Wednesday, April 8, 2026
Home » ആവേശം പെയ്‌തിറങ്ങി: കേരളം നിശബ്ദ പ്രചാരണത്തിലേയ്ക്ക്; വിധിയെഴുത്ത് നാളെ
ആവേശം പെയ്‌തിറങ്ങി: കേരളം നിശബ്ദ പ്രചാരണത്തിലേയ്ക്ക്; വിധിയെഴുത്ത് നാളെ

ആവേശം പെയ്‌തിറങ്ങി: കേരളം നിശബ്ദ പ്രചാരണത്തിലേയ്ക്ക്; വിധിയെഴുത്ത് നാളെ

by Editor
Send your news and Advertisements

തിരുവനന്തപുരം: മൂന്നാഴ്‌ച നീണ്ടുനിന്ന വാശിയേറിയ പരസ്യ പ്രചാരണത്തിന് സംസ്ഥാനത്ത് ആവേശകരമായ സമാപ്തി. ഇനി വോട്ടർമാരുടെ മനസ് തേടിയുള്ള നിശബ്ദ‌ പ്രചാരണത്തിൻ്റെ മണിക്കൂറുകളാണ്. നാടും നഗരവും രാഷ്ട്രീയ മുദ്രാവാക്യങ്ങളാൽ മുഖരിതമായ മണിക്കൂറുകൾക്കൊടുവിൽ ഇന്നലെ വൈകുന്നേരം ആറോടെയാണ് പരസ്യ പ്രചാരണത്തിന് തിരശീല വീണത്.

ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമായി മുന്നണികൾ കൊട്ടിക്കലാശം പൂരപ്പറമ്പാക്കി മാറ്റി. ഓരോ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളും പ്രവർത്തകരും അണിനിരന്ന റാലികൾ ശക്തി പ്രകടമായി മാറി. ആനയും വിവിധ കലാരൂപങ്ങളും തലസ്ഥാന ജില്ലയിലെ കലാശക്കൊട്ടില്‍ വ്യത്യസ്‌ത കാഴ്‌ചയായി. പാർട്ടി നിറങ്ങളില്‍ വർണ്ണം വിതറിയും വസ്ത്രങ്ങൾ ധരിച്ചും പ്രവർത്തകർ കളംപിടിച്ചു. ആകാശംമുട്ടുന്ന ആവേശമായിരുന്നു വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ പേരൂ‌‍ർ‍‌ക്കടയില്‍. കൊട്ടിക്കയറുന്ന ആവേശത്തിന് മൂര്‍ച്ച കൂട്ടി സ്ഥാനാർഥികളുടെ ഭീമന്‍ കട്ടൗട്ടുകളും ഉയ‌‌ർന്നു പറക്കുന്ന പതാകകളും പ്രത്യക്ഷപ്പെട്ടു.

പ്രഖ്യാപനം തൊട്ട് ഓരോ ദിവസം ചൂടേറിയ തിരഞ്ഞെടുപ്പ് ആവേശം, പ്രചാരണത്തിന്റെ അവസാനമണിക്കൂറുകളിൽ ഏറ്റവും പാരമ്യത്തിലെത്തി. അവസാനലാപ്പിൽ സ്ഥാനാർഥികളും അണികളും അത്യാവേശത്തിലായിരുന്നു. കൊടുംചൂടിനിടയിലാണ്, ഇരുപത്തി മൂന്ന് ദിവസം നീണ്ടുനിന്ന പ്രചാരണം കൊട്ടിക്കലാശിച്ചത്. വിവാദങ്ങളും ആരോപണങ്ങളും വാക്പോരും പ്രചാരണത്തിൽ നിറഞ്ഞു. കൊട്ടിക്കലാശ ദിവസവും ആരോപണങ്ങൾക്കും വിവാദങ്ങൾക്കും കുറവില്ലായിരുന്നു.

ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. വോട്ടേഴ്സിനെ നേരിൽ കണ്ട് പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാർഥികളും മുന്നണികളും. അടിയൊഴുക്കുകളും അട്ടിമറികളും തടയാനുള്ള ജാഗ്രതയും. പരസ്യ പ്രചാരണം അവസാനിച്ചതോടെ പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകർ മണ്ഡലം വിട്ടു പോകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് സംസ്ഥാനത്തുടനീളം ഒരുക്കിയിരിക്കുന്നത്. ഏകദേശം 2.71 കോടി വോട്ടർമാരാണ് ഇക്കുറി കേരളത്തിൻ്റെ വിധി നിർണയിക്കുന്നത്. നാളെ രാവിലെ മുതൽ വോട്ടെടുപ്പ് ആരംഭിക്കും. അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കണമെന്ന് ജനങ്ങൾ ഈ പോളിങ് ബൂത്തുകളിൽ തീരുമാനിക്കും.

Kerala Assembly Election Candidates >>

You may also like

error: Content is protected !!