Wednesday, October 15, 2025
Mantis Partners Sydney
Home » ജി എസ് ടി ഇളവ് ഉപഭോക്താക്കൾക്ക്; കാറുകൾക്കു വിലയിളവ് പ്രഖ്യാപിച്ച് കമ്പനികൾ
ജി എസ് ടി ഇളവ് ഉപഭോക്താക്കൾക്ക്; കാറുകൾക്കു വിലയിളവ് പ്രഖ്യാപിച്ച് കമ്പനികൾ

ജി എസ് ടി ഇളവ് ഉപഭോക്താക്കൾക്ക്; കാറുകൾക്കു വിലയിളവ് പ്രഖ്യാപിച്ച് കമ്പനികൾ

by Editor

പുതിയ കാറുകൾ വാങ്ങാൻ ഇരിക്കുന്നവർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ആണ് പുറത്തു വരുന്നത്. ജി എസ് ടി നിരക്കിൽ മാറ്റം വരുത്തിയതിനെ തുടർന്നു വാഹന നിർമാതാക്കൾ കാറുകളുടെ വില ഗണ്യമായി കുറച്ചു. പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, എൽപിജി, സിഎൻജി കാറുകൾ (1200 സിസി വരെ), ഡീസൽ, ഡീസൽ ഹൈബ്രിഡ് കാറുകൾ (1,500 സിസി വരെ), മുച്ചക്ര വാഹനങ്ങൾ, 350 സിസി വരെയുള്ള മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ജി എസ് ടി കേന്ദ്ര സർക്കാർ 28%-ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. മറ്റ് വാഹനങ്ങളുടെ ജി എസ് ടി 40 ശതമാനവുമാക്കി. ഇതോടെ നിരവധി ജനകീയ കാറുകളുടെ വിലയില്‍ കുറവുണ്ടാവും.

ആഡംബര കാര് നിർമാതാക്കളായ ബെൻസ് 11 ലക്ഷം രൂപ വരെയാണ് ജി എസ് ടി ഇളവ് ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. സി ക്ലാസ് സെഡാന്‍, ജിഎല്‍സി എസ്‌യുവി (SUV) തുടങ്ങിയ മിഡ് സെഗ്മെന്റ് മോഡലുകൾക്ക് ആറു മുതല്‍ ഏഴു ലക്ഷം രൂപയുടെ വരെ കുറവ് ലഭിക്കും. എസ്-ക്ലാസ്, ജിഎല്‍എസ് എസ്‌യുവികളുടെ ഉയര്‍ന്ന മോഡലുകൾക്ക് 10 മുതൽ 11 ലക്ഷം രൂപ വരെയാണ് കുറവ് വരുക.

മുൻനിര ജർമ്മൻ ഓട്ടോ ബ്രാൻഡായ ഔഡി ഇന്ത്യ അവരുടെ കമ്പനിയുടെ മോഡലുകൾക്ക് 2.5 ലക്ഷം മുതൽ 7.8 ലക്ഷം രൂപ വരെ വിലക്കുറവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്‌. പുതിയ വിലകൾ 2025 സെപ്റ്റംബർ 22 മുതൽ ബാധകമാകും. എൻട്രി ലെവൽ മോഡലുകൾ മുതൽ ഫ്ലാഗ്ഷിപ്പ് ക്യു 8 വരെ മോഡലുകൾക്ക് ഈ വിലക്കുറവ് ലഭിക്കും. ഔഡി എ4-ന്റെ വില ഏകദേശം 2.6 ലക്ഷം കുറഞ്ഞു. ഓഡി എ6 നു ഏകദേശം 3.6 ലക്ഷം രൂപയാണ് കുറയുക. എസ്‌യുവിയായ ക്യു3-ന് ഏകദേശം മൂന്നു ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുമ്പോൾ, ക്യു5-ന് 4.5 ലക്ഷവും ക്യു7-ന് 6 ലക്ഷം രൂപ വരെയും കുറവ് ലഭിക്കും. വലിയ എസ് യു വി (SUV) ആയ ക്യു8-നു ഏകദേശം 7.8 ലക്ഷം രൂപയാണ് കുറയുക.

ഇന്ത്യയിലെ പ്രമുഖ കാർ നിർമ്മാക്കളായ ടാറ്റ വിവിധ മോഡലുകളുടെ വില 1.55 ലക്ഷം രൂപ വരെ കുറച്ചതായി അറിയിച്ചിട്ടുണ്ട്. ചെറു കാറായ ടിയാഗോയ്ക്ക് 75,000 രൂപ കുറഞ്ഞു, ടിഗോറിന് 80,000 രൂപയും ആൾട്രോസിന് 1.10 ലക്ഷം രൂപയും കുറച്ചിട്ടുണ്ട്. ചെറു എസ്‌യുവി(SUV)യായ പഞ്ചിന് 85,000 രൂപയും കോംപാക്റ്റ് എസ്യുവി നെക്സോണിന് 1.55 ലക്ഷം രൂപയും കർവിന് 65,000 രൂപയും ഹാരിയറിന് 1.40 ലക്ഷം രൂപയും സഫാരിക്ക് 1.45 ലക്ഷം രൂപയും കുറച്ചു. പുതുക്കിയ വിലകൾ ഈ മാസം 22 മുതൽ നിലവിൽ വരുമെന്നാണ് അറിയിക്കുന്നത്.

മറ്റൊരു പ്രമുഖ കാർ നിർമ്മാക്കളായ മഹീന്ദ്ര ബൊലേറോയ്ക്കും ബൊലേറോ നിയോയ്ക്കും 1.27 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. എക്‌സ്‌യുവി 3 എക്‌സ്ഒ പെട്രോളിന് 1.40 ലക്ഷം രൂപയും ഡീസലിന് 1.56 ലക്ഷം രൂപയും കുറച്ചു. ഥാർ 2 വീൽ ഡ്രൈവ് മോഡലുകൾക്ക് 1.35 ലക്ഷം രൂപയും നാല് വീൽ ഡ്രൈവ് മോഡലുകൾക്ക് 1.01 ലക്ഷം രൂപയും കുറച്ചു. സ്കോർപ്പിയോ ക്ലാസിക്കിന്റെ വില 1.01 ലക്ഷം രൂപ കുറച്ചപ്പോൾ സ്കോർപ്പിയോ എന്നിന്റെ വില 1.45 ലക്ഷം രൂപയും കുറഞ്ഞു. ഥാർ റോക്സിൻ്റെ വില കുറച്ചത് 1.33 ലക്ഷം രൂപ വരെയാണ്. എക്‌സ്‌യുവി 700-ന്റെ എക്സ്ഷോറും വിലയിൽ 1.43 ലക്ഷം രൂപ കുറഞ്ഞു.

ടൊയോട്ട തങ്ങളുടെ മോഡലുകൾക്ക് 3.49 ലക്ഷം രൂപ വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഗ്ലാൻസയുടെ വില 85,300 രൂപയാണ് കുറച്ചതെങ്കിൽ അർബൻ ക്രൂസർ ടൈസോറിന്റെ വില 1.11 ലക്ഷം രൂപ കുറച്ചു. എംപിവി റൂമിയോണിൻ്റെ വില 48,700 രൂപയും എസ്‌യുവി ഹൈറൈഡറിൻ്റെ വില 65,400 രൂപയും കുറച്ചു. ഇന്നോവ ക്രിസ്‌റ്റയുടെ വില 1.80 ലക്ഷം രൂപയാണ് കുറഞ്ഞത്. ഹൈക്രോസിൻ്റെ വില 1.15 ലക്ഷം രൂപയും ഫോർച്യൂണറിൻ്റേത് 3.49 ലക്ഷം രൂപയും ലെജൻഡറിൻ്റേത് 3.34 ലക്ഷം രൂപയും ഹൈലെക്സിന് 2.52 ലക്ഷം രൂപയും കുറഞ്ഞു. പ്രീമിയം സെഡാനായ കാമ്രിയുടെ വില 1.01 ലക്ഷം രൂപയും ലക്ഷ്വറി എംപിവി വെൽഫറിന്റെ വില 2.78 ലക്ഷം രൂപയും കുറച്ചു.

ഹ്യുണ്ടേയ് തങ്ങളുടെ മോഡലുകൾക്ക് 2.40 ലക്ഷം രൂപ വരെയാണ് കുറച്ചത്. ചെറു ഹാച്ച്ബാക്ക് ഗ്രാൻഡ് ഐ10 നിയോസിന്റെ വില 73,808 രൂപ വരെ കുറഞ്ഞു. കോംപാക്റ്റ് സെഡലാൻ ഓറയുടെ വില 78,465 രൂപ കുറ‍ഞ്ഞു. മൈക്രോ എസ്‍യുവി എക്സ്റ്ററിന്റെ വില കുറഞ്ഞത് 89,209 രൂപ വരെയാണ്. പ്രീമിയം ഹാച്ച്ബാക്ക് ഐ 20യുടെ വില 98,053 രൂപ വരെ കുറഞ്ഞു. ക്രോസ് ഹാച്ച് ഐ 20 ആക്ടീവിന്റെ വില 1,08,116 രൂപ കുറഞ്ഞു. ചെറു എസ്‍യുവി വെന്യുവിന്റെ വില 1,23,659 രൂപ വരെ കുറഞ്ഞു. വെന്യൂവിന്റെ പെർഫോമൻസ് മോഡൽ എൻലൈനിന്റെ വില 1,19,390 രൂപ വരെ കുറഞ്ഞു. മിഡ് സൈസ് സെഡാൻ വെർനയുടെ വില കുറഞ്ഞത് 60640 രൂപ വരെയാണ്. മിഡ് സൈസ് എസ്‍യുവി ക്രേറ്റയുടെ വില കുറഞ്ഞത് 72145 രൂപ വരെ കുറഞ്ഞു. ക്രേറ്റയുടെ പെർഫോമൻസ് മോഡൽ എൻ ലൈനിന്റെ വില 71762 രൂപ വരെ കുറഞ്ഞു. എസ്‍യുവിയായ അൽക്കസറിന്റെ വില 75376 രൂപ വരെ കുറഞ്ഞു. പ്രീമിയം എസ്‍യുവി ട്യൂക്സോണിന്റെ വലി കുറഞത് 2.40 ലക്ഷം രൂപ വരെയാണ്.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്നവ ഏകദേശ വിലകളാണ്. അന്തിമ വിലയിൽ മോഡലുകൾക്ക് അനുസരിച്ചു സംസ്ഥാനങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

Send your news and Advertisements

You may also like

error: Content is protected !!