ടെൽ അവീവ്: യെമൻ തലസ്‌ഥാനമായ സനായിൽ ഇസ്രയേൽ വീണ്ടും ബോംബാക്രമണം നടത്തി. വടക്കൻ പ്രവിശ്യയായ അൽ ജൗഫിലാണ് ആക്രമണം നടന്നത്. മുപ്പത്തിയഞ്ചു പേർ കൊല്ലപ്പെട്ടതായും 131 പേർക്ക് പരിക്കേറ്റതായും ഹുതി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സനായിലെ അൽ-തഹ്‌രിർ പരിസരത്തെ വീടുകൾ, നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള 60-ാം സ്ട്രീറ്റിലെ ഒരു മെഡിക്കൽ സൗകര്യം, അൽ-ജാഫിന്റെ തലസ്ഥാനമായ അൽ-ഹസ്മിലെ ഒരു സർക്കാർ കോമ്പൗണ്ട് എന്നിവയുൾപ്പെടെയുള്ള സിവിലിയൻ, റെസിഡൻഷ്യൽ മേഖലകളിലാണ് ആക്രമണം നടന്നതെന്ന് മന്ത്രാലയം അറിയിച്ചു. മരണ സഖ്യ വർദ്ധിക്കാൻ സാധ്യത ഉണ്ടെന്നും യെമെനിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഹുതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്‌ഥിരീകരിച്ചു. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യെമനിലും ആക്രമണം ഉണ്ടായത്. ഓഗസ്റ്റ് 30-നു സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹുതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഇന്നലെ 30 പലസ്‌തീൻകാർ കൂടി കൊല്ലപ്പെട്ടു.