Mantis Partners Sydney
Wednesday, February 11, 2026
Mantis Partners Sydney
Home » ഉന്നത സാഹിത്യ പ്രതിഭകൾ ആരുടെയും അടിമകളല്ല…..
ഉന്നത സാഹിത്യ പ്രതിഭകൾ ആരുടെയും അടിമകളല്ല.....

ഉന്നത സാഹിത്യ പ്രതിഭകൾ ആരുടെയും അടിമകളല്ല…..

by Editor

പ്രമുഖ കവിയും നിരൂപകനും കേരള സാഹിത്യ അക്കാദമി പ്രസിഡൻ്റ് കെ. സച്ചിദാനന്ദനും പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവർത്തകയുമായ സാറ ജോസഫ് ഇന്നത്തെ ഭരണമാറ്റത്തെപ്പറ്റി പ്രതികരിച്ചത് അതിവൈകാരികമായ ഒരഭിപ്രായമല്ല. മനുഷ്യ ജീവിതത്തെ വരിഞ്ഞുമുറുക്കുന്ന ജാതിമത – രാഷ്ട്രീയ പാർട്ടികളുടെ മറവിൽ മനുഷ്യരെ വില്‌പനച്ചരക്കാക്കി മാറ്റുന്ന രാഷ്ട്രീയ കച്ചവട സംസ്‌കാരം മാറണം. തെരെഞ്ഞെടുപ്പിൽ ജയിക്കാനായി കാല് പിടിച്ചു് തോളിൽ കയറി വോട്ടുവാങ്ങും. അധികാരം കിട്ടിയാൽ കാലുപിടിച്ചവനെ തലോടലല്ല മറിച്ചു് തൊഴിച്ചു മാറ്റുന്നു. പാവങ്ങളുടെ നികുതിപണമെടുത്തു് ലോകത്തിൻ മനോരഞ്ജകങ്ങളായ സർവ്വ സുഖഭോഗങ്ങളും അലങ്കാരമാക്കിയാൽ പരിഹാസപാത്രങ്ങളായി, നഷ്ടവസന്തങ്ങളുടെ തേങ്ങലുകളാണ് കാണുക.

ഏത് രാഷ്ട്രീയപാർട്ടി ഭരിച്ചാലും കണ്ടുവരുന്ന പ്രവണത അധികാരത്തിലെത്തിയാൽ കാട്ടിലെ മരം, തേവരുടെ ആന, എത്തിയടത്തോളം വലിക്കട്ടെ. 1848-ൽ ഏംഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിൽ പറഞ്ഞത്. ‘അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ’ എന്ന മുദ്രാവാക്യത്തിൽ നിന്ന് മാറി എന്റെ ഭാഷയിൽ ‘ഞങ്ങൾ തൊഴിലാളികൾ അധികാരം കിട്ടിയാൽ മുതലാളിമാർ’ എന്നാണ്. ഇങ്ങനെ ഏറിപ്പോയാൽ താഴേപ്പോകും അല്ലെങ്കിൽ നാറിപ്പോകുമെന്നാണവർ പറഞ്ഞത്. നാടൻ ഭാഷ പറഞ്ഞാൽ കട്ടൻ ചായ കടിയുടെ രാഷ്ട്രീയം കുടിയുടെ, പകയുടെ രാഷ്ട്രീയമായി.

ലോകത്തെ ഏറ്റവും കൂടുതൽ തെരുവീഥികളുള്ള നഗരം പാരീസാണ്. ഫ്രഞ്ച് വിപ്ലവത്തിന് വഴി യൊരുക്കിയ മഹാ പ്രതിഭകളുടെ നാട്. ഫ്രഞ്ചു് വിപ്ലവത്തിൻ്റെ ആചാര്യന്മാരിൽ ഒരാളായ 1694 നവംബർ 21-ന് ജനിച്ച വോൾട്ടയറെ പഠിക്കണം. ലൂയി പതിനഞ്ചാമൻ രാജാവിൻ്റെ ദുർഭരണത്തെ എതിർത്തതിന്റെ പേരിൽ ജയിലിൽ അടച്ചു, നാട് കടത്തി, രോഷകുലനായ രാജാവ് അദ്ദേഹത്തിൻ്റെ പുസ്‌തകങ്ങൾ കത്തിച്ചു. കാറൽമാർക്‌സിൻ്റെ സോഷ്യലിസ്റ്റ് കൃതികൾ വായിച്ചു വളർന്ന ലോകത്തെ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ, സോവിയറ്റ് റഷ്യയുടെ പിതാവും എഴുത്തുകാരനുമായിരുന്ന ലെനിൻ റഷ്യയിലെ സാർ ചക്രവർത്തി ദുർഭരണത്തിനെതിരെ തൂലിക ചലിപ്പിച്ചു. വ്യക്തിപൂജയും സ്‌തുതിഗീതങ്ങളും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അധികാരികൾ ബിംബങ്ങളായാൽ അത് നാടിന് ആപത്താണ്. അധികാര ദാർഷ്ട്യത്തിൽ വളരേണ്ട പാർട്ടികളല്ല സോഷ്യലിസ്റ്റ് പാർട്ടികൾ.

ഐറിഷ് ഇംഗ്ലീഷ് നാടകകൃത്തും, സാഹിത്യകാരനും, ആക്ഷേപഹാസ്യ നിരൂപകനും നോബേൽ സമ്മാനജേതാവുമായ ജോർജ്ജ് ബെർണാഡ് ഷാ (1856 – 1950) രാഷ്ട്രീയക്കാരെ വിലമതിച്ചത് ഇങ്ങനെയാണ്. ‘അയാൾക്ക് എല്ലാം അറിയാമെന്ന ഭാവമാണ്. എന്നാൽ ഒന്നുമറിയില്ല’. ലണ്ടനിൽ ജീവിക്കുന്ന കാലം ഇവി ടുത്തെ രാജാവിനെവരെ വിമർശിച്ച ഷാ പറഞ്ഞത് മലയാളിക്ക് തള്ളിക്കളയാൻ പറ്റുമോ? വികസിത രാജ്യങ്ങ ളിലെ എല്ലാം ജനപ്രതിനിധികളും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും പുസ്‌തകങ്ങൾ വായിക്കുന്നവരും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുമാണ്. ഹീനപ്രവർത്തികൾ ചെയ്യുന്ന ഒരാളും മന്ത്രിസഭയിൽ എന്നല്ല ജനപ്രതിനിധിയായും വാഴിക്കില്ല. ജാതിമതം വാഴുന്ന നാട്ടിൽ ഇതൊക്കെ മറയാക്കി വരുന്നവരുടെ യോഗ്യത ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതാണ്. ഇവിടുത്തെ മന്ത്രിമാർ ജനങ്ങൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ഇന്ത്യയിൽ ജനാധിപത്യമെങ്കിലും ജീവനെ ഭയന്ന് രാജഭടന്മാരുടെ ധാരാളം കാറുകളുടെ അകമ്പടിയിലാണ് സഞ്ചരിക്കുന്നത്. ഈ അകൽച്ച എങ്ങനെയുണ്ടായി? ഇവർ ആരുടെ ജനപ്രതിനിധി കളാണ്? വീണ്ടും വീണ്ടും അധികാരത്തിൽ വന്ന് തലമുറകൾക്കായി സമ്പാദിക്കുന്നത് ആരും കാണുന്നില്ലേ?

നമ്മുടെ പഠിക്കുന്ന കുട്ടികൾ നാട് വിടുന്നു. ആരും ഗൗരവമായി കാണുന്നില്ല. പഠിക്കുന്ന കുട്ടികൾ വരെ മദ്യം, കഞ്ചാവ്, കറുപ്പ്, ഹെറോയിനിൽ കുരുങ്ങി പുതിയൊരു വിദ്യാഭ്യാസ സംസ്‌കാരം വളരുന്നു. ആരാണ് ഇതിനുത്തരവാദികൾ? ആ കൂട്ടത്തിൽ സാഹിത്യ സൃഷ്ടികളുടെ അന്തഃസത്ത മാറി, ആശയ ഗൗരവം മാറി, സംഗീതത്തിൻ്റെ താളം മാറി. ബഹുഭൂരിപക്ഷം സർഗ്ഗ പ്രതിഭകൾ ബുദ്ധിപരതയിൽ നിന്നും വിമർശനത്തിൽ നിന്നുമകന്ന് സ്‌തുതിപാഠകരായി രാഷ്ട്രീയ പാർട്ടികൾ നൽകുന്ന മുന്തരിച്ചാറിൽ ആനന്ദം കണ്ടെത്തുന്നു. വിമർശനങ്ങളെ ഉൾകൊള്ളുന്ന ഇടതുപക്ഷം വിമർശനങ്ങളെ സമചിത്തതയോടെ കാണണം. തെറ്റുണ്ടെങ്കിൽ തിരുത്തൽ പ്രക്രിയകളാണ് വേണ്ടത്. ലോകത്തു് വേട്ടയാടുന്നത് ഏകാധിപത്യ- ബൂർഷ്വാവർഗ്ഗീയ പാർട്ടികളാണ്. ഏത് പാർട്ടിയായാലും സഹജീവികളോടുള്ള കരുതലിന് പകരം ജാതി മത രാഷ്ട്രീയം നോക്കി മാർക്കിട്ടാൽ പിന്നീട് ഊറി കരയേണ്ടിവരും. ജയം തോൽവിയെക്കാൾ ഓരോ പാർട്ടിയും നിലകൊള്ളേണ്ടത് അവരുടെ സമീപനങ്ങളിലാണ്.

ഏത് രാഷ്ട്രീയ പാർട്ടി ഭരിച്ചാലും മനുഷ്യർ നേരിടുന്ന നീറുന്ന മഹാ സത്യത്തിലേക്ക് കടന്നുവരണം. ഗാലറിയിൽ കളികണ്ടുകൊണ്ടിരിന്ന ഏതാനം സാഹിത്യ പ്രതിഭകൾ അളന്നുകുറിച്ച് പറയുന്നത് മനുഷ്യ നന്മകൾക്ക് വേണ്ടിയാണ്. സോഷ്യൽ മീഡിയയിൽ പി. ആർ തൊഴിലാളികൾ പൊക്കി പറഞ്ഞിട്ടോ, ലക്ഷങ്ങൾ കൊടുത്തു പത്രത്തിൽ പൊങ്ങച്ചം കാണിച്ചിട്ടോ, സൈബർ ഗുണ്ടകൾ അതിക്ഷേപം നടത്തിയാലൊന്നും ഇരുട്ടിനെ വെളിച്ചമാക്കാൻ പറ്റില്ല. എഴുത്തുകാരൻ അധികാരത്തിൻ്റെ ഭാഗമായതുകൊണ്ട് സത്യം മറച്ചു വെക്കണോ? അത് ആത്മാഭിമാനമുള്ള എഴുത്തുകാർക്ക് ചേർന്നതല്ല. സി.പി.ഐ നേതാവും എഴുത്തുകാരനുമായിരുന്ന സി.അച്യുതമേനോൻ രണ്ട് പ്രാവശ്യം (1969-1977) മുഖ്യ മന്ത്രിയായി. തന്റെ എഴുത്തിലൂടെ ലഭിച്ച പണമാണ് സ്വന്തം ചെലവിനായി ഉപയോഗിച്ചത്. അതുപോലെ ഈ.എം.എസ്, എം.എ.ബേബി, ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രൻ, ജി.സുധാകരൻ തുടങ്ങി പലരും സ്വന്തം അദ്ധ്വാനത്തിലൂടെ ജീവിക്കുന്നവരാണ്. ഇന്നുള്ള രാഷ്ട്രീയ പാർട്ടികളിൽ എത്ര പേരെ ഈ ഗണത്തിൽ കാണാൻ സാധിക്കും?

പല ദരിദ്ര രാജ്യങ്ങളെടുത്താൽ അവിടെയെല്ലാം ചവുട്ടിമെതിക്കപ്പെടുന്നവൻ്റെ ദീനരോധനങ്ങളാണ്. സമൂഹത്തിൽ അനീതി, ചൂഷണം, വഞ്ചന, സ്വാർത്ഥത, മതഭ്രാന്ത് നടക്കുമ്പോൾ നിഷ്‌കളങ്കമായി ആരും പുഞ്ചിരിക്കില്ല. നിസ്സഹായരായ മനുഷ്യരുടെ മധ്യത്തിലേക്ക് സഹാനുഭൂതിയുമായി കടന്നുവരുന്നവരാണ് കലാ സാഹിത്യ പ്രതിഭകൾ. അവർ ഒരു ജാതിമത രാഷ്ട്രീയപാർട്ടികളുടെ അടിമകളായിരിക്കില്ല. മതേതര കേരളത്തിൽ പുത്തൻ പ്രഭുവർഗ്ഗവും വർഗ്ഗീയതയും വളരാതിരിക്കാൻ എല്ലാം പാർട്ടികൾക്കും ഉത്തര വാദിത്വമുണ്ട്.

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!