ധാക്ക: ബംഗ്ലാദേശിലെ സ്ഥിതിയിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ. ബംഗ്ലാദേശ് അതിർത്തികളിൽ ജാഗ്രത തുടരുന്നു. കടുത്ത ഇന്ത്യ വിരുദ്ധനായി അറിയപ്പെടുന്ന ബംഗ്ലാദേശിലെ വിദ്യാർഥി നേതാവ് ഷെരീഫ് ഉസ്‌മാൻ ഹാദിയുടെ സംസ്കാരച്ചടങ്ങിനായി അധികൃതർ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. വെടിയേറ്റ് മരിച്ച ഹാദിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച തലസ്ഥാനമായ ധാക്കയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിനാളുകളാണ്. രാവിലെ തന്നെ ജനങ്ങൾ കൂട്ടംകൂട്ടമായി മാണിക് മിയ അവന്യൂവിലേക്ക് എത്താൻ തുടങ്ങി, പാർലമെന്റ് കോംപ്ലക്സിന് പുറത്തുള്ള സ്ഥലം വേഗത്തിൽ നിറഞ്ഞു. പലരും ദേശീയ പതാക പുതച്ചാണെത്തിയത്. ഹാദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചിലർ മുദ്രാവാക്യം മുഴക്കി. ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസും ചടങ്ങിൽ പങ്കെടുത്തു.
ഇങ്ക്വിലാബ് മഞ്ചോ സാംസ്‌കാരിക പ്ലാറ്റ്ഫോമിൻ്റെ വക്താവായിരുന്ന ഹാദി, കഴിഞ്ഞ വർഷത്തെ രാഷ്ട്രീയ പ്രക്ഷോഭത്തിൽ പ്രധാന വ്യക്തിത്വമായി ഉയർന്നു വന്നിരുന്നു. ഈ പ്രക്ഷോഭം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചു. ഡിസംബർ 12 ന് ധാക്കയിൽവെച്ച് വെടിയേറ്റ ഹാദിയെ വിദഗ്‌ധ ചികിത്സയ്ക്കായി പിന്നീട് സിങ്കപ്പൂരിലേക്ക് കൊണ്ടുപോയി, അവിടെ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വെള്ളിയാഴ്‌ചയാണ് മൃതദേഹം ബംഗ്ലാദേശിൽ എത്തിച്ചത്.
ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബംഗ്ലാദേശിൽ ആരംഭിച്ച കലാപവും തെരുവുയുദ്ധവും തുടരുകയാണ്. ഹാദിക്ക് നേരെ വെടിവച്ച രണ്ടു പേർ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കടന്നുവെന്ന് ബംഗ്ലാദേശ് പൊലീസ് പറഞ്ഞതോടെയാണ് പ്രതിഷേധങ്ങളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയത്. ഇന്ത്യ അക്രമികളെ പിടികൂടണം, കൈമാറണം എന്നെല്ലാമാണ് പ്രക്ഷോഭകാരികൾ ആവശ്യപ്പെടുന്നത്. ഇന്ത്യൻ ഹൈമ്മിഷൻ അടച്ചുപൂട്ടണമെന്ന് ചില തീവ്രവാദ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയുംവേഗം മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഇന്ത്യ വിട്ടുകൊടുക്കണമെന്ന് കലാപകാരികൾ ആവശ്യപ്പെടുന്നു. മൈമൻസിംഗ് നഗരത്തിൽ ദീപു ചന്ദ്രദാസ് എന്ന 25-കാരനെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു, മരത്തിൽ കെട്ടിത്തൂക്കിയിട്ട് തീകൊളുത്തി. അതിന്റെ വീഡിയോദൃശ്യങ്ങൾ ഇന്ത്യയിൽ കടുത്ത പ്രതിഷേധത്തിനു വഴിവെച്ചിട്ടുണ്ട്.
എന്നാൽ വിദ്യാർത്ഥി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അനാവശ്യമാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ ഹൈകമ്മീഷനുകൾക്ക് സുരക്ഷ ശക്തമാക്കി. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ അക്രമം ഇടയാക്കുമെന്ന ആശങ്ക ബംഗ്ലാദേശിൽ ഉയരുന്നുണ്ട്.
2024 ഓഗസ്റ്റ് അഞ്ചിനാണ് നൊബേൽ സമ്മാനജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാലസർക്കാർ നിലവിൽ വന്നത്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്ന യൂനുസ് തിരഞ്ഞെടുപ്പ് കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകാനും അധികാരത്തിൽ തുടരാനും ശ്രമിച്ചു. കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് 2026 ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പിന് തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉദ്ദേശിച്ചിരുന്ന ഹാദിക്ക് പ്രചാരണത്തിനിടെ ആയിരുന്നു വെടിയേറ്റത്.
ഈ സാഹചര്യം പാക്കിസ്ഥാൻ നന്നായി മുതലെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ ആത്മവീര്യം തകർന്ന പാക് പട്ടാളവും ഐഎസ്ഐയും ഭീകരസംഘടനകളും ബംഗ്ലാദേശിനെ ഇന്ത്യയ്ക്കെതിരെ ആയുധമാക്കാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് വടക്കുകിഴക്കൻ ഭാഗത്തെ പ്രകോപനങ്ങൾ. ഇന്ത്യാവിരുദ്ധ വികാരം ബംഗ്ലാദേശിൽ വളർത്താൻ ഐഎസ്ഐ അത്യദ്ധ്വാനം ചെയ്യുന്നുണ്ട്, അതിനായി ധാക്കയിലെ പാക് ഹൈക്കമ്മിഷനിൽ പ്രത്യേകവിഭാഗം പ്രവർത്തിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഹസീനയുടെ കാലത്ത് ഉറ്റ സൗഹൃദമുണ്ടായിരുന്ന ബംഗ്ലാദേശ് ന്യൂഡൽഹി കേന്ദ്രീകൃതമായ നയങ്ങളിൽ നിന്നും മാറി ഇസ്ലാമാബാദ് ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നടക്കുകയാണ് ഇപ്പോൾ.
ഇന്ത്യയുടെ കോൺസുലേറ്റുകൾ ആക്രമിച്ചതും ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ പെരുകുന്നതുമൊക്കെ രാജ്യത്ത് ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയെടുക്കാൻ സമ്മർദ്ദം വർധിപ്പിക്കുന്നതാണ്. ഡിസംബർ 15-ന് ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശ് നാവികസേനയുടെ കപ്പൽ ഇന്ത്യൻ ട്രോളറിലിടിച്ചു അഞ്ച് മുക്കുവരെ കാണാതായതും ഇന്ത്യയ്ക്കു മേൽ സമ്മർദ്ദമേറ്റിയിരുന്നു. നാലായിരം കിലോമീറ്റിലധികമാണ് ഇരുരാജ്യങ്ങൾക്കും ഇടയ്ക്കുള്ള അതിർത്തി. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.



