Mantis Partners Sydney
Sunday, February 22, 2026
Mantis Partners Sydney
Home » ഇന്ന് ലോക മാതൃഭാഷാ ദിനം
ഇന്ന് ലോക മാതൃഭാഷാ ദിനം

ഇന്ന് ലോക മാതൃഭാഷാ ദിനം

by Editor
Send your news and Advertisements

മനുഷ്യനു പെറ്റമ്മയെപ്പോലെ തന്നെയാണ് സ്വന്തം ഭാഷയും. ആശയവിനിമയത്തിനപ്പുറം സമൂഹത്തിൻ്റെ തനിമയും സ്വത്വബോധവും പ്രതിഫലിക്കുന്ന സംസ്‌കാരം കൂടിയാണ് ഭാഷ. ഓരോ ഭാഷയുടെയും സംരക്ഷണം ലക്ഷ്യമിട്ടാണ് 2000 മുതൽ ലോക മാതൃഭാഷാ ദിനാചരണം നടത്തുന്നത്. 1999 നവംബറിലായിരുന്നു ഇതു സംബന്ധിച്ച യുനെസ്കോയുടെ പ്രഖ്യാപനം. ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ബംഗ്ലദേശിന്റെ താൽപര്യപ്രകാരം ഫെബ്രുവരി 21 ദിനാചരണത്തിനു തിരഞ്ഞെടുത്തു. ഭാഷാപരമായ വൈവിധ്യം സംരക്ഷിക്കാനും മാതൃഭാഷയുടെ പ്രാധാന്യം പ്രചരിപ്പിക്കാനുമാണ് ഈ ദിവസം നീക്കിവച്ചിരിക്കുന്നത്.

യുനെസ്കോയുടെ കണക്കനുസരിച്ച് 8,324 സംസാരിക്കുന്നതോ ആംഗ്യഭാഷ ഉപയോഗിക്കുന്നതോ ആയ ഭാഷകള്‍ ലോകത്തിലുണ്ട്. ഇതില്‍ ഏകദേശം 7,000 ഭാഷകള്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുമുണ്ട്. എല്ലാ ഭാഷകള്‍ക്കും അതിൻ്റേതായ പ്രത്യേകതകളുമുണ്ട്. ഭാഷകളുടെ വൈവിധ്യം, ഭാഷകളുമായി ബന്ധപ്പെട്ട വിവിധ സംസ്കാരങ്ങള്‍ എന്നിവ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്.

ഡിജിറ്റല്‍ ലോകത്ത് നൂറില്‍ താഴെ ഭാഷകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ഭാഷ അപ്രത്യക്ഷമാകുന്നു എന്നാണ് കണക്ക്. മാതൃഭാഷയായി ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത് മന്‍ഡാരിന്‍ ചൈനീസാണ്. എന്നാല്‍, മാതൃഭാഷയല്ലാത്തവരെ കൂടി കണക്കിലെടുത്താല്‍ ഇംഗ്ലിഷാണ് ഒന്നാം സ്ഥാനത്ത്. ലോകത്ത് നിലവിലുള്ള സംസാര ഭാഷകളില്‍ 43 ശതമാനവും ഭാവിയില്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുകാലത്തെ പ്രൗഢ ഭാഷകളായിരുന്ന ലാറ്റിനും സംസ്കൃതവും പുരാതന ഗ്രീക്കും ഇന്ന് മൃതഭാഷയുടെ പട്ടികയിലാണെന്നുള്ളത് എന്നത് നമ്മളെ ജാഗ്രത്താക്കേണ്ട യാഥാർഥ്യമാണ്. ലോകത്തിലെ ഏറ്റവും പഴയതും ശക്തവുമായ സംസ്കാരങ്ങളുടെ ഭാഷകളായിരുന്ന സുമേറിയന്‍, അക്കാഡിയന്‍, ഈജിപ്ഷ്യന്‍ തുടങ്ങിയവ ഒരിടത്തും ഉപയോഗത്തില്‍ ഇല്ലാത്ത വിധം ഭൂമിയില്‍ നിന്നു മടങ്ങിക്കഴിഞ്ഞു. മാതൃഭാഷാ സംരക്ഷണത്തിന്‍റെ അടിയന്തര ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലയാളം മിഷന്‍, സാക്ഷരതാ മിഷന്‍, പബ്ലിക്ക് റിലേഷന്‍ വകുപ്പ് തുടങ്ങിയവര്‍ കേരള സര്‍ക്കാരിന് വേണ്ടി വിപുലമായാണ് ആഘോഷിക്കുന്നത്. എവിടെയുണ്ടോ മലയാളി, അവിടെയെല്ലാം മലയാളം എന്നതാണ് മലയാളം മിഷന്‍റെ മുദ്രാവാക്യം തന്നെ. മലയാളിയെ സംബന്ധിച്ചിടത്തോളം പ്രൗഢവും, സമ്പന്നവുമായ ഒരു ഭാഷയുടെ അനുഗ്രഹം സിദ്ധിച്ചവരാണ് നമ്മൾ. ഭാരതത്തിന്റെ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുളള ഭാരതത്തിലെ 22 ഔദ്യോഗിക ഭാഷകളിൽ ഒന്നു കൂടിയായ മലയാളത്തിന് 2013 മേയ് 23നു ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിൽ ശ്രേഷഠഭാഷാപദവി ലഭിക്കുകയുണ്ടായി. ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളം നമ്മുടെ സംസ്കാരത്തിന്‍റെ പ്രതീകമാണ്.

നമ്മുടെ ഭരണഭാഷകൂടിയായ മലയാളത്തിൻ്റെ പ്രസക്തി പക്ഷേ ഇന്ന് നമ്മുടെ ജീവിത വ്യവഹാരങ്ങളിൽ കുറഞ്ഞു വരുന്നതായി ഒരു മിഥ്യാബോധം പലർക്കുമുണ്ട്. അത് സ്വന്തം സ്വത്വത്തോടു തന്നെ നാം മുഖം തിരിഞ്ഞു നിൽക്കുന്നതിനു തുല്യമാണെന്നു പറയാതെ വയ്യ. വളർച്ചയുടെ ഘട്ടങ്ങളിൽ നാം സ്വായത്തമാക്കുന്ന മറ്റേതൊരു ഭാഷയിൽ സംവദിച്ചാലും നമ്മുടെ തലച്ചോർ സ്വന്തം മാതൃഭാഷയിൽത്തന്നെയാണ് വിവരങ്ങൾ രേഖപ്പെടുത്തുകയെന്ന മനഃശ്ശാസ്ത്രസത്യം തന്നെ, മാതൃഭാഷ നമ്മിലുളവാക്കിയിട്ടുള്ള അനുപേക്ഷണീയവും, അനിഷേദ്ധ്യവുമായ സ്വാധീനത്തെ വ്യക്തമാക്കുന്നു. മലയാളത്തെ ഒഴിവാക്കി ആംഗലേയഭാഷയെ പുൽകുന്നത് അഭിമാനമായി കണക്കാക്കുന്ന ഒരു തലമുറ, അവർ വരും തലമുറകളോടു ചെയ്യുന്ന അക്ഷന്തവ്യമായ അപരാധമാണ് അതെന്നത് നിസ്‌തർക്കമാണ്.

മാതൃഭാഷ; അതൊരു വികാരം കൂടിയാണ്. നമ്മൾ മലയാളികൾ ഒരു പക്ഷേ മനഃപൂർവ്വം അന്യമാക്കിക്കൊണ്ടിരിക്കുന്ന മാതൃഭാഷയുടെ സൗന്ദര്യവും, സ്ഥാനവും, അതിനോട് ഒരു മനുഷ്യനുണ്ടായിരിക്കേണ്ട വിധേയത്വവും നാം മറ്റു ഭാഷക്കാരിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. മാതൃഭാഷയുടെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി അതിന് പ്രാധാന്യം നല്‍കുകയും സ്വഭാഷയെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഈ മാതൃഭാഷാദിനം ഊര്‍ജം പകരട്ടെ.

ലോകമാതൃഭാഷാദിനത്തിൽ എല്ലാ ഭാഷാസ്നേഹികൾക്കും ഓൺലൈൻ വാർത്തകളുടെ ആശംസകൾ.

https://onlinevarthakal.com/category/literature/

You may also like

error: Content is protected !!