ടെഹ്റാൻ: ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ 490 പേർ പ്രക്ഷോഭകാരികളും 48 പേർ ഇറാൻ സുരക്ഷാ സേനാംഗങ്ങളുമാണെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി (HRANA) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ പതിനായിരത്തിലധികം പേരെ ഭരണകൂടം തടവിലാക്കിയതായും മനുഷ്യാവകാശ പ്രവർത്തകർ പറയുന്നുണ്ട്.
ഇറാനിലെ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടുള്ള സൈനിക നടപടി ആലോചിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ അമേരിക്ക സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാന്റെ പരമാധികാരത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാൽ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബാഘർ ഘാലിബാഫ് പറഞ്ഞു.
ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് നേരെ വെടിവെപ്പ് ഉൾപ്പെടെയുള്ള അതിക്രമം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ ഇടപെടാനുള്ള സമയമായെന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണി.
നിലവിൽ രാജ്യത്തുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ഇറാൻ പാർലമെൻ്റിൽ ഞായറാഴ്ച ചേർന്ന സമ്മേളനത്തിനിടെയാണ് ഘാലിബാഫിൻ്റെ പ്രഖ്യാപനം. സഭാംഗങ്ങൾ അമേരിക്കയ്ക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനിടെയായിരുന്നു ഘാലിബാഫിൻ്റെ താക്കീത്. ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലായിരിക്കില്ല ഇറാൻ്റെ നീക്കങ്ങളെന്നും ഘാലിബാഫ് കൂട്ടിച്ചേർത്തു. ട്രംപിനെ ‘വ്യാമോഹി’ എന്ന് വിളിച്ച സ്‌പീക്കർ അമേരിക്കയും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്നും മുന്നറിയിപ്പ് നൽകി.
ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ അതീവ ജാഗ്രതയിലെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശനിയാഴ്ച്‌ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇക്കാര്യം ചർച്ച ചെയ്‌തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
അതിനിടെ ആഭ്യന്തര പ്രക്ഷോഭം കത്തിപ്പടരുന്ന ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ ശ്രമം. രാജ്യവ്യാപകമായി ഇൻ്റർനെറ്റ് വിച്ഛേദിച്ചതും വിമാന സർവീസുകൾ നിർത്തി വെച്ചതും ഒഴിപ്പിക്കൽ നടപടികൾക്ക് വലിയ വെല്ലുവിളിയാണ്. പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ടു പോവുകയും അമേരിക്ക ഇടപെടുകയും ചെയ്‌താൽ അവസ്ഥ അപകടകരമാവുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
ഇസ്രയേലും അമേരിക്കയുമായി ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ്റെ സാമ്പത്തികാവസ്ഥ കൂടുതൽ വഷളായിട്ടുണ്ട്. അതിനിടെയാണ് പൊതുജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്. 2022-ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്‌ത മഹ്സ അമീനി എന്ന യുവതി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ ദേശീയ പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
താക്കീതുമായി വീണ്ടും ട്രംപ്; മുൻ കിരീടാവകാശി റെസ പഹ്‌ലവി ഇറാനിലേക്ക് മടങ്ങുന്നു.



