ന്യൂ ഡൽഹി: ജമ്മു കശ്മീരിന്റെ ഭാഗമായ ഷക്സ്ഗാം താഴ്വര ഇന്ത്യയുടേതാണെന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം തള്ളി ചൈന. 1963-ലെ അതിർത്തി കരാർ പ്രകാരം പാക്കിസ്ഥാൻ ചൈനയ്ക്ക് ‘സമ്മാനിച്ച’ ഷക്സ്ഗാം വാലിയിലാണ് ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി ഒരുങ്ങുന്നത്. ഈ പറയുന്ന ‘1963-അതിർത്തി കരാർ’ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) നിയമവിരുദ്ധവും അസാധുവുമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു.
ഇന്ത്യയുടെ വാദം തള്ളിക്കൊണ്ട് പ്രദേശം ചൈനയുടേതാണെന്നും ഈ മേഖലയിലൂടെ നിർമിക്കുന്ന പാക്കിസ്ഥാൻ-ചൈന സാമ്പത്തിക ഇടനാഴിയുമായി (സിപിഇസി) മുന്നോട്ടുപോകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സിപിഇസിയിൽ പുതുതായി ഉൾപ്പെടുത്തിയാണ് ഷക്സ്ഗാം താഴ്‍വരയിലും ഇടനാഴി നിർമിക്കുന്നത്. പ്രദേശം ചൈനയുടേതാണെന്നും ചൈനയും പാക്കിസ്ഥാനും പരമാധികാര പ്രദേശത്താണ് സാമ്പത്തിക ഇടനാഴി സജ്ജമാക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പറഞ്ഞു.
ജമ്മു കശ്മീർ, ലഡാക്ക് എന്നിവ പൂർണമായും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ചൈന-പാക്കിസ്ഥാൻ അതിർത്തി കരാറോ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയോ (സിപിഇസി) ഇന്ത്യ അഗീകരിച്ചിട്ടില്ല. ഇക്കാര്യം പാക്കിസ്ഥാനെയും ചൈനയെയും പലവട്ടം അറിയിച്ചു. ഈ പ്രദേശത്ത് അനധികൃതമായി മാറ്റങ്ങൾ വരുത്തുന്നതിനെതിരായ ശക്തമായ പ്രതിഷേധവും ഇന്ത്യ നിരന്തരം അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ കൈയടക്കിവച്ചിരിക്കുന്ന ഷക്സ്ഗാം വാലി പൂർണമായും ഇന്ത്യയുടേതാണെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞിരുന്നു.
കാരക്കോറം മേഖലയുടെ ഭാഗമായ ഇവിടെ ചൈന വ്യാപകമായി സൈനികാവശ്യത്തിനുള്ള പദ്ധതികളും സജ്ജമാക്കുന്നുണ്ട്. ചൈനയിൽ നിന്ന് പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) കടന്ന് ഗ്വാദർ തുറമുഖം വരെ നീളുന്നതാണ് സിപിഇസി. ഗ്വാദർ തുറമുഖം നിർമിക്കുന്നതും ചൈനയാണ്. ഇവിടെ ചൈനയ്ക്ക് സൈനികതാവളവുമുണ്ടാകുമെന്നത് ഇന്ത്യയുടെ സുരക്ഷക്ക് വെല്ലുവിളിയാണ്.



