രാജ്ഗിർ: ഇന്ത്യ ഏഷ്യാകപ്പ് ഹോക്കി കിരീടം നേടി. ഫൈനലിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ഇന്ത്യയുടെ നാലാമത്തെ ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. 2003, 2007, 2017 വർഷങ്ങളിലാണ് ഇതിനു മുൻപ് ഇന്ത്യ ഏഷ്യാ കപ്പ് ചാംപ്യന്മാരായത്. ഈ വിജയത്തോടെ ഇന്ത്യ ലോകകപ്പിന് യോഗ്യത നേടി. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റിൽ തന്നെ ഇന്ത്യ ലക്ഷ്യം കണ്ടു. സുഖ്‌ജീത് സിങ്ങാണ് ഇന്ത്യക്കായി വലകുലുക്കിയത്. അതോടെ ആരംഭത്തിൽ തന്നെ ദക്ഷിണ കൊറിയ പ്രതിരോധത്തിലായി. ലീഡെടുത്തതിന് പിന്നാലെ ഇന്ത്യ മുന്നേറ്റം തുടർന്നു. പലതവണ ദക്ഷിണകൊറിയൻ പോസ്റ്റിന് സമീപം ഇന്ത്യൻ താരങ്ങൾ ഇരച്ചെത്തി. ആദ്യ ക്വാർട്ടറിൽ ഒരു ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു.
രണ്ടാം ക്വാർട്ടറിൽ തിരിച്ചടി ലക്ഷ്യമിട്ട് കൊറിയയും മുന്നേറ്റങ്ങൾ നടത്തി. എന്നാൽ ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. അതിനിടെ ഇന്ത്യ രണ്ടാം ഗോളും കണ്ടെത്തി. ദിൽപ്രീത് സിങ്ങാണ് ഇത്തവണ ലക്ഷ്യം കണ്ടത്. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 2-0 ന് മുന്നിട്ടുനിന്നു. പിന്നീടങ്ങോട്ട് ഇന്ത്യ ദക്ഷിണ കൊറിയൻ ഗോൾവല നിറയ്ക്കുന്നതാണ് കണ്ടത്. മൂന്നാം ക്വാർട്ടറിൻ്റെ അവസാനം ദിൽപ്രീത് സിങ് വീണ്ടും ഇന്ത്യക്കായി ഗോളടിച്ചു. അതോടെ കൊറിയ അക്ഷരാർഥത്തിൽ പ്രതിരോധത്തിലായി. നാലാം ക്വാർട്ടറിൽ പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് അമിത് രോഹിദാസ് ഇന്ത്യയുടെ നാലാം ഗോളും നേടി. പിന്നാലെ കൊറിയ ഒരു ഗോൾ മടക്കിയെങ്കിലും മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.