിപ്പോറ്റുകയാണ്. ജി. സുധാകരൻ ഈ മതിൽക്കെട്ടിനുള്ളിലെ അന്തേവാസിയല്ല. അദ്ദേഹം അറുപത്തിമൂന്ന് വർഷങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെ സേവിച്ചതുകൊണ്ട് തൻ്റെ യോഗ്യതയ്ക്ക് ലഭിച്ച അംഗീകാരമാണ് മന്ത്രി പദവി. മാത്രമോ സ്വന്തം സഹോദരൻവരെ രക്തസാക്ഷിയായി. ഒരു പാർട്ടിക്കാരനും ആ കേസ് നടത്താനോ സഹായിക്കാനോ മുന്നോട്ട് വന്നില്ല. സ്വന്തം വീട്ടിലെ ആഞ്ഞിലി വിറ്റ് കേസ് നടത്തിയെന്ന് കേരള സമൂഹം കേട്ടപ്പോൾ ആരിലാണ് ഒരു വിങ്ങൽ അനുഭവപ്പെടാത്തത്?

എന്റെ ഒരു അനുഭവം പറഞ്ഞാൽ അദ്ദേഹം സഹകരണ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ കോട്ടയത്തെ സാഹിത്യപ്രവർത്തക സഹകരണ സംഘം കെട്ടിടം അതിമനോഹരമായി പുനർനിർമ്മിച്ചു. സംഘത്തിൽ നിന്ന് ഞാനടക്കം പുസ്‌തക റോയൽറ്റി കിട്ടാനുള്ളവർക്ക് എറണാകുളം ടൗൺ ഹാളിൽ വെച്ച് മന്ത്രി തന്നെ എഴുത്തുകാർക്ക് ചെക്കുകൾ കൈമാറി. അന്ന് സംഘം ഇറക്കിയ എൻ്റെ നോവൽ ‘കാണാപ്പുറങ്ങൾ, ഗൾഫ് ചരിത്രം ‘കഥകളുറങ്ങുന്ന പുണ്യഭൂമി‘ ശ്രീ. ഏഴാംച്ചേരി രാമചന്ദ്രന് നൽകി പ്രകാശനം ചെയ്‌തു. ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷനായിരിന്നു. 1945-ൽ എം.പി. പോൾ പ്രസിഡൻ്റ്, കാരൂർ നീലകണ്ഠപിള്ള സെക്രട്ടറിയായി 12 എഴുത്തുകാർ തുടങ്ങിയ സംഘം ഇന്ന് രാഷ്ട്രീയക്കാരുടെ കൂത്തരങ്ങായി മാറിയിട്ടുണ്ട്. സർക്കാർ സാംസ്ക്‌കാരിക വകുപ്പുകളിലെല്ലാം അരാഷ്ട്രീയതയുടെ മൂടുപടമാണ്.

കാരൂർ സോമൻ, (ചാരുംമൂടൻ)

You may also like

error: Content is protected !!