Mantis Partners Sydney
Tuesday, February 3, 2026
Mantis Partners Sydney
Home » ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം, നിരവധി മരണം; ബിഎൽഎയ്ക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്ന് പാക്കിസ്ഥാൻ
ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം, നിരവധി മരണം; ബിഎൽഎയ്ക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്ന് പാക്കിസ്ഥാൻ

ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം, നിരവധി മരണം; ബിഎൽഎയ്ക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്ന് പാക്കിസ്ഥാൻ

by Editor

ക്വെറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ കനത്ത പോരാട്ടം. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പതിറ്റാണ്ടുകളായി തുടരുന്ന കലാപം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്. ജനുവരി 31-നും ഫെബ്രുവരി 1-നുമായി ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ നടന്ന ഏകോപിപ്പിച്ച ആക്രമണങ്ങളിൽ 200-ലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 31 സാധാരണക്കാരും 17 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പാക് സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 145 വിമതർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം. ശനിയാഴ്‌ച സംഘടിതമായി ആസൂത്രണത്തോടെയാണ് ബിഎൽഎ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഒരേസമയം റെയിൽ, റോഡ് ഗതാഗതങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. തലസ്ഥാനമായ ക്വെറ്റ, ഗ്വാദർ തുറമുഖം, മസ്തുങ് തുടങ്ങി പത്തോളം നഗരങ്ങളിൽ ഒരേസമയം ഇവർ ആക്രമണം നടത്തി. ഒരു ഡസനോളം സ്‌ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനും ബിഎൽഎയ്ക്കു കഴിഞ്ഞു. ഒട്ടേറെ പാക്കിസ്ഥാൻ സർക്കാർ ഉദ്യോഗസ്‌ഥരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണങ്ങളെത്തുടർന്ന് ക്വെറ്റ, ഗ്വാദർ തുടങ്ങിയ നഗരങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും സൈനിക പട്രോളിംഗ് കർശനമാക്കുകയും ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും റോഡുകൾ തടസ്സപ്പെടുത്തുകയും റെയിൽവേ ട്രാക്കുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. പോരാട്ടം രൂക്ഷമായതിനെത്തുടർന്ന് പ്രവിശ്യയിലുടനീളം ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കി. ആശുപത്രികളിൽ എമർജൻസി പ്രോട്ടോക്കോൾ പ്രഖ്യാപിക്കുകയും സൈന്യം വിപുലമായ തെരച്ചിൽ നടത്തുകയും ചെയ്യുന്നു.

അതേസമയം ബിഎൽഎയ്ക്ക് ഇന്ത്യ പിന്തുണ നൽകുന്നു എന്ന് പാക്കിസ്ഥാൻ ആരോപിച്ചു.  പാക് ആരോപണം ഇന്ത്യ നിഷേധിച്ചു. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള പതിവ് തന്ത്രങ്ങളെന്നു പറഞ്ഞാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങളെ തള്ളിയത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ മോചനം ആവശ്യപ്പെടുന്ന സംഘടനയാണ് ബലൂച് ലിബറേഷന്‍ ആര്‍മി അഥവാ ബി.എല്‍.എ. പാക്കിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികൾ ഉണ്ടെന്നാണ് കണക്കുകള്‍. പാക്കിസ്ഥാനില്‍ ബലൂചികള്‍ കൂട്ടത്തോടെ അധിവസിക്കുന്ന പ്രവിശ്യയാണ് ബലൂചിസ്ഥാൻ. പാക്കിസ്ഥാന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നില്‍ രണ്ടുണ്ട് ബലൂചിസ്ഥാന്‍. എന്നാല്‍ ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമാണ് ഇവിടെയുള്ളത്. പ്രകൃതിവാതക നിക്ഷേപവും, ഇരുമ്പ്, സൾഫർ, ക്രോമൈറ്റ്, കൽക്കരി, മാർബിൾ തുടങ്ങിയ ധാതുക്കളും കൊണ്ടു സമ്പന്നമാണ് മേഖല. പക്ഷേ, വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് ബലൂചിസ്ഥാന്‍. അതു തന്നെയാണ് പ്രധാന പ്രശ്നവും. മേഖലയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പാക് സര്‍ക്കാര്‍, ബലൂച് ജനതയെ അവഗണിക്കുകയാണെന്ന ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബി.എല്‍.എയിലൂടെ ഇടക്കിടെ മുഴങ്ങിക്കേള്‍ക്കുന്നത് അത്തരം പ്രതിഷേധമാണ്.

പാക്കിസ്ഥാന്‍ സ്വതന്ത്ര രാജ്യമായപ്പോള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാനായിരുന്നു ഒരു വിഭാഗം ബലൂചികളുടെ ആഗ്രഹം. ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ ഭാഗമാക്കാനായിരുന്നു ബ്രിട്ടീഷുകാരുടെ താല്പര്യം. ഇതോടെയാണ് സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന പൊതുവികാരം ശക്തിപ്പെടുന്നത്. എന്നാല്‍, സ്വതന്ത്രമായി നിന്ന നാട്ടുരാജ്യങ്ങളില്‍ ചിലത് പാക്കിസ്ഥാനൊപ്പം ചേരാന്‍ തയ്യാറായതോടെ, ബലൂചിസ്ഥാന്‍ ഒറ്റപ്പെട്ടു. 1948-ല്‍, സൈനിക നടപടിയിലൂടെ ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ഭാഗമായി. എന്നിട്ടും 1970-ല്‍ മാത്രമാണ് പ്രവിശ്യ പദവി ലഭിക്കുന്നത്. ഒട്ടും താല്‍പര്യമില്ലാതിരുന്നിട്ടും, പാക്കിസ്ഥാന്റെ ഭാഗമായി മാറേണ്ടി വന്ന ചരിത്രമാണ് ബലൂചിസ്ഥാന്റേത്.

പാക്-ചൈന ബന്ധത്തെ അങ്ങേയറ്റം എതിര്‍ക്കുന്നവരാണ് ബിഎല്‍എ. ബലൂചിസ്ഥാന്റെ ധാതുസമ്പത്തില്‍ കണ്ണുനട്ടാണ് ചൈന പാകിസ്ഥാനുമായി കരാറുകളില്‍ ഏര്‍പ്പെടുന്നതെന്ന തിരിച്ചറിവാണ് അതിന് കാരണം. ബലൂച് മേഖലയില്‍ ഇരു രാജ്യങ്ങളും പങ്കാളികളായ സാമ്പത്തിക ഇടനാഴി, ഗ്വാദറിൽ ചൈനയുടെ സഹായത്തോടെ നിര്‍മിച്ച സര്‍ക്കാര്‍ തുറമുഖം ഉള്‍പ്പെടെ പദ്ധതികള്‍ക്ക് ബിഎല്‍എ എതിരായിരുന്നു. അതുകൊണ്ട് തന്നെ, ഇരു രാജ്യങ്ങളും പങ്കാളികളായ പദ്ധതി പ്രദേശങ്ങളിലും, ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും ബിഎല്‍എയുടെ ആക്രമണം ഏല്‍ക്കേണ്ടിവരുന്നു. പാക് സൈന്യത്തിനും, തദ്ദേശീയരായ ന്യൂനപക്ഷ ജനതയ്ക്കും എതിരെ നിരന്തരം ആക്രമണം നടത്തിവന്ന ബിഎല്‍എയെ 2006-ല്‍ പാക് സര്‍ക്കാര്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. അതേവര്‍ഷം തന്നെ യുകെയും ബിഎല്‍എയെ ആഗോള ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2019ല്‍ യുഎസും, പിന്നാലെ യൂറോപ്യന്‍ യൂണിയനും സമാന നയം സ്വീകരിച്ചു.

ബലൂച് ജനതയുടെ സ്വയം നിര്‍ണയാവകാശമാണ് ബിഎല്‍എയുടെ പ്രഖ്യാപിത ലക്ഷ്യം. അതിലൂടെ സ്വതന്ത്ര രാജ്യമായി നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സായുധ സംഘത്തെ ആരാണ് സഹായിക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്. പലപ്പോഴും ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും പേരാണ് പാക്കിസ്ഥാന്‍ ഉന്നയിക്കുന്നത്. ഇന്ത്യയുടെ റോയും, അഫ്ഗാന്റെ രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്നാണ് ബിഎല്‍എയ്ക്ക് ധനസഹായവും പരിശീലനവും നല്‍കുന്നത് എന്നാണ് പാക് ആരോപണം. ഇന്ത്യ ഫണ്ട് ചെയ്യുന്ന സംഘടനയെ നിയന്ത്രിക്കുന്നത് അഫ്ഗാനാണ്. അതുകൊണ്ടാണ് ഇന്ത്യ ബിഎല്‍എയെ ഭീകര സംഘടനായി പ്രഖ്യാപിക്കാത്തത് എന്നുമാണ് പാക്കിസ്ഥാൻ പറയുന്നത്. അതേസമയം, പാക്കിസ്ഥാനിലെ വിമത സംഘങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇറാനും, ഇറാനിലെ വിമത സംഘങ്ങളെ പാക്കിസ്ഥാനും സഹായിക്കാറുണ്ടെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.

ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?

Send your news and Advertisements

You may also like

error: Content is protected !!