ദോഹ: ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഖത്തർ ഇറാന് നേരെ പ്രത്യാക്രമണം നടത്തിയതായി ചില വിദേശ നയതന്ത്ര സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തർ ഇറാന് ഉള്ളിൽ ആക്രമണം നടത്തിയതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണശ്രമത്തിന് മറുപടിയായാണ് ഇതെന്നാണ് സൂചന. ഖത്തർ സൈന്യം ഇറാന്റെ രണ്ട് യുദ്ധവിമാനങ്ങളും നിരവധി ഡ്രോണുകളും വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണങ്ങളെത്തുടർന്ന് ഖത്തർ താൽക്കാലികമായി തങ്ങളുടെ എൽ.എൻ.ജി (LNG) ഉത്പാദനം നിർത്തിവെക്കുകയും വ്യോമപാത അടയ്ക്കുകയും ചെയ്തു.
പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഡ്രോണുകളെയും മിസൈലുകളെയും പ്രതിരോധിക്കുന്നതിനായി റഫാൽ യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും എയർ റഡാറുകളും വിന്യസിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് നാവികസേനയുടെ അഭിമാനമായ ‘ചാൾസ് ഡി ഗാൾ’ എന്ന വിമാനവാഹിനിക്കപ്പൽ മെഡിറ്ററേനിയൻ കടലിലേക്ക് അയച്ചതായി മാക്രോൺ സ്ഥിരീകരിച്ചു.
അമേരിക്ക-ഇറാൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈന്യം (CENTCOM) ഇതുവരെ ഇറാനിലെ 1,700-ലധികം ലക്ഷ്യങ്ങൾ തകർത്തതായി അറിയിച്ചു. മിസൈൽ സൈറ്റുകൾ, നാവിക കപ്പലുകൾ, കമാൻഡ് സെന്ററുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഖോം നഗരത്തിലെ ഇറാന്റെ വിദഗ്ധ സമിതിയുടെ ആസ്ഥാനമായ കെട്ടിടത്തിന് നേരെയും ഇസ്രയേൽ ആക്രമണം നടത്തി. യോഗം നടക്കുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നാണു വിവരം.
അതിനിടെ ഇറാന്റെ തന്ത്രപ്രധാനമായ ബുഷെഹർ വിമാനത്താവളത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഒരു യാത്രാവിമാനം തകർന്നെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധസാഹചര്യത്തിൽ ഇറാന്റെ വ്യോമപാത നേരത്തെ തന്നെ അടയ്ക്കുകയും പാസഞ്ചർ സർവീസുകൾ നിർത്തിവെക്കുകയും ചെയ്തതിനാൽ വിമാനത്തിനുള്ളിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ സൗദി അറേബ്യയിലെയും കുവൈറ്റിലെയും യുഎസ് എംബസികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി. കൂടാതെ ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മേഖലയിലെ മൂന്ന് എംബസികൾ അമേരിക്ക താൽക്കാലികമായി അടച്ചു. ഇറാൻ്റെ ആണവ ശേഷി വികസിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് ആക്രമണം നടത്തിയതായി സ്ഥിരീകരണമുണ്ട്. ഇറാനില നതാൻസ് ആണവ കേന്ദ്രത്തിന് ഘടനാപരമായ കേടുപാടുകൾ സംഭവിച്ചതായി രാജ്യാന്തര അറ്റോമിക് എനർജി ഏജൻസി അറിയിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ പരിശോധനയ്ക്കു ശേഷമാണ് സ്ഥിരീകരണം. റേഡിയേഷൻ ചോർച്ചയുടെ ലക്ഷണങ്ങളില്ലെന്നാണു ഏജൻസി വ്യക്തമാക്കുന്നത്.
മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാൻ വിവിധ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്.


