Saturday, March 28, 2026
Home » പാക്കിസ്ഥാൻറേത് ഡബിൾഗെയിമെന്ന് വിലയിരുത്തി ഇറാൻ; ഇസ്രയേലിന് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ
പാക്കിസ്ഥാൻറേത് ഡബിൾഗെയിമെന്ന് വിലയിരുത്തി ഇറാൻ; ഇസ്രയേലിന് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

പാക്കിസ്ഥാൻറേത് ഡബിൾഗെയിമെന്ന് വിലയിരുത്തി ഇറാൻ; ഇസ്രയേലിന് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

by Editor
Send your news and Advertisements

ടെഹ്റാൻ: ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധവിഷയത്തിൽ മധ്യസ്ഥത വഹിക്കുന്നതായി പാക്കിസ്ഥാൻ അവകാശപ്പെടുമ്പോഴും പാക്കിസ്ഥാന്റെ കാര്യത്തിൽ ഇറാന് അതൃപ്തി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ പാക്കിസ്ഥാൻ നടത്തിയ ഏറ്റവും പുതിയ നീക്കം ഇറാനിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇറാന്റെ ഉപരോധത്തിനിടയിലും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് അനുകൂലമായി പാക്കിസ്ഥാൻ പ്രവർത്തിക്കുന്നു എന്ന വിലയിരുത്തലിലാണ് ടെഹ്‌റാൻ രൂക്ഷമായി പ്രതികരിക്കുന്നത്.

ഹോർമുസ് കടലിടുക്കിൽ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ പരിമിതമായ പ്രവേശനം അനുവദിച്ചിരുന്നു. പാക് പതാക വഹിക്കുന്ന 10 കപ്പലുകൾക്ക് ഇതിന്റെ ഭാഗമായി സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നു. കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയ പാക് കപ്പലുകൾ യഥാർത്ഥത്തിൽ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കാണ് സഹായകരമായതെന്ന് ഇറാൻ ഇന്റലിജൻസ് വിഭാഗം ആരോപിക്കുന്നു. പാക്കിസ്ഥാൻ ഒരു ‘ഇരട്ടത്താപ്പ്’ (Double Game) കളിക്കുകയാണെന്ന് ഇറാൻ വിശ്വസിക്കുന്നു.

നയതന്ത്ര മാർഗങ്ങൾ തുടർന്നും നിലനിർത്താനുള്ള ഇറാന്റെ സന്നദ്ധതയെ സൂചിപ്പിക്കുന്ന പ്രവൃത്തിയായി 10 കപ്പലുകൾക്ക് ഹോർമുസ് കടന്നുപോകാൻ അനുമതി ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുകയും ചെയ്തതോടെ ഇറാന് പാക്കിസ്ഥാനെ വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയായി. ഇതോടെ സുഹൃദ് രാജ്യത്തിന് നൽകിയ സഹായത്തെ പാക്കിസ്ഥാൻ ശത്രു രാജ്യത്തെ പരോക്ഷമായി സഹായിക്കുന്ന രീതിയിലേക്ക്  മാറ്റിയെന്നാണ് ഇറാൻ വിലയിരുത്തിയത്. പാക്കിസ്ഥാൻ്റെ ഈ പെരുമാറ്റത്തെ ബോധപൂർവമായ കപടതയായാണ് ഇറാൻ വിലയിരുത്തുന്നത്.

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങളിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഇസ്ലാമാബാദിന്റെ നിലപാടുകൾ തങ്ങൾക്ക് അനുകൂലമല്ലെന്ന നിലപാടിലാണ് ഇറാൻ. പാകിസ്താന്റെ മധ്യസ്ഥതാവാഗ്ദാനം നിഷ്പക്ഷതയല്ല, മറിച്ച് ഒരു തന്ത്രപരമായ കവചമാണെന്നും ഇരുപക്ഷത്തുനിന്നും പ്രയോജനം നേടാനുള്ള ലക്ഷ്യത്തോടെയുള്ളതാണെന്നും ഇറാൻ കരുതുന്നു.

ഇസ്രയേലിന് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ പാക്കിസ്ഥാൻ എംബസിക്ക് സമീപം ഇസ്രയേല്‍-യുഎസ് ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ. ‘ഇസ്രയേല്‍ ഓര്‍ത്തോളൂ. ഞങ്ങള്‍ ഖത്തറല്ല. ലോകത്ത് എവിടെയെങ്കിലുമുള്ള ഞങ്ങളുടെ നയതന്ത്രജ്ഞരെ തൊട്ടാല്‍ തകര്‍ത്തുതരിപ്പണമാക്കും‘, എന്നാണ് പാക്കിസ്ഥാൻ സ്ട്രാറ്റജിക് ഫോറം പുറത്തിറക്കിയ പ്രസ്താവനില്‍ പറഞ്ഞത്. വ്യാഴാഴ്ച തെഹ്‌റാനില്‍ ഇസ്രയേലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയിരുന്നു. തെഹ്‌റാനിലെ പാക് അംബാസഡറുടെ വസതിക്കും പാക് എംബസിക്ക് സമീപമുള്ള പ്രദേശങ്ങളിലുമായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ എംബസിയുടെ കോമ്പൗണ്ടിന് കേടുപാടോ പാക്കിസ്ഥാന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പരിക്കോ സംഭവിച്ചിട്ടില്ല.

ഒരു വശത്ത് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും, ഇറാനും അമേരിക്കയ്ക്കും ഇസ്രയേലിനുമിടയിൽ സമാധാന ചർച്ചകൾക്കായി പാക്കിസ്ഥാൻ മധ്യസ്ഥനായി പ്രവർത്തിക്കുന്നുണ്ട്. യുദ്ധം കൂടുതൽ വ്യാപിക്കാതിരിക്കാൻ ഇസ്‌ലാമാബാദ് ചർച്ചകൾക്ക് വേദിയൊരുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. സൗദി അറേബ്യയുമായി പാക്കിസ്ഥാനുള്ള ദീർഘകാല സൈനിക കരാറുകൾ നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനെ വലിയൊരു സമ്മർദ്ദത്തിലാക്കുന്നുണ്ട്. സൗദി അറേബ്യയുടെ അതിർത്തികൾക്കോ പരമാധികാരത്തിനോ ഭീഷണി നേരിട്ടാൽ സൗദിയെ സംരക്ഷിക്കാൻ പാക്കിസ്ഥാൻ ബാധ്യസ്ഥരാണ്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പാക് സൈനികർ നിലവിൽ തന്നെ സൗദിയിൽ പരിശീലനത്തിനും സുരക്ഷാ ചുമതലകൾക്കുമായി ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇറാനും സൗദിയും തമ്മിൽ സംഘർഷമുണ്ടായാൽ പാക്കിസ്ഥാൻ വലിയ പ്രതിസന്ധിയിലാകും. ഇറാനെ പിണക്കി ഒരു യുദ്ധത്തിന് പോകുന്നത് പാക്കിസ്ഥാൻ്റെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിക്കും. പാക്കിസ്ഥാൻ്റെ തകർച്ചയിലായ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത് സൗദി നൽകുന്ന സാമ്പത്തിക പാക്കേജുകളാണ്. അതിനാൽ സൗദിയുടെ ആവശ്യങ്ങൾ പൂർണ്ണമായും തള്ളിക്കളയാൻ പാക്കിസ്ഥാനാകില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ധനവിലയിലുണ്ടായ വർദ്ധനവ് പാക്കിസ്ഥാനെ സാരമായി ബാധിച്ചിട്ടുണ്ട്. മാർച്ചിലെ കണക്കുകൾ പ്രകാരം പ്രതിവാര പണപ്പെരുപ്പ നിരക്ക് 8.24% ആയി ഉയർന്നു. പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് 55 രൂപ വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾ കാരണം ചരക്ക് നീക്കം തടസ്സപ്പെട്ടത് രാജ്യത്ത് പലയിടത്തും ഇന്ധന ക്ഷാമത്തിനും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.

യു.എസ് സൈനികർ താമസിക്കുന്ന ഗൾഫിലെ ഹോട്ടലുകൾ ആക്രമിക്കുമെന്ന് ഇറാൻ; ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം

You may also like

error: Content is protected !!