ന്യൂഡല്‍ഹി: ഇസ്ലാമിക്ക് സ്റ്റേറ്റ് ഇന്ത്യൻ ഓപ്പറേഷൻസ് മേധാവി സാഖ്വിബ് അബ്ദുള്‍ നാച്ചന്‍ മരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഡല്‍ഹി സഫ്ദർജംഗ് ആശുപത്രിയില്‍വെച്ചായിരുന്നു മരണം. ഒരാഴ്ച്ച മുന്‍പാണ് ഇയാളെ തിഹാര്‍ ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2023-ല്‍ എന്‍ ഐ എ അറസ്റ്റ് ചെയ്ത സാഖ്വിബ് അബ്ദുള്‍ നാച്ചന്‍ മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്. ഐഎസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. 2023 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ തലച്ചോറില്‍ രക്തസ്രാവമുണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നാലുദിവസമായി നിരീക്ഷണത്തിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറും. നാച്ചന്റെ അന്ത്യകര്‍മങ്ങള്‍ പഡ്ഗയിലെ ബോറിവാലിയില്‍ നടക്കും.
താനെ ജില്ലയിലെ പഡ്ഗയില്‍ നിന്നുളളയാളാണ് സാഖ്വിബ് അബ്ദുള്‍ ഹമീദ് നാച്ചന്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരോധിച്ച സംഘടനയായ സിമിയുടെ ഭാരവാഹിയായിരുന്നു. മുംബൈയില്‍ 2002-ലും 2003-ലുമായി നടന്ന മുംബൈ ഭീകരാക്രമണ പരമ്പരകളെക്കുറിച്ചുളള അന്വേഷണത്തിലാണ് നാച്ചന്റെ പേര് ഉയര്‍ന്നുവന്നത്. തീവ്രവാദ നിരോധന നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന (POTA) പ്രത്യേക കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2017-ല്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇയാള്‍ പുറത്തിറങ്ങി. പിന്നീട് 2023-ല്‍ എന്‍ ഐ എ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിലുടനീളമുളള ഐഎസ് ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായായിരുന്നു അറസ്റ്റ്. ഡല്‍ഹി പഡ്ഗ ഐഎസ് ടെറര്‍ മൊഡ്യൂള്‍ കേസിലെ പ്രധാന പ്രതിയാണ്.