ന്യൂഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി.പി രാധാകൃഷ്‌ണനെതിരെ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി സുപ്രീം കോടതി മുൻ ജഡ്‌ജിയും ഹൈദരാബാദ് സ്വദേശിയുമായ ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പേര് പ്രഖ്യാപിച്ചത്.
1946 ജൂലൈ എട്ടിന് ആന്ധ്രാപ്രദേശിലാണ് ബി. സുദർശൻ റെഡ്ഡി ജനിച്ചത്. 1971 ഡിസംബർ 27 ന് ആന്ധ്രാപ്രദേശ് ബാർ കൗൺസിലിന് കീഴിൽ ഹൈദരാബാദിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1995-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി. 2005-ൽ ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2007-ൽ സുപ്രീം കോടതി ജഡ്‌ജിയായി. 2011-ൽ വിരമിച്ചു.
തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ആർഎസ്എസ്-ബിജെപി നേതാവും മഹാരാഷ്ട്ര ഗവർണറുമാണ് സി.പി. രാധാകൃഷ്ണൻ. ജഗദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അടുത്ത മാസം ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. സി.പി. രാധാകൃഷ്‌ണനെ ഐകകണ്ഠേന തിരഞ്ഞെടുക്കാൻ പ്രതിപക്ഷം ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളോടും പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് നിരസിച്ച പ്രതിപക്ഷം തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രമുഖ ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സി.പി. രാധാകൃഷ്‌ണനെ ബി.ജെ.പി രംഗത്തിറക്കിയതെന്നാണ് വിലയിരുത്തൽ.