തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനും കോടതി ജീവനക്കാരനായ ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ വിധിച്ചു. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി. ആന്റണി രാജുവിന്റെ എംഎൽഎ പദവി നഷ്ടമാകും.
1990 ഏപ്രില്‍ 4-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാന്‍ തൊണ്ടിയിലെ അളവു വ്യത്യാസം നിര്‍ണായകമായി.
ഓസ്ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ കൊലക്കേസിൽ പെടുകയും തടവിൽ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടർന്ന് ഇന്റർപോൾ ആണ് സിബിഐയ്ക്ക് വിവരം കൈമാറുന്നത്. സിബിഐ കേരളാ പോലീസിന് കത്ത് നൽകി. തുടർന്നാണ് ആൻ്റണി രാജുവിനെതിരേ കേസെടുത്തത്.
കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആൻ്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. അന്ന് അഭിഭാഷകനായിരുന്ന ആൻ്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേർന്ന് തൊണ്ടിമുതലിൽ തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. കേസിൻ്റെ വിചാരണ കഴിഞ്ഞ മാസം 16 ന് പൂർത്തിയായി. നെടുമങ്ങാട് കോടതിയിൽ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോൾ വഞ്ചനാക്കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, ഈ വകുപ്പു കൂടി ഉൾപ്പെടുത്തിയാണ് വിചാരണ പൂർത്തിയാക്കിയത്. 29 സാക്ഷികളിൽ 19 പേരെ വിസ്‌തരിച്ചു. മരണം, രോഗം എന്നിവ മൂലം എട്ടു പേരെ ഒഴിവാക്കി മറ്റു രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.



