കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. 12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിക്കുന്നത്. സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്ക് ഉയർന്ന കട്ടിയുള്ള ചാരത്തിൻ്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചതായണ് വിവരം. ഇന്ത്യയിലും പുകമേഘങ്ങൾ എത്തി. മണിക്കൂറില്‍ 130 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചെങ്കടലും കടന്ന് പുക ആദ്യം പടിഞ്ഞാറന്‍ രാജസ്ഥാനിലെത്തിയത്. ജോധ്പൂര്‍ – ജെയ്‌സാല്‍മീര്‍ പ്രദേശത്ത് നിന്നും മണിക്കൂറില്‍ 120- 130 കിലോമീറ്റര്‍ വേഗതയിലാണ് വടക്കുകിഴക്കന്‍ പ്രദേശത്തേക്ക് സഞ്ചരിക്കുന്നത്. തലസ്ഥാനത്ത് പൊടിപടലം രൂക്ഷമായതോടെ വിമാനസർവീസുകള്‍ പലതും മുടങ്ങി. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പുകമേഘങ്ങൾ ഇന്ത്യ വിട്ടു ചൈനയുടെ പ്രദേശത്തേക്കാണ് സഞ്ചരിക്കുന്നത്.
ജനവാസമില്ലാത്ത മേഖലയിലുള്ള അഗ്നിപർവതമായതിനാൽ ആൾനാശമില്ല. എന്നാൽ അഗ്നിപർവതത്തിന്റെ പുകയും കരിയും കിലോമീറ്ററുകളോളം ഉയരത്തിലും ദൂരത്തിലും പരക്കുന്നതിനാൽ വിമാനസർവീസുകളെല്ലാം അവതാളത്തിലായിരിക്കുകയാണ്. എത്യോപ്യൻ വ്യോമമേഖലയെയും ഏഷ്യയിലെ വ്യോമഗതാഗതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ജിദ്ദ, ദുബായ് സര്‍വീസുകള്‍ അഗ്നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് റദ്ദാക്കി. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ മണിക്കൂറുകളായി വലഞ്ഞു. ദില്ലി , ജയ്പൂര്‍, അഹമ്മദാബാദ്, നെടുമ്പാശേരി, കോഴിക്കോട് അടക്കമുള്ള വിമാനത്താവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
അഗ്‌നിപർവ്വത ചാരം വിമാന എഞ്ചിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആകാശ എയർ, ഇൻഡിഗോ, കെ.എൽ.എം തുടങ്ങിയ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ച് വിടുകയോ ചെയ്‌തിരിക്കുകയാണ്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനുകൾക്ക് കരിമേഘ പടലങ്ങൾ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കാനും ഏറ്റവും പുതിയ അഡൈ്വസറികൾ അനുസരിച്ച് ഫ്ളൈറ്റ് പ്ലാനിങ്, റൂട്ടിങ്, ഇന്ധനത്തിന്റെ അളവ് എന്നിവയിൽ മാറ്റം വരുത്താനും നിർദേശം നൽകിയിട്ടുണ്ട്.
എൻജിൻ പ്രവർത്തനത്തിലെ അപാകതകളോ കാബിനിൽ പുകയോ ഗന്ധമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളിൽ അഗ്‌നിപർവ്വത ചാരത്തിൻ്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ റൺവേ, ടാക്സിവേ, അപ്രോൺ എന്നിവ ഉടൻ പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം വിമാന സർവീസുകൾ പുനരാരംഭിക്കുകയും വേണമെന്നാണ് നിർദേശിച്ചിട്ടുണ്ട്.



