തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ കൊട്ടാരക്കര എംഎല്‍എയുമായ ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാലയിട്ട് സ്വീകരിച്ചു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടത്തുന്ന കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദിയില്‍ വെച്ചാണ് ഐഷ പോറ്റിയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പു നല്‍കിയത് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ്. കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കാൻ സാധ്യതയുണ്ട്.
2006-ൽ മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയെ തോൽപിച്ചായിരുന്നു കൊട്ടാരക്കരയിൽ ഐഷ പോറ്റിയുടെ ആദ്യ ജയം. 2011, 2016 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. എംഎൽഎ കാലാവധി കഴിഞ്ഞ ശേഷം പാർട്ടി കമ്മിറ്റികളിൽ നിന്നും പൊതുപരിപാടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയായിരുന്നു. പാർട്ടി നേതൃത്വവുമായുള്ള ഭിന്നത കാരണം മനഃപൂർവം വിട്ടു നിൽക്കുകയാണെന്നായിരുന്നു പ്രചാരണം. കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയത് മുതല്‍ ഐഷ പോറ്റി സിപിഐഎം വിടുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.



