ദോഹ: ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് പറഞ്ഞു. ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്.
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥരീകരിച്ചു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ജറുസലേമിൽ കഴിഞ്ഞ ദിവസം നടത്തിയ വെടിവെപ്പിൻ്റെ പ്രതികാരമായിട്ടാണ് ഹമാസ് നേതാക്കൾക്ക് നേരെ ആക്രമണത്തിന് ഇസ്രയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കി.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണം ഇസ്രയേൽ നേരത്തെ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. അമേരിക്ക നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ യു.എസ് എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. ദോഹയിലെ സാഹചര്യം സുരക്ഷിതമെന്നും പൗരന്മാർ ആശങ്കപെടേണ്ടെന്നും എംബസി അധികൃതർ പറഞ്ഞു.
ദോഹയിലെ ഹമാസ് റസിഡൻഷ്യൽ ഹെഡ് ക്വാർട്ടേഴ്‌സിന് നേരെയായിരുന്നു ഇസ്രയേൽ ആക്രമണം. സംഭവം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന പാർപ്പിട സമുച്ചയം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഭീരുത്വമാർന്ന ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുന്നു’ എന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി അറിയിച്ചു. ഈ ക്രിമിനൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയുമാണ്. തങ്ങളുടെ സുരക്ഷയേയും പരമാധികാരത്തെയും ലക്ഷ്യം വെക്കുന്ന ഒരു പ്രവർത്തനവും വെച്ചു പൊറുപ്പിക്കില്ല. ആക്രമണം സംബന്ധിച്ച് ഉന്നത തലത്തിൽ അന്വേഷണം പുരോഗമിക്കുകയാണന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
അതേസമയം ഖത്തറിലെ ഇസ്രയേൽ ആക്രമണത്തെ സൗദി അറേബ്യയും യുഎഇ അപലപിച്ചു. ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഖത്തർ എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉണ്ടാകുമെന്ന് സൗദി വ്യക്തമാക്കി. ഖത്തറിന് പൂർണ പിന്തുണയെന്ന് യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്‌ദുള ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.