കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി വെള്ളാപ്പള്ളി നടേശനെ നീക്കി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മുഴുവൻ ബോർഡ് മെമ്പർമാരെയും അയോഗ്യരാക്കി. തുഷാര്‍ വെള്ളാപ്പള്ളിയെയും തൽസ്ഥാനത്ത് നിന്ന് നീക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. എസ് എന്‍ ഡി പിയോഗം ഡയറക്ടര്‍മാരേയും അയോഗ്യരാക്കി. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു.
എസ്എൻഡിപി യോഗം കമ്പനി ആക്‌ട് പ്രകാരം രജിസ്റ്റർചെയ്ത സംഘടനയാണ്. ഇതിലെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെയുള്ളവർ. കമ്പനി ഡയറക്ടർമാർക്ക് ഡിൻ (ഡയറക്ടേഴ്സ് ഐഡൻ്റിഫിക്കേഷൻ നമ്പർ) അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. അതിൻ്റെ പശ്ചാത്തലത്തിലാണ് അയോഗ്യതയുണ്ടെന്ന് ഉത്തരവിട്ടത്. തുടർച്ചയായ മൂന്നു വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതിക്ക് വീഴ്ചവരുത്തിയെന്നും ഇത് കമ്പനി ആക്ടിന്റെ ലംഘനമാണെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.


