തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസിൻ്റെ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് സൂചന. രാജിവച്ചാൽ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്നതാണ് പാർട്ടി നിലപാട്. രാഹുൽ രാജിവച്ചാൽ നിയമസഭയ്ക്ക് ഒരു വർഷം കാലാവധി ബാക്കിയില്ലെന്ന കാരണത്താൽ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പു നടത്താൻ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്‌ഥയില്ല. എന്നാൽ ഹരിയാനയിലെ കർണാൽ ഉപതിരഞ്ഞെടുപ്പു കേസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി ഇതിനു വിരുദ്ധമായിരുന്നു. പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒരു വർഷമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഈ കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വാദം. ഈ വിധി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്തെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പിൻ്റെ പ്രസക്‌തി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന വ്യാഖ്യാനത്തിനാണ് ആധികാരികതയെന്ന നിയമോപദേശമാണ് കോൺഗ്രസിനു ലഭിച്ചത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമെന്ന് കണക്കിലെടുത്ത് തിരഞ്ഞെടുപ്പിനു കേന്ദ്രം കളമൊരുക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങിയാൽ സിപിഐയിലെ വാഴൂർ സോമൻ അന്തരിച്ചതു മൂലം ഒഴിവുവന്ന പീരുമേട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.
ഹൈക്കമാൻഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നിലപാട് അറിയിച്ചിട്ടുണ്ട്. എം എൽ എ സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തിൽ രാഹുലിനെ കോണ്‍ഗ്രസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാനും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍നിന്ന് മാറ്റിനിര്‍ത്താനുമാണ് സാധ്യത.
ഞായറാഴ്‌ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താൻ കാരണം പാർട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാർട്ടി പ്രവർത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാർട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.