Thursday, April 2, 2026
Home » ജപ്പാൻ തിരഞ്ഞെടുപ്പ്: സനായേ താകായീച്ചിയെ അഭിനന്ദിച്ച് മോദിയും ട്രംപും
ജപ്പാൻ തിരഞ്ഞെടുപ്പ്: സനായേ താകായീച്ചിയെ അഭിനന്ദിച്ച് മോദിയും ട്രംപും

ജപ്പാൻ തിരഞ്ഞെടുപ്പ്: സനായേ താകായീച്ചിയെ അഭിനന്ദിച്ച് മോദിയും ട്രംപും

by Editor
Send your news and Advertisements

ടോക്യോ: ജപ്പാനിൽ ഞായറാഴ്ച നടന്ന പാർലമെന്‍റിന്‍റെ അധോ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സനായേ താകായീച്ചിയുടെ ലിബറൽ ഡെമക്രാറ്റിക് പാർട്ടി (എൽഡിപി) വമ്പൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറി. 465 അംഗങ്ങളുള്ള പ്രതിനിധി സഭയിൽ താകായീച്ചിയുടെ എൽ.ഡി.പി ഒറ്റയ്ക്ക് 316 സീറ്റുകൾ നേടി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാനിൽ ഒരു പാർട്ടി ഇത്രയും വലിയ ഭൂരിപക്ഷം നേടുന്നത് ഇതാദ്യമാണ്.

കടുത്ത ചൈനാ വിമർശകയായ താകായീച്ചി 2025 ഒക്ടോബറിലാണ് എൽഡിപിയുടെ നേതാവും ജപ്പാന്റെ പ്രധാനമന്ത്രിയുമായത്. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റ താകായീച്ചി, വെറും നാല് മാസത്തിന് ശേഷമാണ് ഈ ഉജ്ജ്വല വിജയം നേടിയത്. പ്രധാന പ്രതിപക്ഷകക്ഷിയായ കോൺസ്റ്റിറ്റ്യൂഷണൽ ഡെമക്രാറ്റിക് പാർട്ടിയും (സിഡിപി) എൽഡിപിയുടെ മുൻ സഖ്യകക്ഷിയായ കൊമെയ്തോയും ചേർന്നുണ്ടാക്കിയ സെൻട്രിസ്റ്റ് റിഫോം അലയൻസിനെ പരാജയപ്പെടുത്തിയായിരുന്നു താകായീച്ചിയുടെ പാർട്ടി അധികാരത്തിലേറിയത്. എൽ.ഡി.പി സഖ്യകക്ഷിയായ ‘ജപ്പാൻ ഇന്നൊവേഷൻ പാർട്ടി’ (Ishin) കൂടി ചേർന്നപ്പോൾ ഭരണസഖ്യത്തിന് മൊത്തം 352 സീറ്റുകൾ ലഭിച്ചു.

ജപ്പാൻ പ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയം നേടിയ ജാപ്പനീസ് പ്രധാനമന്ത്രി സനായേ താകായീച്ചിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും അഭിനന്ദിച്ചു. താകായീച്ചിടെ നേതൃത്വത്തിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാകുമെന്നായിരുന്നു മോദി എക്സിൽ കുറിച്ചത്. താകായീച്ചിയുടെ കഴിവുറ്റ നേതൃത്വത്തിൽ ഇന്ത്യ-ജപ്പാൻ സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താകായീച്ചിയെ അഭിനന്ദിക്കുകയും അവരുടെ ‘കരുത്തിലൂടെയുള്ള സമാധാനം‘ എന്ന നയത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

ഈ വിജയത്തോടെ ജപ്പാന്റെ സൈനിക ചെലവ് വർദ്ധിപ്പിക്കാനും ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താനുമുള്ള താകായീച്ചിയുടെ കടുത്ത നിലപാടുകൾക്ക് വലിയ അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. ചൈനയോടുള്ള കർശന നിലപാടും സാമ്പത്തിക പരിഷ്കരണങ്ങളും അവരുടെ ഭരണത്തിന്റെ പ്രധാന അജണ്ടകളാണ്.

You may also like

error: Content is protected !!