കാബൂള്‍: അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനമായ കാബൂളിൽ സ്‌ഫോടനം. ഏഴു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു ചൈനീസ് പൗരന്മാർക്ക് ഗുരുതര പരുക്കുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കാബൂളിലെ ഏറ്റവും സുരക്ഷിതമായി കണക്കാക്കപ്പെടുന്ന ഷഹ്‌റെ നാവ് എന്ന സ്ഥലത്തുള്ള ഹോട്ടലിലാണ് തിങ്കളാഴ്ച ഉച്ചയോടെ സ്‌ഫോടനം ഉണ്ടായത്.
സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരിൽനിന്ന് പ്രചോദനമുൾക്കൊണ്ട് അഫ്ഗാനിസ്ഥാനിൽ രൂപംകൊണ്ട ഇസ്‌ലാമിക് സ്‌റ്റേറ്റ് ഖൊറസാനാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. അഫ്ഗാനിസ്ഥാനിലുള്ള ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആസൂത്രിതമായി നടത്തിയ സ്ഫോടനമായിരുന്നുവെന്ന് താലിബാൻ അധികൃതർ പറഞ്ഞു. ചൈനീസ് പൗരന്മാർ അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അഫ്ഗാനിസ്ഥാനിലെ ചൈനീസ് എംബസി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സ്ഥിതി സങ്കീർണ്ണവും ഗുരുതരവുമായി തുടരുകയാണെന്ന് എംബസിയുടെ നോട്ടീസിൽ പറയുന്നു.
ഷഹ്‌റെ നാവ് എന്ന സ്ഥലത്തുള്ള ഒരു ചൈനീസ് റെസ്റ്റോറന്റിന് പുറത്താണ് സ്‌ഫോടനം നടന്നതെന്ന് കാബൂൾ പോലീസ് വക്താവ് ഖാലിദ് സദ്‌റാൻ അറിയിച്ചു. വിദേശികളുടെ താമസസ്ഥലവും നയതന്ത്ര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. അഫ്ഗാൻ തലസ്ഥാനത്തിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗങ്ങളിലൊന്നായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്.



