മുംബൈ: വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇന്ത്യ ഫൈനലില്‍. സെമിയിൽ അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയത് 338 റൺസ്. ഈ കൂറ്റൻ സ്കോർ മറികടക്കുക എന്ന ലക്ഷ്യവുമായി ബാറ്റേന്തിയ ഇന്ത്യ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 341 റൺസ് അടിച്ചെടുത്താണ് മറുപടി പറഞ്ഞത്. കന്നി ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ വനിതകളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് ഇനി ഒറ്റ ജയത്തിൻ്റെ അകലം മാത്രം. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
ഓസ്ട്രേലിയ ഉയര്‍ത്തിയ 338 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ തകർപ്പൻ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 134 പന്തിൽ 14 ഫോറുകൾ സഹിതം ജെമിമ 127 റൺസ് ആണ് അടിച്ചു കൂട്ടിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 10 ഫോറും രണ്ട് സിക്സും അടിച്ച് 89 റൺസിൽ മടങ്ങി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. 167 റൺസ് എടുത്താണ് സഖ്യം പിരിഞ്ഞത്.
17 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 24 റൺസെടുത്ത ദീപ്‌തി ശർമ, 16 പന്തിൽ രണ്ട് വീതം സിക്സും ഫോറും സഹിതം 26 റൺസ് നേടിയ റിച്ച ഘോഷ് എന്നിവരുടെ ബാറ്റിങും ജയത്തിൽ നിർണായകമായി. ഒപ്പം എട്ട് പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്ന അമൻജോത് കൗറും സ്കോറിലേക്ക് സംഭാവന നൽകി.
പ്രതിക റാവലിനു പകരം ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം സീനിയർ ടീമിലേക്ക് തിരിച്ചെത്തിയ ഓപ്പണർ ഷഫാലി വർമ തുടക്കത്തിൽ തന്നെ പുറത്തായി. ഷഫാലിയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടപ്പെട്ടത്. താരം 10 റൺസ് മാത്രമാണ് എടുത്തത്. സ്കോർ 59-ൽ എത്തിയപ്പോൾ രണ്ടാം വിക്കറ്റും നഷ്‌ടമായി. സ്‌മൃതി മന്താന 24 പന്തിൽ 24 റൺസുമായി മടങ്ങി.
ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസിൽ ഓൾ ഔട്ടായി. ഫോബ് ലിച്‌ഫീൽഡ് സെഞ്ച്വറിയും എല്ലിസ് പെറി, ആഷ്‌ലി ഗാർഡ്‌നർ എന്നിവർ നേടിയ അർധ സെഞ്ച്വറികളുടേയും ബലത്തിലാണ് ഓസീസ് വനിതകൾ മികച്ച സ്കോറുയർത്തിയത്. അവസാന ഓവറിൽ ഒരു റണ്ണൗട്ടടക്കം ഓസീസിന് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. രണ്ട് വിക്കറ്റ് നഷ്ട്‌ടത്തിൽ 180 റൺസെന്ന കരുത്തുറ്റ നിലയിൽ മുന്നേറിയ ഓസീസിന് 265 ൽ എത്തുമ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്‌ടമായി. പിന്നീട് ആഷ്‌ലി ഗാർഡ്‌നർ നടത്തിയ വെടിക്കെട്ടാണ് സ്കോർ 300 കടത്തിയത്.
ഇരുപത്തിരണ്ടുകാരിയായ ലിച്‌ഫീൽഡിൻ്റെ മൂന്നാം ഏകദിനമാണിത്. കന്നി ലോകകപ്പ് സെഞ്ച്വറി കുറിച്ച് നേടി താരം ക്രീസ് വിട്ടു. 77 പന്തിൽ താരം 100 റൺസിലെത്തി. 17 ഫോറും മൂന്ന് സിക്‌സും സഹിതം 93 പന്തിൽ 119 റൺസുമായി ലിച്‌ഫീൽഡ് ഒടുവിൽ പുറത്തായി. താരത്തെ പുറത്താക്കി അമൻജോത് കൗറാണ് ഇന്ത്യക്ക് ആശ്വാസം പകർന്നത്. എല്ലിസ് പെറി 88 പന്തിൽ 77 റൺസെടുത്തു. അറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് പെറിയുടെ അർധ സെഞ്ച്വറി. പിന്നീട് തുടരെ വിക്കറ്റുകൾ വീണെങ്കിലും ആറാമതെത്തിയ ആഷ്‌ലി 45 പന്തിൽ നാലു വീതം സിക്സും ഫോറും സഹിതം 63 റൺസ് വാരിയാണ് സ്കോർ 300 കടത്തിയത്.
ടോസ് നേടി ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം ആറാം ഓവറിലേക്ക് കടന്നപ്പോൾ മഴ വില്ലനായതോടെ കളി നിർത്തി വച്ചു. കളി നിർത്തുമ്പോൾ ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 25 റൺസെന്ന നിലയിലായിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ച ശേഷമാണ് ഓസീസ് 100 കടന്നത്. ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്‌ടമായത്. താരം 15 പന്തിൽ അഞ്ച് റൺസെടുത്തു. ക്രാന്തി ഗൗഡ് അലിസയെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ബെത് മൂണി (24), അന്നബെൽ സതർലാൻഡ് (3), തഹില മഗ്രാത്ത് (12), കിം ഗാർത് (17), അലന കിങ് (4), സോഫി മൊണിനെക്സ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ഇന്ത്യക്കായി ശ്രീ ചരണി, ദീപ്‌തി ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ക്രാന്തി ഗൗഡ്, അമൻജോത് കൗർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.
 



