ദുബായ്: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് വസീം അക്രം അടക്കമുള്ളവര്‍ പ്രവചിച്ച ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ അനായാസം അടിച്ചൊതുക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്.
നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഒരു സിക്സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. തുടക്കത്തിൽ ശുഭ്മാൻ ഗില്ലിനെ (10) നഷ്ടപ്പെട്ടെങ്കിലും പ്രതിരോധത്തിലേക്ക് നീങ്ങാതെ ടീമിനെ നയിച്ചത് അഭിഷേക് ശർമയായിരുന്നു. 13 പന്തിൽ 2 സിക്സും 4 ഫോറും അടക്കം 31 റൺസ് നേടി ടീ സ്കോർ ഉയർത്തി. അഭിഷേക് ശർമ പുറത്തായതിന് പിന്നാലെയെത്തിയ തിലക് വർമ സൂര്യകുമാർ യാദവിന് മികച്ച പിന്തുണ നൽകി. 31 പന്തിൽ നിന്ന് 31 റൺസെടുത്താണ് തിലക് വർമ പുറത്തായത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ സ്ഥാനം ഉറപ്പിച്ചു.
ടോസ് നേടിയ പാക്കിസ്ഥാന് തുടക്കം മുതൽ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്. 40 റൺസ് നേടിയ സാഹിബ്‌സാദ ഫർഹാൻ ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. പുറത്താക്കാതെ 33 റൺസ് എടുത്ത ഷഹീൻ അഫ്രിദിയും തിളങ്ങി. മൂന്ന് വിക്കറ്റ് നേടി കുൽദീപ് യാദവ് തിളങ്ങിയപ്പോൾ ബുമ്ര, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തിനു ശേഷം പാക്കിസ്ഥാന്‍ താരങ്ങളുമായി ഹസ്തദാനം ചെയ്യാതെയാണ് ക്രീസിലുണ്ടായിരുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും മടങ്ങിയത്.