കാബൂൾ: പാക്കിസ്ഥാൻ – അഫ്ഘാനിസ്ഥാൻ അതിർത്തിയിൽ സ്ഥിതി അതീവ ഗുരുതരം. ഇരു വിഭാഗവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 22-ന് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇന്നലെ (ഫെബ്രുവരി 26 വ്യാഴാഴ്ച) രാത്രി താലിബാൻ സേന പാക് സൈനിക പോസ്റ്റുകൾക്ക് നേരെ വലിയ തോതിലുള്ള ആക്രമണം നടത്തി. ഇതിന് മറുപടിയായി ഫെബ്രുവരി ഇന്ന് (27 വെള്ളിയാഴ്ച) പുലർച്ചെ ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ (Operation Ghazab lil-Haq) എന്ന പേരിൽ പാക്കിസ്ഥാൻ അഫ്ഘാൻ നഗരങ്ങളായ കാബൂൾ, കന്ദഹാർ എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തി.
അഫ്ഘാനിസ്ഥാന്റെ ആക്രമണത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടതായും മൂന്ന് പേർക്ക് പരിക്കേറ്റതായും പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. അതേസമയം, പാക്കിസ്ഥാൻ നടത്തിയ പ്രത്യാക്രമണത്തിൽ 133 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായും നിരവധി ആയുധശേഖരങ്ങൾ നശിപ്പിച്ചതായും പാക് മാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ട്.
പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള “തുറന്ന യുദ്ധം” (Open War) ആണെന്ന് പ്രഖ്യാപിച്ചു. അതേസമയം ഐക്യരാഷ്ട്രസഭയും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാനും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഫെബ്രുവരി 22ന് അഫ്ഗാനിസ്‌ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ സൈനികാക്രമണത്തിൽ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക്ക് സൈന്യം അവകാശപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചത്. നംഗർഹാർ, പകടിക പ്രവിശ്യകളിലെ ഏഴു ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണു പാക്കിസ്ഥാൻ അവകാശപ്പെടുന്നത്. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരരാണെന്നു പാക്കിസ്ഥാൻ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ തിരിച്ചടിച്ചത്.
1893-ൽ ബ്രിട്ടീഷുകാർ നിശ്ചയിച്ച അതിർത്തിരേഖയായ ഡ്യൂറൻഡ് ലൈൻ അന്താരാഷ്ട്ര അതിർത്തിയായി അഫ്ഘാനിസ്ഥാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് ഇരുരാജ്യങ്ങൾക്കുമിടയിൽ ഇടയ്ക്കിടെ സായുധ ഏറ്റുമുട്ടലുകൾക്ക് കാരണമാകുന്നു. തങ്ങളുടെ മണ്ണിൽ നിന്നുകൊണ്ട് പാക്കിസ്ഥാനെതിരെ ആക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പുകളെ അഫ്ഘാനിസ്ഥാൻ അനുവദിക്കുന്നുവെന്ന് പാക്കിസ്ഥാൻ ആരോപിക്കുന്നു. പാക്കിസ്ഥാനിൽ അനധികൃതമായി താമസിക്കുന്ന അഫ്ഘാൻ അഭയാർത്ഥികളെ പുറത്താക്കുന്നതിനായി പാക് സർക്കാർ കടുത്ത നടപടികൾ ആണ് സ്വീകരിച്ചു വരുന്നത്.
‘കാത്തിരുന്നോ, ഞങ്ങൾ തീർച്ചയായും തിരിച്ചടിക്കും’; പാക്കിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ


