Mantis Partners Sydney
Friday, February 27, 2026
Mantis Partners Sydney
Home » സൊമാലിലാ‍ൻഡിന് ഇസ്രയേൽ അംഗീകാരം; നടപടിയെ വിമർശിച്ച് സൊമാലിയയും, തുർക്കിയും, ഖത്തറും.
സൊമാലിലാ‍ൻഡിന് ഇസ്രയേൽ അംഗീകാരം; നടപടിയെ വിമർശിച്ച് സൊമാലിയയും, തുർക്കിയും, ഖത്തറും.

സൊമാലിലാ‍ൻഡിന് ഇസ്രയേൽ അംഗീകാരം; നടപടിയെ വിമർശിച്ച് സൊമാലിയയും, തുർക്കിയും, ഖത്തറും.

by Editor
Send your news and Advertisements

ടെൽ അവീവ്: റിപ്പബ്ലിക് ഓഫ് സൊമാലിയലാൻഡിനെ സ്വതന്ത്രവും പരമാധികാരവുമായ രാജ്യമായി ഇസ്രായേൽ അംഗീകരിച്ചു. ഐക്യരാഷ്‌ട്രസഭയിൽ അങ്ങനെ ചെയ്യുന്ന ആദ്യ അംഗരാജ്യമാണ് ഇസ്രായേൽ. 1991-ൽ റിപ്പബ്ലിക്കായി സ്വയം പ്രഖ്യാപിച്ച മേഖലയ്ക്ക് 34 വർഷത്തിനു ശേഷമാണ് ഏതെങ്കിലും ഒരു രാജ്യം അംഗീകാരം നൽകുന്നത്. അബ്ദിറഹ്മാൻ ഇറോ എന്ന പേരിൽ അറിയപ്പെടുന്ന സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മജ് അബ്ദുല്ലാഹിയുമായി വിഡിയോ കോളിൽ സംസാരിച്ച നെതന്യാഹു അദ്ദേഹത്തെ ഇസ്രയേൽ സന്ദർശിക്കാൻ ക്ഷണിച്ചു. ഒരു വർഷം നീണ്ട ചർച്ചകൾക്കുശേഷമാണ് നയതന്ത്ര ധാരണയായതെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ പറഞ്ഞു.

സൊമാലിലാൻഡുമായി പൂർണ നയതന്ത്രബന്ധം സ്‌ഥാപിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വെള്ളിയാഴ്ച പ്രഖ്യാപിച്ചതോടെ സൊമാലിയയും ആഫ്രിക്കൻ യൂണിയനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സൊമാലിലാൻഡ് സൊമാലിയയുടെ അവിഭാജ്യഭാഗമാണെന്നും ഇസ്രയേൽ നീക്കം നിയമവിരുദ്ധമാണെന്നും സൊമാലിയ ആരോപിച്ചു. ഇത് അവരുടെ പരമാധികാരത്തിന് നേരെയുള്ള മനഃപൂർവവും നിയമവിരുദ്ധവുമായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചു.

സൊമാലിലാൻഡ് പണ്ട് ബ്രിട്ടന്റെ കീഴിലായിരുന്നു. സ്വന്തമായി സർക്കാരും പൊലീസ് സേനയും കറൻസിമുണ്ട് ഈ പ്രദേശത്തിന്. ചെങ്കടൽ, ഗൾഫ് ഓഫ് ഏഡൻ, ഇന്ത്യൻ മഹാസമുദ്രം എന്നിവയോടു ചേർന്നു കിടക്കുന്ന ‘ഹോൺ ഓഫ് ആഫ്രിക്ക’ എന്നറിയപ്പെടുന്ന തന്ത്രപ്രധാന മേഖലയുടെ ഭാഗമാണിത്. 1,77,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ പ്രദേശത്തിന്റെ തലസ്ഥാനം ഹർഗെയ്സയാണ്. ജനസംഖ്യ 57 ലക്ഷം ഉണ്ട്. സൊമാലി, അറബിക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ അവിടുത്തെ ആളുകൾ സംസാരിക്കുന്നു.

സൊമാലിലാൻഡിനെ അംഗീകരിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം തുർക്കിയെയും ചൊടിപ്പിച്ചിട്ടുണ്ട്. പ്രാദേശികമായും ആഗോളമായും അസ്ഥിരത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നിയമവിരുദ്ധ നടപടികളുടെ പുതിയ ഉദാഹരണമാണിതെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഓങ്കു കെസെലി വിശേഷിപ്പിച്ചു. തുർക്കിയുടെ ഏറ്റവും വലിയ വിദേശ സൈനിക താവളത്തിന് സൊമാലിയ ആതിഥേയത്വം വഹിക്കുന്നു. തുർക്കിയിൽ നിന്ന് സൊമാലിയയ്‌ക്ക് ഗണ്യമായ സൈനിക, സാമ്പത്തിക, മാനുഷിക സഹായങ്ങളും ലഭിക്കുന്നുണ്ട്. ഇസ്രായേലിന്റെ ഈ തീരുമാനം തുർക്കിക്ക് തന്ത്രപരമായും സാമ്പത്തികമായും ഒരു വെല്ലുവിളി ഉയർത്തിയേക്കാം.

സോമാലിലാൻഡിന് അംഗീകാരം നൽകിയ ഇസ്രായേൽ നടപടിയെ രൂക്ഷമായി വിമർശിച്ച് ഖത്തർ. തീരുമാനം സൊമാലിയയുടെ അഖണ്ഡതയ്ക്കെതിരെയുള്ള കടന്നു കയറ്റമാണെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. പ്രഖ്യാപനം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. ഇത് സൊമാലിയൻ റിപ്പബ്ലിക്കിന്റെ പരമാധികാരത്തെയും ഐക്യത്തെയും ദുർബലപ്പെടുത്തും. ആഫ്രിക്കൻ രാഷ്ട്രത്തിന്റെ അഖണ്ഡത തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും നിരാകരിക്കുന്നു. ആ രാജ്യത്തിന്റെ താത്പര്യവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. സൊമാലിയയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി വ്യക്തമാക്കി. സൊമാലിയൻ പ്രസിഡണ്ട് ഹസൻ ശൈഖ് മഹ്‌മൂദുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അമീർ ഖത്തറിൻ്റെ പിന്തുണ അറിയിച്ചത്.

You may also like

error: Content is protected !!