ന്യൂ ഡൽഹി: ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുൾ ബാസിത് വിവാദപരമായ പരാമർശം നടത്തിയത്. അമേരിക്ക പാക്കിസ്ഥാനെതിരെ എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ, ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹിയും മുംബൈയും ലക്ഷ്യമിടണമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. പാക്കിസ്ഥാന്‍റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ തുറന്നുകാട്ടി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അബ്ദുൾ ബാസിതിന്റെ പ്രകോപനപരമായ പരാമർശം.
ഗബ്ബാർഡിന്‍റേത് പാക് വിരുദ്ധ വീക്ഷണമാണെന്ന് ബാസിത് പറഞ്ഞു- “എല്ലാത്തിനുമുപരി അവർ ഇന്ത്യൻ വംശജയാണ്. തുൾസി ഗബ്ബാർഡ് പാക് മിസൈലുകൾ കണ്ടു. പക്ഷേ ഇന്ത്യയുടെ അഗ്നി 5 ഉം അഗ്നി 6 ഉം കണ്ടില്ല. അവ ഭൂഖണ്ഡാന്തര മിസൈലുകളാണ്. പാകിസ്ഥാന്‍റെ കയ്യിൽ അതില്ല. പാക് മിസൈൽ ദൂരപരിധി വർദ്ധിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കുറഞ്ഞത് നമുക്ക് ഇസ്രയേലിനെയെങ്കിലും ലക്ഷ്യമിടാൻ കഴിയണം”- എന്നാണ് പാക് ചാനൽ എബിഎൻ ന്യൂസിലെ ചർച്ചയിൽ അബ്ദുൾ ബാസിത് പറഞ്ഞത്.
ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് പറഞ്ഞ അബ്ദൾ ബാസിത് പാക്കിസ്ഥാന് യുഎസുമായി ശക്തമായ ബന്ധമുണ്ടെന്നാണ് പാക്കിസ്ഥാനികൾ കരുതിയതെന്നും അത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും വിമർശിച്ചു. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധവും, മേഖലയിൽ ഇന്ത്യക്കുള്ള സ്വാധീനവുമാണ് ഇത്തരമൊരു പ്രസ്താവന നടത്താൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയെ ആക്രമിക്കുന്നത് വഴി അമേരിക്കയെ സമ്മർദ്ദത്തിലാക്കാം എന്നതായിരുന്നു ഇദ്ദേഹത്തിന്റെ വാദം. നേരത്തെയും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് അബ്ദുൾ ബാസിത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രസ്താവനകൾ കൂടുതൽ ചർച്ചയാകുന്നത്.

