Tuesday, January 13, 2026
Mantis Partners Sydney
Home » ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു.
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു.

by Editor

ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2025 മാർച്ചിൽ പ്രധാനമന്ത്രി ലക്സണിന്റെ ഇന്ത്യ സന്ദർശന വേളയിലാണ് കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത്. അഞ്ച് റൗണ്ട് ചർച്ചകൾക്ക് ശേഷമായിരുന്നു തീരുമാനം. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വർദ്ധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും സ്വതന്ത്ര വ്യാപാര കരാർ സഹായിക്കും.

വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡിലെ വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഔദ്യോഗിക തുടക്കം. അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് 20 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം കൊണ്ടുവരാൻ കരാർ ലക്ഷ്യമിടുന്നു. ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതിയുടെ 95 ശതമാനത്തിന്റെയും ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യും. മേക്ക് ഇൻ ഇന്ത്യയുടെ ഭാ​ഗമായി ഉത്പ്പാദനം, അടിസ്ഥാനസൗകര്യങ്ങൾ, സേവനങ്ങൾ, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കരാർ സഹായകരമാകും. സാമ്പത്തിക ഇടപാടുകൾക്കൊപ്പം പ്രതിരോധം, കായികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ കരാറിൽ തീരുമാനമായിട്ടുണ്ട്. ചർച്ചകൾ തുടങ്ങി ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് കരാറിലെ സുപ്രധാന പ്രഖ്യാപനം.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാർ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇരു നേതാക്കളും നിരന്തരം ബന്ധം പുലർത്താൻ ധാരണയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. രണ്ട് രാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന ഈ കരാർ, ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക സുസ്ഥിരതയ്ക്കും വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Send your news and Advertisements

You may also like

error: Content is protected !!