Mantis Partners Sydney
Monday, February 23, 2026
Mantis Partners Sydney
Home » ‘അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണ്’: ആലിനെയും മാതാപിതാക്കളെയും മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി
'അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണ്': ആലിനെയും മാതാപിതാക്കളെയും മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി

‘അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണ്’: ആലിനെയും മാതാപിതാക്കളെയും മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി

by Editor
Send your news and Advertisements

ന്യൂഡൽഹി: അഞ്ച് പേർക്ക് പുതുജീവനേകി മടങ്ങിയ പത്തനംതിട്ടയിലെ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കുഞ്ഞിൻ്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്‌ടമാകുന്നതിനേക്കാൾ വലുതായി മറ്റൊരു വേദനയില്ല. തീരെ ചെറിയ കുഞ്ഞിനെ നഷ്‌ടമാകുന്ന വേദന അതിനേക്കാൾ ആഴമേറിയതാണ്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് കേരളത്തിൽ നിന്നുള്ള നിഷ്‌കളങ്കയായ ഒരു കുഞ്ഞുപെൺകുട്ടിയെ – ആലിൻ ഷെറിൻ എബ്രഹാമിനെ നമുക്ക് നഷ്ടമായി. അവളുടെ മാതാപിതാക്കളുടെ വേദന വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാകില്ല. എന്നാലും ആ വേദനയ്ക്കിടയിലും ആലിൻ്റെ മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിനും ഒരു തീരുമാനമെടുത്തു. അവർ കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായി. ആ ഒരൊറ്റ തീരുമാനത്തിലൂടെ വ്യക്തമാകുന്നുണ്ട്, അവരുടെ ചിന്ത എത്ര വലുതും വ്യക്തിത്വം എത്ര വിശാലവുമാണെന്ന്. ആലിൻ ഇന്ന് നമുക്കൊപ്പമില്ല. എന്നാൽ അവളുടെ പേര് രാജ്യത്തെ പ്രായം കുറഞ്ഞ അവയവദാതാക്കളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് അവയവദാനത്തെക്കുറിച്ചുള്ള അവബോധം വർധിച്ചു വരികയാണ്. വൈദ്യശാസ്ത്ര ഗവേഷണത്തിനും ഉത്തേജനം ലഭിക്കുകയാണ്. ആലിനെപ്പോലെ അവയവ ദാനത്തിലൂടെ മറ്റൊരാൾക്ക് പുതുജീവൻ നൽകിയ നിരവധി പേരുണ്ട്’ – പ്രധാനമന്ത്രി പറഞ്ഞു.

ഫെബ്രുവരി അഞ്ചിന് എംസി റോഡില്‍ പള്ളം ബോര്‍മ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണില്‍ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളായ ആലിന് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ കുടുംബം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ആലിന്റെ വൃക്കകള്‍, കരള്‍, ഹൃദയവാല്‍വ്, നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തുമാസം പ്രായമുള്ള ആലിന്‍ മാറി. ആലിന്റെ അവയവങ്ങളിലൂടെ അഞ്ച് പേര്‍ക്കാണ് പുതുജീവിതം ലഭിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളിയിലായിരുന്നു സംസ്കാരം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ. ആലിൻ്റെ വൃക്കകളും കരളും ഹൃദയവാൽവും നാല് കുട്ടികൾക്കാണ് പുതുജീവനേകുന്നത്. ഇതിൽ രണ്ടുപേർ അവയവങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.

You may also like

error: Content is protected !!