Wednesday, November 5, 2025
Mantis Partners Sydney
Home » വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി കിരീടം.
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി കിരീടം.

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്ത്തി കന്നി കിരീടം.

by Editor

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 2005, 2017 ലോകകപ്പ് ഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യയ്ക്ക്, മൂന്നാം ശ്രമത്തിൽ സ്വപ്നസാഫല്യം.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്ക് മോഹിപ്പിക്കുന്ന തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന – ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. ക്ലോ ട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലി 28-ാം ഓവറില്‍ മടങ്ങി. ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി. ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

പിന്നാലെ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) അധികനേരം ക്രീസില്‍ തുടരാനായില്ല. ജമീമയും പവലിയനില്‍ തിരച്ചെത്തി. അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ച – ദീപ്തി കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് സ്‌കോര്‍ 300ന് അടുത്ത് എത്തിച്ചത്. 49-ാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി. രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്. അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു. 58 പന്തുകള്‍ നേരിട്ട ദീപ്തി ഒരു മൂന്ന് ഫോറും നേടി. രാധാ യാദവ് ദീപിതിക്കൊപ്പം പുറത്താവാതെ നിന്നു. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ക്കാന്‍ വോള്‍വാര്‍ഡ് – ടസ്മിന്‍ ബ്രിട്ട്‌സ് (23) സഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ ടസ്മിന്‍ 10-ാം ഓവറില്‍ അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 148 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. തുടര്‍ന്ന് വാള്‍വാര്‍ഡ് – അനെകെ ബോഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും ദീപ്തി ശര്‍മ ബ്രേക്ക് ത്രൂമായെത്തി. ബോഷ്, ദീപ്തിയുടെ പന്തില്‍ ബൗള്‍ഡായി. വൈകാതെ വോള്‍വാര്‍ഡും മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്ലോ ട്രൈയോണ്‍ (9), നതീന്‍ ഡി ക്ലാര്‍ക്ക് (18), അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മ്ലാബ പുറത്താവാതെ നിന്നു.

Send your news and Advertisements

You may also like

error: Content is protected !!