ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഒരു കക്ഷി നിബന്ധനകൾ വെക്കുകയും എതിർ കക്ഷി അത് ചോദ്യം ചെയ്യാതെ അനുസരിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം അംഗീകരിക്കാനാവില്ല. ആ കാലം കഴിഞ്ഞു. 200 വർഷത്തെ കോളനി വാഴ്ചയ്ക്ക് ശേഷം ഇത്തരം കൽപനകൾ ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിർക്കണമെന്നും ആരുടെയും നിബന്ധനകൾക്ക് ഇന്ത്യ വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് തന്നെ എല്ലാ വർഷവും റഷ്യയിൽ നിന്ന് കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വളം ഇറക്കുമതി ചെയ്യുന്നുണ്ട്. യുറേനിയം ഹെക്‌സാഫ്ലൂറൈഡ്, കാറ്റലറ്റിക് കൺവെർട്ടറുകൾക്ക് ആവശ്യമായ പല്ലാഡിയം എന്നിവയും യുഎസ് റഷ്യയിൽ നിന്ന് വാങ്ങുന്നു. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ മാത്രം റഷ്യയിൽ നിന്നുള്ള യുഎസ് ഇറക്കുമതി 2.4 ബില്യൺ ഡോളറാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കൂടുതലാണെന്നും തരൂർ പറഞ്ഞു.
ഇന്ത്യയുടെ പണം യുക്രെയ്‌നിലെ റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും അമേരിക്കൻ ഡോളറുകൾ നൽകുന്നില്ലെന്നും ട്രംപിന് എങ്ങനെ വാദിക്കാൻ കഴിയുമെന്ന് ചോദിച്ച തരൂർ ഇത് തികഞ്ഞ കാപട്യമാണെന്നും വിമർശിച്ചു. വിഷയത്തിൽ അമേരിക്കയുമായി ഇരുന്ന് സംസാരിക്കേണ്ടിവരുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.