ന്യൂ ഡൽഹി: ഇന്ത്യ–യുഎസ് ഇടക്കാല വ്യാപാര കരാർ (Interim Trade Agreement) രാജ്യത്തെ കർഷകർക്ക് വലിയ ഗുണം ചെയ്യുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. വ്യാപാര കരാർ ഇന്ത്യൻ കയറ്റുമതിക്ക് വൻ സാധ്യതകളാണ് തുറന്നു തരുന്നതെന്നു പറഞ്ഞ കേന്ദ്ര വ്യവസായ മന്ത്രി എംഎസ്എംഇകൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരുൾപ്പെട്ട മേഖലയ്ക്ക് 30 ട്രില്യൺ ഡോളറിൻ്റെ വിപണിയാണ് കരാറിലുടെ സാധ്യമാകുന്നതെന്ന് അറിയിച്ചു. ചൈനയെപ്പോലുള്ള രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് യുഎസ് വിപണിയിൽ ഉയർന്ന നികുതിയുള്ളപ്പോൾ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 18% എന്ന കുറഞ്ഞ നിരക്ക് ലഭിക്കുന്നത് വലിയ മത്സരശേഷി നൽകുമെന്ന് പീയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, റബർ ഉൽപന്നങ്ങൾ, ജൈവ രാസവസ്തുക്കൾ, വീട്ടുപകരണങ്ങൾ, കരകൗശല ഉൽപന്നങ്ങൾ, തിരഞ്ഞെടുത്ത യന്ത്രങ്ങൾ എന്നി മേഖലകളിലാണ് നികുതി നിരക്ക് 18 ശതമാനത്തിലേക്ക് ചുരുങ്ങുക. ജനറിക് ഫാർമസ്യൂട്ടിക്കൽസ്, രത്നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യമാക്കും. അതുവഴി കയറ്റുമതി മേഖലയിൽ ഇന്ത്യയുടെ മത്സരശേഷി വർധിക്കും. മെയ്ക്ക് ഇൻ ഇന്ത്യ ക്യാമ്പയിൻ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ വിമാന ഭാഗങ്ങളുടെ ഇറക്കുമതി, വാഹന ഭാഗങ്ങളിൽ താരിഫ് നിരക്ക് ക്വാട്ട, ജനറിക് ഫാർമസ്യൂട്ടിക്കൽസിൽ മേഖലയിലും കരാർ ഇന്ത്യയ്ക്ക് ഗുണം ചെയ്യും.
യുഎസ് വിപണിയിൽ ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നതോടെ കർഷകരുടെ വരുമാനം വർദ്ധിക്കും. നിലവിൽ 55 ബില്യൺ ഡോളറിന്റെ കാർഷിക-മത്സ്യ ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ചോളം, ഗോതമ്പ്, അരി, സോയ, കോഴി, പാൽ, ചീസ്, എത്തനോൾ, പുകയില, ചില പച്ചക്കറികൾ, മാംസം എന്നിവയുൾപ്പെടെയുള്ള കാർഷിക, പാലുൽപന്നങ്ങളെ പൂർണമായും സംരക്ഷിക്കുന്നതും കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഗ്രാമീണ ഉപജീവന മാർഗം നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് കരാർ പ്രതിഫലിപ്പിക്കുന്നതെന്നും അദേഹം അവകാശപ്പെട്ടു.
സുഗന്ധവ്യഞ്ജനങ്ങൾ, ചായ, കാപ്പി, കശുവണ്ടി, വെളിച്ചെണ്ണ, വിവിധ പഴങ്ങൾ (മാങ്ങ, വാഴപ്പഴം തുടങ്ങിയവ), പച്ചക്കറികൾ എന്നിവയ്ക്ക് അമേരിക്കൻ വിപണിയിൽ പൂജ്യം ശതമാനം നികുതിയിൽ പ്രവേശനം ലഭിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ കാർഷിക മേഖലയെയും ക്ഷീരമേഖലയെയും ബാധിക്കുന്ന ഇനങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സെൻസിറ്റീവായ ഉൽപ്പന്നങ്ങളെ പൂർണ്ണമായും സംരക്ഷിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം ഇന്ത്യ–യുഎസ് വ്യാപാര കരാറിന് പിന്നാലെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ ഘട്ടം ഘട്ടമായി പിന്മാറുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാനുള്ള റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്നാണ് കമ്പനികളുടെ പിന്മാറ്റം. മാര്‍ച്ചില്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്ത റഷ്യന്‍ എന്ന വിതരണം മാത്രമായിരിക്കും ഉണ്ടാവുക എന്നുമാണ് വിവരം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഏപ്രിൽ മാസത്തേക്കുള്ള റഷ്യൻ എണ്ണ ഓർഡറുകൾ നൽകുന്നത് ഒഴിവാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. റഷ്യയ്ക്ക് പകരമായി ഇറാഖ്, സൗദി അറേബ്യ, യുഎഇ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
എന്നാൽ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറിയോ എന്നതില്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. എണ്ണ വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് കമ്പനികളാണെന്നും വ്യാപാര കരാറിൽ ഇത് സംബന്ധിച്ച് പ്രത്യേക നിബന്ധനകൾ ഇല്ലെന്നും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നത് (Diversification) രാജ്യത്തിന്റെ താൽപ്പര്യമാണെന്നും, അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുന്നത് ഇന്ത്യയുടെ തന്ത്രപ്രധാനമായ താൽപ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതുരാജ്യത്തുനിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നാണ് ഈ വിഷയത്തിൽ റഷ്യയുടെ പ്രതികരണം


