സിഡ്നി: മലയാളികളുള്ള മണ്ണിലേക്കെല്ലാം മലങ്കരസഭ വളർന്ന് പന്തലിക്കുന്നത് അഭിമാനകരമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ ഏഷ്യാ പസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാർഷിക ആഘോഷം സിഡ്നിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. ഏഷ്യാ പസിഫിക് ഭദ്രാസനം ഒരുവർഷത്തിനുള്ളിൽ 47 പള്ളികളും 1700 സ്ഥിരം കുടുംബങ്ങളുമായി വളർച്ചയുടെ പടവുകൾ കയറുന്നത് പ്രവാസിസമൂഹത്തിന്റെ സഭാസ്നേഹമാണ് വെളിവാക്കുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. ഭദ്രാസനസഹായ മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ഫാ. തോമസ് വർഗീസ് കോർ-എപ്പിസ്കോപ്പാ സ്വാഗതം ആശംസിച്ചു.ഗാൾസ്റ്റൺ സെന്റ് മേരീസ് പള്ളിയിലെയും, സിഡ്നി സെന്റ് തോമസ് കത്തീഡ്രലിലെയും ഗായകസംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ഭദ്രാസന സൺഡേ സ്കൂൾ സഭയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സഹോദരൻ പദ്ധതിക്ക് വേണ്ടി സമാഹരിച്ച തുക പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈമാറി. ഏഷ്യാ പസിഫിക് ഭദ്രാസനം യാത്രയുടെ കഥ- എന്ന ടൈംലൈൻ യോഗത്തിൽ അവതരിപ്പിച്ചു. ഭദ്രാസന ദിന സപ്ലിമെന്റ് ഹാഗിയോസ്, 2026-ലെ ഭദ്രാസന കലണ്ടർ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. ഭദ്രാസനത്തിന്റെ വളർച്ചക്കായി പ്രവർത്തിച്ച വ്യക്തികളെയും, സംഘടനകളെയും ഭദ്രാസന സുഹൃത്തുക്കൾ എന്ന പേരിൽ ആദരിച്ചു.
മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് വടക്കേടത്ത്, ഭദ്രാസന കൗൺസിൽ അംഗം ഡാനിയൽ ബർസ്ലീബി, വൈദിക സെക്രട്ടറി ഫാ. അനീഷ് കുഞ്ഞപ്പൻ, ഫാ. ജാക്സ് ജേക്കബ് എന്നിവർ സംസാരിച്ചു. ശ്ലൈഹിക സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തിയ മലങ്കരസഭാധ്യക്ഷൻ വിവിധ സഭാ, രാഷ്ട്രീയ, സാംസ്ക്കാരിക, സർക്കാർ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തി.



