കൊച്ചി: ഇറാൻ– ഇസ്രയേൽ– യുഎസ് സംഘർഷം രൂക്ഷമായിരിക്കെ, ഇറാൻ നാവികസേനയുടെ കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടു. ഐആർഐഎസ് ലാവൻ കപ്പൽ ബുധനാഴ്‌ചയാണ് കൊച്ചിയിലെത്തിയത്. ഫെബ്രുവരി 28-ന് ഇറാൻ നൽകിയ അഭ്യർത്ഥന പരിഗണിച്ച് മാർച്ച് 1-ന് കപ്പലിന് നങ്കൂരമിടാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. തുടർന്ന് മാർച്ച് 4-നാണ് കപ്പൽ കൊച്ചിയിൽ അടുത്തത്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരായി താമസസ്ഥലത്തേക്ക് മാറ്റി.
സാങ്കേതിക തകരാറിനെ തുടർന്നാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടതെന്നാണ് സൂചന. ജീവനക്കാരെ കൊച്ചിയിലെ നാവിക താവളത്തിലേക്കാണ് മാറ്റിയത്. വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര കപ്പൽപ്പട പ്രദർശനത്തിനായി എത്തിയ ഈ കപ്പലിനെ കൊച്ചിയിൽ പ്രവേശിപ്പിക്കാൻ ഇറാൻ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് ബുഷർ കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് എത്തിയിരുന്നു. ഐആർഐഎസ് ലാവനും ഐആർഐഎസ് ബുഷറും അന്താരാഷ്ട്ര കപ്പൽ പ്രദർശനത്തിന് എത്തിയതായിരുന്നു.
ഫെബ്രുവരി 26-ന് രണ്ട് കപ്പലുകളും മുംബൈയിൽ സന്ദർശനം നടത്തിയിരുന്നു. പിന്നീട് ലാവൻ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. അഭ്യൂഹങ്ങൾക്കിടയിലാണ് കപ്പൽ ഇന്ത്യൻ സൈന്യത്തിൻ്റെ സുരക്ഷിത കവചത്തിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇറാന്റെ മറ്റൊരു കപ്പലായ ഐആർഐഎസ് സഹന്ദ് വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര സീ റിവ്യൂവിൽ പങ്കെടുത്തിരുന്നു. അതിന് ശേഷം ഇതേ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവെയാണ് ശ്രീലങ്കൻ തീരത്തിനടുത്ത് ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനക്ക് നേരെ അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണം ഉണ്ടായത്.
സംഭവത്തിൽ 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായും 32 പേർക്ക് പരുക്കേറ്റതായും ബാക്കിയുള്ള 60ഓളം പേർക്കു വേണ്ടി തിരച്ചിൽ നടക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്‌ഥാനത്തിൽ ഇന്ത്യൻ നാവികസേന രക്ഷാപ്രവർത്തനത്തിന് ശ്രീലങ്കൻ നാവികസേനയ്ക്ക് സഹായം നൽകിയതായി കഴിഞ്ഞ ദിവസം ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചിരുന്നു.


