ന്യൂയോർക്ക്: ഇസ്രയേലും അമേരിക്കയും ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണം ഗുരുതരമായ നാശ നഷ്ടങ്ങൾക്ക് കാരണമായെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ യുറേനിയം സമ്പുഷ്ടീകരിക്കാൻ കഴിയുമെന്ന് യു.എൻ അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐ.എ.ഇ.എ) ഡയറക്‌ടർ ജനറൽ റാഫേൽ ഗ്രോസി. എല്ലാം അപ്രത്യക്ഷമായെന്നും അവിടെ ഒന്നുമില്ലെന്നും ഒരാൾക്കും അവകാശപ്പെടാൻ കഴിയില്ലെന്ന് പറഞ്ഞ ഗ്രോസി ഇറാന്റെ ആണവ നിലയങ്ങൾക്ക് സമ്പൂർണമായ നാശം വന്നിട്ടില്ലെന്നും വ്യക്തമാക്കി. ഇറാന്റെ ആണവ കേന്ദ്രങ്ങൾ പൂർണമായും നശിപ്പിക്കപ്പെട്ടു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തിന് വിരുദ്ധമാണ് ഐ.എ.ഇ.എ തലവൻ്റെ വെളിപ്പെടുത്തൽ. ശനിയാഴ്ച മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുമ്പോഴാണ് റാഫേൽ ഗ്രോസി ഇക്കാര്യം വിശദമാക്കിയത്. എല്ലാം ആക്രമിച്ച് നശിപ്പിച്ചതായി പറയാനാവില്ലെന്നും റാഫേൽ ഗ്രോസി വിശദമാക്കി.
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ജൂൺ 13-നാണ് ആക്രമണം ആരംഭിച്ചത്. ഇറാൻ ആണവ ആയുധം നിർമ്മിക്കുന്നുവെന്ന ആരോപണം ഉയർത്തിയായിരുന്നു ഇത്. ഈ ആക്രമണങ്ങളിൽ പിന്നീട് അമേരിക്കയും ഇസ്രയേലിനൊപ്പം പങ്കുചേർന്നു. ഫോർദോ, ഇസ്ഫഹാൻ, നതാൻസ് എന്നിങ്ങനെ ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്കയും ഇസ്രയേലും ബോംബാക്രമണം നടത്തിയത്. അതിന് ശേഷമുള്ള നാശനഷ്‌ടത്തിൻ്റെ യഥാർത്ഥ കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. പെൻ്റഗണിന്റെ പ്രാഥമിക വിലയിരുത്തലിലും യു.എസ് ആക്രമണങ്ങൾ പദ്ധതിയെ മാസങ്ങളോളം പിന്നോട്ടടിക്കാൻ മാത്രമേ സാധ്യതയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു.