ന്യൂ ഡൽഹി: അരുണാചല്‍ പ്രദേശ് സ്വദേശിനിയും ബ്രിട്ടനില്‍ താമസക്കാരിയുമായ വനിതയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഷാങ്ഹായ് വിമാനത്താവളത്തില്‍ 18 മണിക്കൂര്‍ തടഞ്ഞുവച്ചതില്‍ ഇന്ത്യ പ്രതിഷേധം ചൈനയെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കവെ ഇത്തരം രീതികള്‍ അതിന് വിഘാതമുണ്ടാക്കുമെന്ന് ഇന്ത്യ അറിയിച്ചു. ശക്തമായ നയതന്ത്ര പ്രതിഷേധം അറിയിച്ച ഇന്ത്യ നടപടി അസംബന്ധവും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, അരുണാചൽ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമാണെന്നും അറിയിച്ചു.
ലണ്ടനിൽ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന അരുണാചൽ പ്രദേശ് സ്വദേശിയായ പ്രേമ തോങ്ഡോക്കിനെയാണ് ഷാങ്ഹായ് വിമാനത്താവളത്തിൽ ചൈനീസ് അധികൃതർ 18 മണിക്കൂറോളം തടഞ്ഞുവച്ചത്. യുവതിയെ തടഞ്ഞുവച്ച നടപടി രാജ്യാന്തര വ്യോമയാന കൺവെൻഷൻ തീരുമാനങ്ങളുടെ ലംഘനമാണ്. ട്രാൻസിറ്റ് യാത്രക്കാരുടെ അവകാശം സംബന്ധിച്ചുള്ള ചിക്കാഗോ, മോൺട്രിയൽ കൺവെൻഷനുകളിലെ ധാരണയുടെ ലംഘനമാണിത്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അനാവശ്യമാണെന്നും ഇന്ത്യ അറിയിച്ചു.
കഴിഞ്ഞദിവസമാണ് പ്രേമ തോങ് ഡോക്കിന് ദുരനുഭവമുണ്ടായത്. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം. ഇന്ത്യൻ പാസ്പോർട്ട് വിമാനത്താവള അധികൃതർ അസാധുവായി പ്രഖ്യാപിക്കുകയും ചെയ്‌തു. ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോർട്ട് എടുക്കണം എന്നായിരുന്നു ചൈനീസ് അധികൃതരുടെ വാദം.
പ്രേമ തോങ്ഡോക്ക് എന്ന് 30 -കാരിക്കാണ് ദുരനുഭവമുണ്ടായത്. അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിലെ രൂപയില്‍ നിന്നുള്ളയാളാണ് 14 വര്‍ഷമായി യുകെയില്‍ താമസിക്കുന്ന പ്രേമ തോങ്ഡോക്ക്. യുവതിയുടെ കുടുംബം ഇപ്പോഴും ഇവിടെ താമസിക്കുന്നുണ്ട്. സാമ്പത്തിക ഉപദേഷ്ടാവായി ജോലി ചെയ്യുന്ന പ്രേമ തോങ്ഡോക്ക് നവംബര്‍ 21 -ന് ലണ്ടനില്‍ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുന്നതിനാണ് ഷാങ്ഹായ് പുഡോംഗ് വിമാനത്താവളത്തില്‍ ഇറങ്ങിയത്.
“സുരക്ഷാ ഗേറ്റിലെ ക്യൂവില്‍ കാത്തുനില്‍ക്കുമ്പോള്‍ ഒരു സ്ത്രീ വന്ന് വിളിച്ചു കൊണ്ടു പോയി പാസ്പോര്‍ട്ട് സാധുതയില്ലാത്തതാണെന്ന് പറയുകയായിരുന്നു. പാസ്പോര്‍ട്ടില്‍ അരുണാചല്‍ പ്രദേശ് എന്റെ ജന്മസ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും അത് ചൈനയുടെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. ഞാന്‍ ചൈനക്കാരിയായതിനാല്‍ ചൈനീസ് പാസ്പോര്‍ട്ട് എടുക്കണമെന്ന് പോലും അവർ പറഞ്ഞു. അവര്‍ എന്നെ പരിഹസിക്കുകയായിരുന്നു” -പ്രേമ തോങ്ഡോക്ക് പറഞ്ഞു. ലണ്ടനില്‍ നിന്ന് 12 മണിക്കൂര്‍ യാത്ര ചെയ്ത തന്നെ 18 മണിക്കൂര്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ഭക്ഷണം പോലും ലഭിച്ചില്ല. ജപ്പാനിലേക്കുള്ള വിസ ഉണ്ടായിരുന്നിട്ടും അവര്‍ എന്നെ ജപ്പാനിലേക്ക് പോകാന്‍ അനുവദിച്ചില്ല. യുകെയിലേക്ക് തിരികെ പോകുകയോ ഇന്ത്യയിലേക്ക് പറക്കുകയോ ചെയ്യണമെന്ന് അവര്‍ നിര്‍ബന്ധിച്ചുവെന്നും പ്രേമ തോങ്ഡോക്ക് പറഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ തന്നെ ഉദ്യോഗസ്ഥരെത്തി ഭക്ഷണം നല്‍കി. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ചൈനീസ് അധികൃതര്‍ തന്നെ ജപ്പാനിലേക്ക് പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. തായ്‌ലന്‍ഡില്‍ ഇറങ്ങി വേണം ഇന്ത്യയിലെത്താനെന്നതിനാല്‍ അവിടെ നിന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഇ മെയില്‍ വഴി പരാതി നല്‍കിയതെന്ന് പ്രേമ തോങ്ഡോക്ക് പറഞ്ഞു.
തായ്‌വാന് സമീപമുള്ള ദ്വീപിൽ മിസൈലുകൾ വിന്യസിക്കാനുള്ള ജപ്പാൻ്റെ നീക്കത്തിനെതിരെ ചൈന



