ഇന്ന് കർക്കടകം ഒന്ന്. ഭക്തിയുടെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികള്‍ നിറഞ്ഞ പ്രഭാതങ്ങളാണിനി ഓരോ വീടുകളിലും. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിലും വീടുകളിലുമെല്ലാം ഇന്നു മുതല്‍ ഒരു മാസം രാമായണ പാരായണം നടക്കും.
ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസ്സിനും ശരീരത്തിനും പരിചരണം നല്‍കുന്ന കാലം കൂടിയാണ് കര്‍ക്കടക മാസം.
കള്ളക്കര്‍ക്കടകം എന്നും പഞ്ഞകര്‍ക്കിടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ ‘മഴക്കാല രോഗങ്ങൾ’ ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു. കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.