ടെഹ്റാൻ: അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കിടെ ഒമാൻ കടലിൽ സംയുക്ത നാവിക അഭ്യാസത്തിനൊരുങ്ങി റഷ്യയും ഇറാനും. ജനീവയിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന രണ്ടാംഘട്ട ആണവ നിർവ്യാപന ചർച്ചയിലും കാര്യമായ പുരോഗതി കൈവരിക്കാത്ത സാഹചര്യത്തിൽ റഷ്യയെ കൂട്ടുപിടിച്ചുള്ള ഇറാൻ്റെ നീക്കം ജാഗ്രതയോടെയാണ് ലോകം വീക്ഷിക്കുന്നത്. ചൈനയുടെ നാവിക സേനാ വിഭാഗങ്ങളും അഭ്യാസത്തിൽ പങ്കാളികളായേക്കും എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് നാവിക സേനയ്ക്ക് വെല്ലുവിളി സൃഷ്‌ടിച്ച് ഹോർമുസ് കടലിടുക്കിൽ ഇറാൻ സൈന്യം കഴിഞ്ഞ ദിവസം അഭ്യാസങ്ങൾ നടത്തിയിരുന്നു. ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ സമുദ്രത്തിലുമായി ഇറാനും റഷ്യയും സംയുക്ത നാവികാഭ്യാസം നാളെ (വ്യാഴാഴ്‌ച) നടക്കുമെന്നാണ് ഡ്രിൽ വക്താവ് റിയർ അഡ്‌മിറൽ ഹസ്സൻ മദവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎസ്എൻഎ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനും സമുദ്ര സുരക്ഷ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത് എന്നാണ് ഹസ്സൻ മക്‌സൂദ് വ്യക്തമാക്കുന്നത്. അതേസമയം അഭ്യാസപ്രകടനം എത്ര സമയത്തേക്കാണെന്ന് വ്യക്തമാക്കുന്നില്ല.
ജനീവയിലെ ചർച്ചകൾക്ക് മുന്നോടിയായി ഇറാനുമേൽ സമ്മർദ്ദം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമേരിക്ക ഗൾഫ് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയിരുന്നു. ഇറാന്റെ ആണവനിലയങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നാവിക അഭ്യാസം നടക്കുന്നത്. ഗൾഫ് മേഖലയിൽ യു.എസ് വലിയ തോതിൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്.
വിമാനവാഹിനി കപ്പലുകളടക്കം അയച്ച് പശ്ചിമേഷ്യയിലെ സൈനിക ശക്തി വർദ്ധിപ്പിക്കുന്ന അമേരിക്കയ്ക്കു എതിരെ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയെ വീണ്ടും എഴുന്നേൽക്കാൻ കഴിയാത്തവിധം ശക്തമായി ആക്രമിക്കാൻ കഴിയുമെന്നും വിമാന വാഹിനി കപ്പലിനെ കടലിൻ്റെ അടിത്തട്ടിലേക്ക് അയയ്ക്കാൻ കഴിയുമെന്നും ഖൊമേനി പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യം തങ്ങളുടെ രാജ്യത്തിന് ഉണ്ടെന്ന് യു.എസ് പ്രസിഡൻ്റ് പലപ്പോഴും അവകാശപ്പെടുന്നുണ്ട്. എന്നാൽ ഏറ്റവും ശക്തമായ സൈന്യത്തിന് പോലും ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ കഴിയാത്തത്ര കഠിനമായി തിരിച്ചടിക്കാൻ തങ്ങൾക്ക് കഴിയുമെന്നും ഖൊമേനി പറഞ്ഞു.
ഇറാൻ തീരത്തോട് ചേർന്ന് നങ്കൂരമിട്ടിരിക്കുന്ന യു.എസ്.എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലിനെ ലക്ഷ്യം വെച്ചാണ് ഖമീനിയുടെ പ്രസ്‌താവനയെന്നാണ് സൂചന. അയ്യായിരത്തിലധികം സൈനികർ ഉള്ള എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിൽ എഫ് 35 അടക്കമുള്ള 90 ഓളം യുദ്ധ വിമാനങ്ങളുണ്ട്. ഇറാനിൽ നിന്ന് ഏകദേശം 700 കിലോ മീറ്റർ അകലെ ഒമാൻ തീരത്താണ് നിലവിൽ ഈ കപ്പലുള്ളതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിനിടയിൽ തന്നെയാണ് ഒമാൻ കടലിൽ റഷ്യയുമായി ചേർന്നുള്ള ഇറാന്റെ നാവിക ആഭ്യാസങ്ങൾ അരങ്ങേറുന്നത്.


