Saturday, November 29, 2025
Mantis Partners Sydney
Home » ഓസ്‌ട്രേലിയയില്‍ ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രം: ജോയ് കെ. മാത്യുവിന്റെ ‘ഗോസ്റ്റ് പാരഡൈസ്’ നവംബര്‍ 27-ന്
ഓസ്‌ട്രേലിയയില്‍ ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രം: ജോയ് കെ. മാത്യുവിന്റെ 'ഗോസ്റ്റ് പാരഡൈസ്' നവംബര്‍ 27-ന്

ഓസ്‌ട്രേലിയയില്‍ ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രം: ജോയ് കെ. മാത്യുവിന്റെ ‘ഗോസ്റ്റ് പാരഡൈസ്’ നവംബര്‍ 27-ന്

by Editor

ബ്രിസ്‌ബെന്‍: ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള ചലച്ചിത്രമായ ‘ഗോസ്റ്റ് പാരഡൈസ്” നവംബര്‍ 27-ന് ക്വീന്‍സ്ലാന്‍ഡില്‍ ബ്രിസ്‌ബെനിലെ ഇവന്റ് സിനിമാസിൽ പ്രദർശനോദ്ഘാടനം ചെയ്ത് കൊണ്ട് വിവിധ തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. ഇരുപത്തിയാറോളം ഓസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

ജോയ് കെ.മാത്യുവിന്റെ കീഴില്‍ ചലച്ചിത്ര കലാ പരിശീലനം ലഭിച്ചവരെയും കേരളത്തിലെ പ്രമുഖ മലയാള ചലച്ചിത്ര നടീനടന്മാരേയും, ഓസ്‌ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തിയുള്ള ക്വീന്‍സ്ലാന്‍ഡിലെ ആദ്യ മലയാള സിനിമയാണിത്. കഴിഞ്ഞ പതിനേഴുവർഷങ്ങളായി ഓസ്‌ട്രേലിയൻ ചലച്ചിത്രകലാരംഗത്ത് പ്രവർത്തിച്ചു വരുന്ന, സന്ദേശചലച്ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോയ് കെ. മാത്യുവിന്റെ, 75 രാജ്യങ്ങളിലെ പ്രമുഖരെ ഉൾപ്പെടുത്തി നിർമ്മിച്ച“ സല്യൂട്ട് ദി നേഷൻസ്” എന്ന ഡോക്യുമെന്ററിയടക്കം, പത്തൊൻപതാമത്തെ കലാസൃഷ്ടിയാണ് ‘ഗോസ്റ്റ് പാരഡൈസ്’

ഗ്ലോബല്‍ മലയാളം സിനിമയുടെ ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ചിത്രം പുറത്തിറക്കുന്നത്. കേരളത്തിലും ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ ജോയ് കെ.മാത്യു, കൈലാഷ്, ശിവജി ഗുരുവായൂര്‍, സോഹന്‍ സീനുലാല്‍, സാജു കൊടിയന്‍, മോളി കണ്ണമ്മാലി, ലീലാകൃഷ്ണന്‍, അംബിക മോഹന്‍, പൗളി വല്‍സന്‍, കുളപ്പുള്ളി ലീല, ടാസോ,അലന എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ഷാമോന്‍, സാജു, ജോബി, ജോബിഷ്, ഷാജി, മേരി, ഇന്ദു, ആഷ, ജയലക്ഷ്മി, മാര്‍ഷല്‍, സൂര്യ, രമ്യാ, പൗലോസ്, ടെസ്സ, ശ്രീലക്ഷ്മി, ഷീജ, തോമസ്, ജോസ്, ഷിബു, റജി, ജിബി, സജിനി, അലോഷി, തങ്കം, ജിന്‍സി, സതി തുടങ്ങി ഇരുപത്തിയാറോളം പേരാണ് ഗോസ്റ്റ് പാരഡെയ്സിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

രസകരവും വ്യത്യസ്തവും ഹൃദയ സ്പര്‍ശിയുമായ ജീവിതാനുഭവങ്ങളും കാഴ്ചകളും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന ഗോസ്റ്റ് പാരഡെയ്സിന്റെ കഥ, തിരക്കഥ, സംഭാഷണം. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജോയ് കെ.മാത്യു ആണ്. ആദം കെ.അന്തോണി, സാലി മൊയ്ദീന്‍ (ഛായാഗ്രഹണം), എലിസബത്ത്, ജന്നിഫര്‍, മഹേഷ് ചേര്‍ത്തല (ചമയം ), മൈക്കിള്‍ മാത്സണ്‍, ഷാജി കൂനംമാവ് (വസ്ത്രാലങ്കാരം), ഡോ.രേഖാ റാണി, സഞ്ജു സുകുമാരന്‍ (സംഗീതം), ഗീത് കാര്‍ത്തിക, ബാലാജി (കലാ സംവിധാനം), ഷാബു പോള്‍ (നിശ്ചല ഛായാഗ്രഹണം) സലിം ബാവ (സംഘട്ടനം), ലിന്‍സണ്‍ റാഫേല്‍ (എഡിറ്റിങ്) ജുബിൻ രാജ് (സൗണ്ട് മിക്സിങ്) സി,ആർ,സജയ് (കളറിസ്റ്റ് ), കെ.ജെ. മാത്യു കണിയാംപറമ്പില്‍ (എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍), ജിജോ ജോസ്,(ഫൈനാന്‍സ് കണ്ട്രോളര്‍) ക്ലെയര്‍, ജോസ് വരാപ്പുഴ, (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍) രാധാകൃഷ്ണന്‍ ചേലേരി (പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്) യൂണിറ്റ് (മദര്‍ലാന്റ് കൊച്ചി, മദര്‍ വിഷന്‍), ക്യാമറ (ലെന്‍സ് മാര്‍ക്ക് 4 മീഡിയ എറണാകുളം, മദര്‍ വിഷന്‍) ഷിബിന്‍ സി.ബാബു (പോസ്റ്റര്‍ ഡിസൈന്‍) ഡേവിസ് വര്‍ഗ്ഗീസ് (പ്രൊഡക്ഷന്‍ മാനേജര്‍) നിതിന്‍ നന്ദകുമാര്‍ (അനിമേഷന്‍) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

കലാസാഹിത്യരംഗത്ത് മികവിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്ന പതിനായിരങ്ങള്‍ ഓസ്‌ട്രേലിയന്‍ മലയാളികളിലുണ്ട്. എന്നാല്‍, തങ്ങളുടെ അഭിരുചികളും കഴിവുകളും വികസിപ്പിക്കാനോ പ്രകടമാക്കാനോ അവര്‍ക്കുള്ള അവസരങ്ങള്‍ വളരെ പരിമിതമാണ്. ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയ അവസരങ്ങളില്‍ മാത്രമാണ് ലഭിക്കുന്ന ചെറിയ വേദികള്‍. ഈ പരിമിതികള്‍ മറികടന്ന്, ഓസ്‌ട്രേലിയയിലെ മലയാളി കലാകാരന്മാരുടെ മികവുകള്‍ക്ക് പ്രകാശനം നല്‍കാനും ചലച്ചിത്ര-കലാരംഗത്ത് അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുമായി, നടനും എഴുത്തുകാരനും ഛായാഗ്രഹകനും സംവിധായകനും ചലച്ചിത്ര കലാ പരിശീലകനും ലോക റെക്കോര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു വ്യക്തമായ ദര്‍ശനത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അങ്ങനെ, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡില്‍ ആദ്യമായി ചലച്ചിത്രകലാ പരിശീലനം സംഘടിപ്പിച്ച്, അനേകം പേരെ സിനിമാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

കേരളത്തിലെ മലയാള സിനിമാ മേഖലയ്ക്ക് സമാനമായ ഒന്ന് ഓസ്‌ട്രേലിയയിലും വാര്‍ത്തെടുക്കുന്നതിലൂടെ കേരളത്തിലേയും ഓസ്‌ട്രേലിയയിലേയും കലാപ്രവര്‍ത്തകര്‍ക്ക് മികച്ച അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് മറ്റ് രാജ്യക്കാര്‍ക്കും മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന മലയാളി കലാകാരന്മാര്‍ക്കും ഭാവിയില്‍ പിന്തുടരാവുന്ന മാതൃക കൂടിയാണ്.

ഓസ്‌ട്രേലിയയിലെ മലയാളി കലാപ്രവര്‍ത്തകരെ കൂടാതെ കേരളത്തിലുള്ള സിനിമാ പ്രവര്‍ത്തകരെയും ഓസ്ട്രലിയന്‍ ചലച്ചിത്ര താരങ്ങളെയും മറ്റ് രാജ്യങ്ങളിലെ സിനിമാ അഭിനേതാക്കളെയും സാങ്കേതിക വിദഗ്ധരേയും ഉള്‍പ്പെടുത്തി ഇംഗ്ലീഷ് സബ്‌ടൈറ്റിലോടു കൂടി ഓസ്‌ട്രേലിയയിലെ വിവിധ തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതോടെ ഓസ്‌ട്രേലിയന്‍ ചലച്ചിത്രമേഖലയില്‍ കേരളത്തിന്റെ പ്രാതിനിധ്യമേറുമെന്ന് ജോയ് കെ. മാത്യു അഭിപ്രായപ്പെട്ടു.

ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൃത്യവും വ്യക്തവുമായ ലക്ഷ്യത്തോടെ ഇങ്ങനെയൊരു ചലച്ചിത്ര സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നത്. വിദേശ മണ്ണില്‍ ജീവിക്കുന്ന മലയാളി കലാകാരന്മാര്‍ക്ക് സിനിമയിലേക്ക് അവസരം നല്‍കാനും അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാനും സിനിമയുടെ വിവിധ മേഖലകളെക്കുറിച്ച് കൂടുതല്‍ അറിവും നല്‍കാനും ലക്ഷ്യമിട്ട് 2022 മുതലാണ് ഓസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ ചലച്ചിത്ര പരിശീലന പരിപാടിക്ക് തുടക്കമിട്ടത്.

ജോയ് കെ.മാത്യു ഗ്ലോബല്‍ മലയാള സിനിമയുടേയും ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടേയും ചെയര്‍മാനും ഓസ്ട്രേലിയയിലെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ ആംലായുടെ പ്രസിഡന്റുമാണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിക്ക് തുടക്കമിട്ടതും ജോയ് കെ.മാത്യുവാണ്.

നവംബർ 27 ന് നടക്കുന്ന ‘ഗോസ്റ്റ് പാരഡെയ്സ് ‘ സിനിമയുടെ പ്രദർശനോദ്ഘാടന ചടങ്ങിൽ ഓസ്ട്രേലിയയിലെ ചലച്ചിത്ര, കലാ, സാഹിത്യ, സാംസ്കാരിക, നാടക, നൃത്ത ആത്മീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

Send your news and Advertisements

You may also like

error: Content is protected !!