Mantis Partners Sydney
Thursday, February 5, 2026
Mantis Partners Sydney
Home » മലയാളിയുടെ സെഞ്ച്വറിക്കരുത്തിൽ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തി ഇന്ത്യ.
മലയാളിയുടെ സെഞ്ച്വറിക്കരുത്തിൽ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തി ഇന്ത്യ.

മലയാളിയുടെ സെഞ്ച്വറിക്കരുത്തിൽ അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തി ഇന്ത്യ.

by Editor

മലയാളി താരം ആരൺ ജോർജിൻ്റെ സെഞ്ച്വറി മികവിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ കടന്നു. സെമിയിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയ ലക്ഷ്യം 41.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു.

മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അഫ്ഗാനിസ്ഥാനെതിരായ സെമി പോരാട്ടത്തില്‍ 104 പന്തില്‍ 115 റണ്‍സാണ് ആരോൺ സ്വന്തമാക്കിയത്. അണ്ടര്‍ 19 ലോകകപ്പ് നോക്കൗട്ടില്‍ ഇന്ത്യൻ താരത്തിന്‍റെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണ് ആരോണ്‍ ജോര്‍ജ് നേടിയ 115 റണ്‍സ്. 2006ലെ അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 129 റണ്‍സടിച്ച ചേതശ്വര്‍ പൂജാരയാണ് നോക്കൗട്ടിൽ ഇന്ത്യയുടെ ടോപ് സ്കോറര്‍.

വെള്ളിയാഴ്ച‌ നടക്കുന്ന ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും അധികം തവണ കപ്പ് നേടിയിട്ടുള്ള ഇന്ത്യ തങ്ങളുടെ പത്താം ഫൈനലിനാണ് ഇപ്പോൾ യോഗ്യത നേടിയിരിക്കുന്നത്. കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് വൈഭവ് സൂര്യവംശി 68 (33) നൽകിയത്. പത്താം ഓവറിൽ അഫ്ഗാന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ നാല് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും വൈഭവ് അടിച്ച് കൂട്ടിയിരുന്നു. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് വൈഭവ് സ്വന്തം പേരിലെഴുതിച്ചേർത്തത്.

മറ്റൊരു ഓപ്പണറും മലയാളി താരവുമായ ആരൺ ജോർജ് മിന്നും സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു 104 പന്തുകളിൽ നിന്ന് 115 റൺസ് നേടിയാണ് കോട്ടയം സ്വദേശിയായ താരം പുറത്തായത്. 15 ബൗണ്ടറികളും രണ്ട് സിക്സറുകളും ആരൺ അടിച്ചെടുത്തിരുന്നു. ക്യാപ്റ്റൻ ആയുഷ് മാത്രെ 62 (59) അർദ്ധ സെഞ്ച്വറി നേടി. രണ്ടാം വിക്കറ്റിൽ ആരൺ – മാത്രെ സഖ്യം നേടിയ 114 റൺസാണ് ജയത്തിന് അടിത്തറയിട്ടത്. വിഹാൻ മൽഹോത്ര 38(47), വേദാന്ത് ത്രിവേദി 5(6) എന്നിവർ പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്‌ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി കനിഷ്‌ക് ചൗഹാൻ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

Send your news and Advertisements

You may also like

error: Content is protected !!