പട്‌ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ 64.66 % പോളിംഗ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ബെഗുസാരായിയിലും ഏറ്റവും കുറവ് പട്‌നയിലുമാണ്. 121 സീറ്റുകളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്. ഇത് ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ബീഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വിയാദവ് അവകാശപ്പെട്ടപ്പോൾ, ജനം ജംഗിൾ രാജിനെതിരെ വിധിയെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഘോപൂരിൽ മത്സരിക്കുന്ന ഇന്ത്യസഖ്യം സ്ഥാനാർത്ഥി തേജസ്വി യാദവ് പറ്റ്നയിലെ വെറ്റിനറി കോളേജിലെത്തിയാണ് വോട്ട് ചെയ്തത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, എംപിയും സഹോദരിയുമായ മിസാ ഭാരതി, തേജസ്വിയുടെ ഭാര്യ രാജശ്രീയാദവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തേജസ്വിയുമായി തെറ്റി ജൻശക്തി ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച് മഹുവ മണ്ഡലത്തിൽ മത്സരിക്കുന്ന തേജ് പ്രതാപ് യാദവ് പ്രത്യേകം എത്തിയാണ് വോട്ട് ചെയ്തത്. തന്റെ രണ്ട് മക്കൾക്കും ആശംസകൾ നേരുന്നു എന്നായിരുന്നു വോട്ട് ചെയ്ത ശേഷം അമ്മ റാബ്റി ദേവിയുടെ പ്രതികരണം.
2020-ലെ ഒന്നാംഘട്ട പോളിങ് 56.1 ശതമാനം മാത്രമായിരുന്നു. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും കമ്മിഷൻ വ്യക്തമാക്കി. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയർന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ വലിയ നേട്ടമായിട്ടാണ് കാണുന്നത്. 2000 ത്തിൽ 62.57 ശതമാനം വോട്ട് രേഖപ്പെടുത്തിയതാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന പോളിങ്.
ആദ്യ ഘട്ട തിരഞ്ഞെടുപ്പിലെ 102 സീറ്റുകൾ ജനറൽ വിഭാഗമായിരുന്നു, 19 എണ്ണം പട്ടികജാതിക്കാർക്കും സംവരണം ചെയ്‌തിരുന്നവയാണ്. 1,192 പുരുഷന്മാരും 122 സ്ത്രീകളും ഉൾപ്പെടെ ആകെ 1,314 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ മത്സരിച്ചത്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ആണെങ്കിലും സുരക്ഷാ കാരണങ്ങളാൽ, സിമ്രി ഭക്തിയാർപൂർ, മഹിഷി, താരാപൂർ, മുൻഗർ, ജമാൽപൂർ എന്നിവിടങ്ങളിലും സൂര്യഗഢ നിയമസഭാ മണ്ഡലത്തിലെ 56 പോളിംഗ് ബൂത്തുകളിലും പോളിംഗ് സമയം വൈകുന്നേരം 5 മണിയായി ചുരുക്കിയിരുന്നു.
ഈ മാസം 11 ന് നടക്കുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പിൽ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. നവംബർ 14-നാണ് വോട്ടെണ്ണൽ.



